കൂത്താട്ടുകുളം : ലൈസന്‍സ് പുതുക്കി നല്കാന് ലോഡ്ജ് ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. കൂത്താട്ടുകുളം നഗരസഭ അസിസ്റ്റന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഡി.എസ്. ബിജുവാണ് പിടിയിലായത്. ലോഡ്ജ് ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി കൂത്താട്ടുകുളം ഹൈസ്കൂള്‍ റോഡിലെ വാടകമുറിയില്‍ നിന്നാണ് വിജിലന്‍സ് സംഘം ഇയാളം പിടികൂടുകയായിരുന്നു.
ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്കെതിരെ കൂത്താട്ടുകുളം നഗരസഭ നടപടി എടുത്തിരുന്നു. ഇതില്‍ ആരോഗ്യവിഭാഗം ചുമത്തിയ പിഴയില്‍ ചില അന്തരങ്ങള്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ലോഡ്ജിന്റെ മാലിന്യം പുറത്തേയ്ക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് 25,000 രൂപ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇതേ ആരോപണത്തില്‍ മറ്റുള്ളവരില്‍ നിന്നും 10,000 രൂപയാണ് ഫൈന്‍ ഈടാക്കിയത്.
പണം നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും, ജയില്‍ ശിക്ഷ വാങ്ങി നല്‍കുമെന്നും ഇയാള്‍ ലോഡ്ജ് ഉടമയെ അറിയിക്കുകയായിരുന്നു. നടപടി ഒഴിവാക്കാന്‍ ഉടമയെ താമസസ്ഥലത്ത് വിളിച്ചുവരുത്തി 1.5 ലക്ഷം കൈക്കൂലിയും ആവശ്യപ്പെട്ടു. തുക ഒരുമിച്ചു തരാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞ ഉടമയോട് പകുതി തുകയുമായി എത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നല്കി.
സംഭവത്തില്‍ വിജിലന്‍സില്‍ പരാതി നല്കിയ ലോഡ്ജ് ഉടമ അവര്‍ നല്കിയ കറന്‍സി നോട്ടുകളുമായി എത്തി തുക കൈമാറുകയായിരുന്നു. വെളിയില്‍ കാത്തുനിന്ന വിജിലന്‍സ് സംഘം താമസസ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ബിജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: