കൊച്ചി: സ്വകാര്യ ബസുകളില്‍ സര്‍ക്കാര്‍ നിരോധിച്ച മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുള്ള ദൃശ്യ ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പിന് കീഴില്‍ സംസ്ഥാനത്തുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍മാര്‍, എന്‍ഫോഴ്സ്മെന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. 2021 ഡിസംബര്‍ 18 മുതല്‍ 22 വരെ സ്വകാര്യ ബസുകളില്‍ അനധികൃതമായി മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് പരിശോധിക്കാന്‍ ഒരു സ്പെഷല്‍ ഡ്രൈവ് നടത്തി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നു ദിവസത്തിനിടയില്‍ 715 വാഹനങ്ങള്‍ പരിശോധിച്ച് 2,02,750 രൂപ പിഴയിട്ടു. പിഴ ഈടാക്കിയ ബസുകളിലെ അനധികൃത മ്യൂസിക് സിസ്റ്റം അഴിച്ചുമാറ്റി. അനധികൃത നിയമ ലംഘനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: