മരിച്ചു ദിവസങ്ങള്‍ കഴിഞ്ഞ കുട്ടിയാനയുടെ അഴുകി തീരാറായ ശരീരവുമായ തുമ്പിക്കൈയ്യിലേറ്റി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന പിടിയാന ആരുടേയും ഹൃദയം തകര്‍ക്കും. ഒപ്പം മുതിര്‍ന്ന ആനകളുമുണ്ട്. വയനാട്ടിലെ കാഴ്ച പങ്കുവെച്ചുകൊണ്ട് മുനീര്‍ തോല്‍പ്പെട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ പോസ്റ്റ് കണ്ണുകളെ ഈറനണിയിക്കും.
പേറ്റുനോവ് മായാത്ത മുലപ്പാലിന്റെ നനവ് പൊടിയുന്ന മാറിടമുള്ള പിടിയാന. ഒപ്പും മറ്റൊരു പിടിയാനയും കുഞ്ഞുമുണ്ട്. അസുഖബാധിതനായ കുഞ്ഞിനേയും കൊണ്ട് റോഡ് മുറിച്ച് കടക്കാന്‍ കഴിയാത്തതിനാലാകും മുതിര്‍ന്ന ആനകള്‍ ഇത്ര അസ്വസ്തമാകുന്നതെന്ന് തോന്നി.. നിരന്തരം വാഹനങ്ങളെ ഓടിക്കുന്നതിനാല്‍ ആനകള്‍ നില്‍ക്കുന്നതിന് ഇരുവശവും വാഹനങ്ങളുടെ ചെറിയ തിരക്കും രൂപപ്പെട്ടതിനിടയിലേക്കാണ് ആ അമ്മ കുഞ്ഞിനേയും തുമ്പിയില്‍ തൂക്കിയെടുത്ത് റോട്ടിലേക്ക് കയറിയത്.
ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തോന്നി. മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ, അഴുകി വീഴുന്ന കുഞ്ഞിന്റെ ശരീരവും എടുത്ത് ഒരമ്മ…….ഒന്ന് പോകാന്‍ അനുവദിക്കണമെന്ന യാചന പോലെ കുഞ്ഞിനെ ഒന്ന് കൂടി ഉയര്‍ത്തി പിടിച്ച് ഇരുവശവും നിന്ന വാഹനങ്ങളുടെ നേരേ കാണിച്ച് ഒരു നിമിഷം അവളൊന്ന് നിന്നു. പിന്നെ പതിയെ അവര്‍ റോഡ് മുറിച്ച് കടന്ന് കാടിന്റെ മറവിലേക്ക്.
കൂട്ടത്തില്‍ നിന്ന് മരിച്ചു പോയ ആനയുടെ ബാക്കി വന്ന എല്ലിന് കഷണങ്ങള്‍ ഉപേക്ഷിച്ച് തീറ്റ തേടി അലയുമ്പോഴും പതിവു തെറ്റാതെ ഇടവേളകള്‍ താണ്ടി ആ വഴി തേടിയെത്തി ദ്രവിച്ച് തുടങ്ങുന്ന എല്ലിന് കഷണങ്ങള്‍ തലോടി കടന്നു പോകുന്ന ആനകളുടെ ആത്മബന്ധത്തെ കുറിച്ചുള്ള അനുഭവ പാഠങ്ങള്‍ അവരില്‍ ഗവേഷണം നടത്തുന്ന സുഹൃത്ത് പറയുമ്പോഴും ഉള്ള് പൊള്ളിച്ചത് ഇപ്പോള്‍ മാത്രമാണ്. കാരണം ഇപ്പോള്‍ പോയത് ഒരമ്മയാണ്.. നിലത്ത് വലിച്ചിഴയ്ക്കാതെ ഉയര്‍ത്തി പിടിച്ച് കൊണ്ട് പോയത് അഴുകി വീണ് തീരാറായ പേറ്റ് നോവിന്റെ ഭാരമാണ്. അവള് പറഞ്ഞത് മുഴുവന്‍ നമുക്ക് പങ്കുവെക്കുവാന്‍ അറിയാത്ത വിചിത്ര ഭാഷയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: