ന്യൂദല്‍ഹി: കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പിട്ടേക്കും. 35 ലക്ഷം ബാരല്‍ അസംസ്കൃത എണ്ണ റഷ്യയില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് റഷ്യ 27 ശതമാനം വില കുറച്ച് എണ്ണ നല്‍കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
കൊവിഡ് പ്രതിസന്ധി സമയത്തു തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലേക്ക് അടുക്കുന്നത്. എണ്ണയുത്പാദനം കൂട്ടണമെന്നും അങ്ങനെ വില പിടിച്ചുനിര്‍ത്തണമെന്നും ഇന്ത്യ കൊവിഡ്കാലത്ത് ഒപെക് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചെങ്കിലും ആരും അതിന് തയ്യാറായിരുന്നില്ല. അപ്പോഴാണ്, ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങാന്‍ റഷ്യയുമായി ചര്‍ച്ച തുടങ്ങിയത്.
എണ്ണ കപ്പലില്‍ കൊണ്ടുവരുന്നതിന്റെയും അതിനു വരുന്ന ഇന്‍ഷുറന്‍സിന്റെയും കാര്യങ്ങള്‍ റഷ്യ ഏറ്റെടുക്കും. ഇതോടെ റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണ ഇന്ത്യയിലെത്തിക്കുകയെന്ന കമ്പനികള്‍ നേരിടുന്ന വെല്ലുവിളിക്ക് പരിഹാരമാകും. കരാറായാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എണ്ണ ഇന്ത്യയിലെത്തും. കൂടുതല്‍ എണ്ണ വാങ്ങുന്നതും പിന്നീട് ചര്‍ച്ച ചെയ്യും.
പണം എങ്ങനെ നല്കുമെന്നതില് അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യക്ക് വേണ്ട എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2021 ഏപ്രിലിനും ഈ ജനുവരിക്കും ഇടയ്ക്ക് 1760 ലക്ഷം ടണ്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതില്‍ രണ്ടു ശതമാനം മാത്രമായിരുന്നു റഷ്യയില്‍ നിന്നുള്ളത്. എണ്ണ കടത്തുന്നതിലുള്ള ബുദ്ധിമുട്ടാണ് ഇതിനു കാരണം.
യൂറള്, സോകോള് എന്നിവിടങ്ങളില്‍ നിന്ന് ക്രൂഡ് ഓയിലാണ് റഷ്യ കയറ്റുമതി ചെയ്യുന്നത്. യൂറളില് നിന്നുള്ള എണ്ണ നോവോറോസിക് തുറമുഖത്തു നിന്ന് കരിങ്കടല്‍ വഴിയാണ് കൊണ്ടുവരേണ്ടത്. വളരെ ദൈര്‍ഘ്യമുള്ള കപ്പല്പ്പാതയാണത്. കടത്തുകൂലി വളരെക്കൂടും. ഉക്രൈന് യുദ്ധം കാരണം ഇന്‍ഷ്വുറന്‍സ് ചെലവും കൂടി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ യുഎസിന് കടുത്ത അതൃപ്തിയുണ്ട്. ഇന്ത്യ അത് ഗൗനിച്ചിട്ടില്ല. ഉപരോധങ്ങള്‍ ഇന്ത്യ ലംഘിക്കുന്നില്ലെങ്കിലും ചരിത്രത്തിലെ തെറ്റായ ഭാഗത്താകുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജന്‍ സാകി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: