ചെന്നൈ: മതപരിവര്‍ത്തന സമ്മര്‍ദ്ദം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി ലാവണ്യയുടെ കേസ് സിബിഐ അന്വേഷണം വരെ എത്തിച്ച ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്ക്ക് ‘ജഡത്തെ വെച്ച് രാഷ്ട്രീയം കളിക്കുന്നു’വെന്ന പരിഹാസവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ആണ് അണ്ണമലൈയ്ക്കെതിരെ പ്രസംഗിച്ചത്.
‘തമിഴ്നാട് എപ്പോഴും സമാധാനവും സമുദായ സൗഹാര്‍ദ്ദവും ഉള്ള സംസ്ഥാനമായിരുന്നു. പക്ഷെ ഇപ്പോള്‍ മൃതദേഹത്തെ വെച്ചുള്ള രാഷ്ട്രീയമാണ് നടക്കുന്നത്. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന് (ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ) ആത്മഹത്യ ചെയ്ത കുട്ടികളുടെ മരണത്തെ വെച്ച് വലിയ സാമൂഹ്യ സംഘര്‍ഷം സൃഷ്ടിക്കുകയാണ്. ഈ വിഷയങ്ങളെ ന്യൂനപക്ഷ സമുദായങ്ങളുമായി(ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍ ) എന്നിവരുമായി ബന്ധപ്പെടുത്തുന്നു. കുട്ടികളുടെ മരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പരത്തുകയും ചെയ്യുന്നു’- മാണിക്കം ടാഗോര്‍ അഭിപ്രായപ്പെട്ടു.
വാസ്തവത്തില്‍ ലാവണ്യ മതം മാറണമെന്ന് പള്ളി സ്കൂളിലെ അധികൃതര്‍ നിരന്തരം നിര്‍ബന്ധിച്ചതിന്റെ സമ്മര്‍ദ്ദത്താലാണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യം പള്ളി സ്കൂള്‍ അധികൃതര്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചിരുന്നു. പള്ളിയെ സംരക്ഷിക്കാന്‍ ഡിഎംകെ സര്‍ക്കാരും പൊലീസും ശ്രമം നടത്തിയിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കി ഈ ഗൂഢാലോചനയെ പൊളിച്ചത് അണ്ണാമലൈയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടമാണ്. തമിഴ്നാട് പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലാത്തതിനാല്‍ സിബി ഐക്ക് വിടണമെന്ന ബിജെപിയുടെയും ലാവണ്യയുടെ കുടുംബത്തിന്റെ യും ആവശ്യം സുപ്രീംകോടതി വരെ അംഗീകരിച്ചു. ഈ മതിപ്പുണര്ത്തിയ പോരാട്ടത്തെയാണ് കോണ്‍ഗ്രസിന്റെ മാണിക്കം ടാഗോര്‍ നിസ്സാരമാക്കിക്കണ്ട് പരിഹസിച്ചത്.
ഇതിനെതിരെ ഉടനെ അണ്ണാമലൈ തന്നെ മറുപടി കൊടുത്തു: ‘കോണ്‍ഗ്രസ് എംപി തമിഴ്നാട്ടിലെ ബിജെപിയെക്കുറിച്ചും എന്നെക്കുറിച്ചും പാര്‍ലമെന്റില്‍ പരാതി പറഞ്ഞത് തമാശയായി തോന്നുന്നു. കോണ്‍ഗ്രസിന് രാജ്യത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്പീക്കറോട് പരാതി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലപ്പെട്ട സമയം പാഴാക്കരുത്’- അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: