തൃശൂര്‍ : കൊച്ചി മെട്രോ നിര്‍മാണത്തില്‍ പിശക് സംഭവിച്ചിട്ടുണ്ട്. പില്ലര്‍ നിര്‍മാണത്തിലുണ്ടായ വീഴ്ച വന്നത് എങ്ങെയെന്ന് അറിയില്ല. ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ഡിഎംആര്‍സി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഇ. ശ്രീധരന്‍ അറിയിച്ചു. മെട്രോ പില്ലറിന് ബലക്ഷയം സംഭവിച്ചതില്‍ വിശദമായ പഠനം നടത്തേണ്ടത് ആവശ്യമാണ്. ഡിഎംആര്‍സി നടപടി കൈക്കൊള്ളുമെന്നും ശ്രീധരന്‍ പറഞ്ഞു.
ഒരു മാസം മുമ്പാണ് കൊച്ചി പത്തടിപ്പാലത്തിലെ 347ാം പില്ലറിന് ബലക്ഷയം കണ്ടെത്തിയത്. മെട്രോ ട്രാക്കിന്റെ അലൈന്‍മെന്റില്‍ അകല്‍ച്ച സംഭവിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് തൂണിന്റെ ബലക്ഷയം ശ്രദ്ധയില്‍ പെടുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ഈ തൂണിന് മുകളിലൂടെയുള്ള മെട്രോ സര്‍വീസ് കുറച്ചിരിക്കുകയാണ്. പൈലിങ് പാറ നിരപ്പില്‍ എത്താത്തതാണ് മെട്രോ പില്ലറിന്റെ ബലക്ഷയത്തിന് ഇടയാക്കിയതെന്നാണ് പഠന റിപ്പോര്‍ട്ട്. തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്‌നിക്കല്‍ പഠനത്തില്‍ പറയുന്നുണ്ട്.
തൂണിന്റെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്. 10 മീറ്ററിലധികം കുഴിച്ചാല്‍ മാത്രമേ ഇവിടെ പാറ കാണാനാകൂ. പാറയും തുരന്ന് വേണം പൈലിന്റെ അടിത്തറ ഉറപ്പിക്കാന്‍. നിലവിലെ പൈലിംഗും പാറയും തമ്മില്‍ ഒരു മീറ്ററോളം അകല്‍ച്ചയുണ്ടെന്ന് ജിയോ ടെക്‌നിക്കല്‍ പഠനത്തില്‍ കണ്ടെത്തി. ഇതാണ് തൂണിന്റെ ബലക്ഷയത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെഎംആര്‍എല്‍ തയ്യാറായിട്ടില്ല. എന്നാല്‍ തൂണിന്റെ അടിത്തറ ബലപ്പെടുത്ത ജോലികള്‍ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെഎംഎആല്‍എല്‍ അറിയിച്ചു.ഡിഎംആര്‍സി, എല്‍ആന്‍ഡ്ടി, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നിര്‍മാണം. എല്‍ആന്‍ഡ്ടിയിക്കായിരിക്കും നിര്‍മ്മാണ ചുമതല.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തിന് ഗുണകരമാവില്ല. ഏറെ മോശമായ പദ്ധതിയാണെന്നും ഇ ശ്രീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. സില്‍വര്‍ ലൈനിനായി തീര്‍ക്കുന്ന അതിരും മതിലും കേരളത്തെ പിളര്‍ക്കും. മതിലുകള്‍ നദികളുടെ നീരൊഴുക്ക് കുറയ്‌ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ല. പദ്ധതി രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കും. പണം ലഭിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതും വ്യക്തതയില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല. പരിസ്ഥിതി നാശവും കുടിയിറക്കലും ഉണ്ടാകുമെന്നും ഇ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ കെ റയില്‍ വിരുദ്ധ യാത്ര കുന്ദംകുളത്ത് ഉദ്ഘാടനം ചെയ്യുകയയിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: