ബെയ്ജിങ്: ചൈന വീണ്ടും കോവിഡ് ഭീതിയില്‍. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനാല്‍ ചൈനയിലെ ഷെന്‍സെന്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് നഗരത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
ചൈനയില്‍ പ്രതിദിന രോഗികളുടെ എണ്ണം 3,400 ആയി ഉയര്‍ന്ന സാഹചര്യത്തിലാണിത്. നിലവില്‍ മാര്‍ച്ച് 20 വരെയാണ് ലോക്ഡൗണ്‍. ചൈനയിലെ ടെക് ഹബ്ബ് ആയി വിശേഷിപ്പിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഷെന്‍സെന്‍. ഇവിടത്തെ 1.7 കോടിയോളം വരുന്ന ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ജനങ്ങളോട് മൂന്നുതവണ കോവിഡ് പരിശോധന നടത്താനും അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഷാങ്ഹായ് അടക്കം പല വടക്കുകിഴക്കന്‍ നഗരങ്ങളിലും സ്കൂളുകള്‍ പൂട്ടുകയും 18 പ്രവിശ്യകളില്‍ വിവിധതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്
ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിലധികം വരും ഇത്. ചൈനയുടെ ‘സീറോ-കോവിഡ്’ യജ്ഞത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒമിക്രോണ്‍ വ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: