തൃശൂർ: പുരയിടത്തോട് ചേർന്ന സ്ഥലത്ത് വിഷരഹിതമായ രീതിയിൽ നടത്തുന്ന നാടൻ മത്സ്യ കൃഷിക്ക് പ്രചാരമേറുന്നു. എറവ് ആറാംകല്ല് സ്വദേശി മനയിൽ വീട്ടിൽ പ്രിയ പ്രസാദാണ് ബയോഫ്ലോക് രീതിയിൽ മത്സ്യ കൃഷി നടത്തി അതിജീവനത്തിന്റെ വേറിട്ട പാത തുറക്കുന്നത്.
കടൽ മത്സ്യങ്ങളെ ഭക്ഷിച്ചു ശീലിച്ച നാട്ടുകാർക്കിടയിൽ വീട്ടു പറമ്പിൽ കൃഷി ചെയ്ത വിഷരഹിതമായ നാടൻ മീനുകളെ നേരിട്ടു കണ്ടു വാങ്ങാനുള്ള അവസരവും, ഇത്തരം കൃഷിരീതിയിൽ താൽപ്പര്യമുള്ളവർക്ക് വേണ്ട നിർദേശങ്ങളും മീൻ വളർത്താൻ വേണ്ട സാങ്കേതിക സഹായങ്ങളും പ്രിയ ചെയ്തു വരുന്നുണ്ട്.
3 വർഷം മുൻപ് പുരയിടത്തിനോട് ചേർന്നുള്ള 10 സെന്റ് സ്ഥലത്താണ് ഇവർ ബയോഫ്ലോക് രീതിയിൽ മത്സ്യ കൃഷി തുടങ്ങുന്നത്. പിലോപ്പി, റെഡ് പിലോപ്പി, ആസാം വാള, വരാൽ, കടു, മുഷി, റൂഹു തുടങ്ങിയവയാണ് വളർത്തുന്നത്. വ്യതസ്ത അളവുകളിലുള്ള ടാങ്കുകളിൽ വെള്ളം നിറച്ച ശേഷം ബാക്ടീരിയകളെ 7 മുതൽ 11 ദിവസം കൊണ്ട് സൃഷ്ടിച്ചെടുത്ത ശേഷമാണ് മീനുകളെ നിക്ഷേപിക്കുന്നത്. മത്സ്യത്തിന്റെ വിസർജ്യങ്ങൾ ടാങ്കിലെ ബാക്ടീരിയ ഉപയോഗിച്ച് വീണ്ടും തീറ്റയായി മാറുന്ന പ്രക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്. 3 മുതൽ 6 മാസം വരെയെടുക്കും മീനുകൾ വലുതാകാൻ. കിലോക്ക് 150 മുതൽ 600 രൂപ വില വരെയുള്ള മീനുകളുണ്ട് ഇവിടെ.
മത്സ്യം നേരിട്ട് കണ്ട് വാങ്ങാനെത്തുന്നവർക്ക് മത്സ്യം നുറുക്കി വൃത്തിയാക്കിയും, മസാല പുരട്ടി റെഡി ടു ഫ്രൈ രീതിയിലും ഇവർ നൽകുന്നുണ്ട്. ഇത്തരം മത്സ്യകൃഷി രീതി താൽപര്യമുള്ളവർക്ക് വേണ്ട പ്രോത്സാഹനവും പ്രിയയും ഭർത്താവ് പ്രസാദും ചേർന്ന് നൽകി വരുന്നു. മകൻ ജിഷ്ണുവാണ് ഇരുവർക്കും സഹായിയായി കൂടെയുള്ളത്.
മത്സ്യം വളർത്താൻ ആനുകൂല്യങ്ങൾ
പ്രിയയുടെ കൃഷിയിടത്തിലെ 4 മീറ്റർ വട്ടത്തിലുള്ള 7 ടാങ്കുകൾ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജ്നയുടെ ആനുകൂല്യത്തോടെ നിർമ്മിച്ചവയാണ്. ടാങ്കുകൾക്കും, മീൻ, തീറ്റ തുടങ്ങിയവയെല്ലാം കൂടി 7.5 ലക്ഷം രൂപയാണ് ചിലവ് വന്നത്. ഇതിൽ 40% സബ്സിഡി കേന്ദ്ര ഗവൺമെന്റ് നൽകി.
5 മീറ്റർ വരുന്ന മറ്റൊരു ടാങ്കിനും മീനിനും മറ്റുമായി 1,32,000 രൂപയായിരുന്നു ചിലവ്. ഇതിലും ഫിഷറീസ് വകുപ്പിന്റെയും പഞ്ചായത്തിന്റെയും സബ്സിഡി ചേർത്ത് ആകെ 40% സബ്സിഡിയും ലഭിച്ചു. ഇത്തരത്തിൽ വളർത്തുന്ന മീനുകൾക്ക് ഇതു വരെ രോഗലക്ഷണങ്ങളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: