ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന്റെ കുതിപ്പ് തുടരുന്നു. നിലവിലെ ചാമ്പ്യന്‍ ലീ സീ ജിയയെ കീഴടക്കി ഫൈനലില്‍ പ്രവേശിച്ചു. സ്കോര്‍: 21-13, 12-21, 21-19.
ആദ്യ ഗെയിമിന്റെ തുടക്കം മുതല്‍ കടുത്ത പോരാട്ടമാണ് ഉണ്ടായത്. ആദ്യ പത്ത് പോയിന്റ് വരെ ഒപ്പത്തിനൊപ്പം. പിന്നീട് ഇന്ത്യന്‍ താരം കുതിക്കുകയായിരുന്നു. എതിര് താരത്തിന് അവസരം നല്‍കാതെ വിജയത്തിലേക്ക് നീങ്ങി. എന്നാല്‍ രണ്ടാം ഗെയിമില്‍ കളി മാറി. ലീ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി. കനത്ത സ്മാഷുകളുമായി സെന്നിനെ തകര്‍ത്തു. പലപ്പോഴും അനായാസം പോയിന്റ് നേടുകയായിരുന്നു ലീ. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ വിജയത്തിനായി ഇരു താരങ്ങളും ശ്രമിച്ചു. ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തില്‍ അവസാനം സെന്‍ വിജയിക്കുകയായിരുന്നു. 75 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെന്‍ വിജയം ഉറപ്പിച്ചത്. ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് സെന്‍. 21 വര്‍ഷം മുമ്പ് നിലവിലെ ദേശീയ പരിശീലകനായ പുല്ലേല ഗോപിചന്ദ് വിജയിച്ചിരുന്നു. ഇതിന് ശേഷം മറ്റൊരു ഇന്ത്യന്‍ താരത്തിന് വിജയിക്കാനായിട്ടില്ല. 2015ല്‍ സൈന നെഹ്വാളാണ് അവസാനമായി ഫൈനലിലെത്തിയ ഇന്ത്യന്‍ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: