ന്യൂദല്‍ഹി: കേരളത്തിലെ പ്രധാനപ്പെട്ട വനവാസി ഊരുകള്‍ ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന് അടിയന്തരമായി സന്ദര്‍ശിക്കണമെന്ന് സുരേഷ് ഗോപി എംപി. കേരളത്തിലെ വനവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും സര്‍വ്വേ നടത്തണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ വനവാസികളുടെ അവസ്ഥയെന്നും രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സുരേഷ് ഗോപി എംപി അറിയിച്ചു. എംപിയുടെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിലടക്കം തരംഗമായി മാറി.
കഴിഞ്ഞദിവസം വയനാട് ജില്ലയിലെ വനവാസി ഊരുകള്‍ സന്ദര്‍ശിക്കുകയും അവിടെ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നതായി സുരേഷ് ഗോപി എംപി പറഞ്ഞു. അവരുടെ അവസ്ഥ നേരില്‍ കണ്ടു. വീട്, കുടിവെള്ളം എന്നിവ കിട്ടാത്ത അവസ്ഥയാണ്. പുല്‍പ്പള്ളിയിലെ കൊളത്തൂര്‍ കോളനിയില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. കയ്യില്‍ നിന്ന് പണം നല്കി മോട്ടോര്‍ സ്ഥാപിച്ച് വെള്ളം എത്തിച്ച് രാത്രി തന്നെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പന്ത്രണ്ട് വര്‍ഷം മുമ്പ് അവിടുത്തെ വനവാസികളെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിതാമസിപ്പിച്ചിരുന്നെങ്കിലും അവര്‍ താമസിക്കുന്ന കുടിലുകളില്‍ മഴപെയ്താല്‍ വെള്ളം പുറത്തുപോവാത്ത അവസ്ഥയാണെന്ന് എല്‍ഡിഎഫ് എംപിയായ എം.വി. ശ്രേയാംസ്കുമാറിന്റെ ചാനലില്‍ തന്നെ കഴിഞ്ഞ ദിവസം വാര്‍ത്ത സംപ്രേക്ഷണം ചെയ്തിരുന്നു.
വനവാസി വിഭാഗങ്ങള്‍ക്കായി അനുവദിക്കുന്ന തുക കൃത്യമായി ലഭിക്കുന്നില്ലെന്നാണ് സിപിഎം എംപിയായ സോമപ്രസാദ് പറയുന്നത്. എന്നാല്‍ താന്‍ എംപി ഫണ്ടില്‍ നിന്ന് ഇടമലക്കുടിയിലെ കുടിവെള്ള പദ്ധതിക്കായി പണം അനുവദിച്ചിരുന്നെങ്കിലും അതു ഉപയോഗിക്കാനാകാതെ ലാപ്സ് ആവുകയായിരുന്നു. പിന്നീട് കയ്യില്‍ നിന്ന് പണം മുടക്കി കുടിവെള്ളം എത്തിക്കുകയാണുണ്ടായത്.
വയനാട് ജില്ലയെ ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റുകളുടെ എംപാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പട്ടികയില്‍ നിന്ന് നീക്കണമെന്ന് കേരള ചീഫ് സെക്രട്ടറി ആവശ്യപ്പെടുകയാണുണ്ടായത്. വനവാസി ആയുര്‍വേദ ചികിത്സകരെ ചികിത്സിക്കാന്‍ അനുവദിക്കണം. വനവാസികളെ കൃഷി ചെയ്യാന്‍ അനുവദിക്കുന്നതിന് പകരം റേഷന്‍ അനുവദിക്കുകയാണ്, ഇത് മാറണം. വനവാസികള്‍ക്കിടയില്‍ ശിശുമരണനിരക്ക് കൂടുകകയാണ്. കണ്ണൂര്‍ ആറളം, തൃശ്ശൂര്‍ പീച്ചി, ചാലക്കുടി പെരിങ്ങല്‍കൂത്ത് എന്നീ വനവാസി ഊരുകളിലെ അവസ്ഥയും വ്യത്യസ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: