പാലാ: ഒരു കാലത്ത് പ്രതാപത്തിന്റെ നെറുകയിലായിരുന്ന പാലാ കെഎസ്ആര്‍ടിസി ഡിപ്പോ ഇന്ന് പരിമിതികള്‍ക്ക് നടുവില്‍. മധ്യകേരളത്തില്‍ നിന്ന് ആദ്യമായി കുടിയേറ്റ മേഖലയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച ഡിപ്പോയില്‍ ഇപ്പോള്‍ നാമമാത്രമായ സര്‍വീസുകളുമായാണ് പ്രവര്‍ത്തിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ മോഡല്‍ ഡിപ്പോ, ഏറ്റവും കുടുതല്‍ സൂപ്പര്‍ ക്ലാസ് ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്ള ഡിപ്പോ, 101 ബസുകളുമായി പ്രവര്‍ത്തനം ആരംഭിച്ച ഡിപ്പോ തുടങ്ങി പാലായ്ക്ക് അവകാശപ്പെട്ടിരുന്ന നേട്ടങ്ങള്‍ പലതും വിസ്മൃതിയിലായിരിക്കുന്നു. 54 ഷെഡ്യൂളുകളുകളായി ഡിപ്പോ ചുരുങ്ങി.
ഏതാനും വര്‍ഷം മുന്‍പ് വരെ 96 ഷെഡ്യൂള്‍ വരെ സര്‍വ്വീസ് നടത്തിയിരുന്നു. 104 ബസുകള്‍ വരെ ഉണ്ടായിരുന്നു. മലബാറിലെ കുടിയേറ്റ മേഖലകളിലേക്ക് ആദ്യം കടന്നു ചെന്നതും പാലായില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകളായിരുന്നു. പിന്നീട് പാലാക്കാര് എവിടെ ഉണ്ടോ അവിടെയെല്ലാം പാലായുടെ ബസ് എത്തുന്നത് പാലാക്കാര്‍ക്ക് അഭിമാനമായി. കൊവിഡിനു ശേഷം ഗ്രാമീണ സര്‍വ്വീസുകള്‍ ഇല്ലാതായി. പല റൂട്ടിലും ബസ് സര്‍വ്വീസുകള്‍ പോലും ഇല്ലാതായി.
യാത്രാച്ചെലവ് ഏറി
വെളുപ്പിന് മുന്നു മണിക്ക് കണ്ണൂര്‍ സര്‍വ്വീസ് ആരംഭിക്കും. 10 മണി വരെ കൃത്യമായ ഇടവേളകളില്‍ സര്‍വ്വീസ്. രാത്രി 12 നും തിരുവനന്തപുരത്തേക്ക് പാലായില്‍ നിന്ന് യാത്ര ചെയ്യാം. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍, പാലക്കാട്, കോഴിക്കോട് ഉള്‍പ്പെടെ എല്ലാ പ്രധാന ജില്ലാതല സ്ഥാനത്തും രാവിലെ 10 നകം എത്തിച്ചേരുന്ന തരത്തിലായിരുന്നു സര്‍വീസുകള്‍. പാലാ- പഞ്ചിക്കല്‍, പാലാ-മംഗലംഡാം – ഒലിപ്പാറ, പാലാ-മണ്ണാര്‍ക്കാട് എന്നീ ജനപ്രിയ സര്‍വ്വീസുകള്‍ ഇല്ലാതായി. സര്‍വ്വീസുകള്‍ നിലനിര്‍ത്തുവാന്‍ പാസഞ്ചേഴ്സ് അസോസിയേഷനും, ഫാന്‍സ് കൂട്ടായ്മകളും ഇവിടെ കട്ടയ്ക്ക് ഒപ്പം ഓടുന്നുണ്ട്.
നിന്നുപോയ സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ബസുകളുടെ കുറവാണ് ഡിപ്പോ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് കാലത്ത് നിരവധി ബസുകള്‍ കണ്ടം ചെയ്യാന്‍ മാറ്റി. ഓര്‍ഡിനറി സര്‍വ്വീസുകള്‍ക്ക് വേണ്ട ബസുകള്‍ പകരം വന്നില്ല.
കൂടുതല്‍ ബസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളുമായി ചേര്‍ന്ന് ഗ്രാമീണ സര്‍വ്വീസുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നു. ബസും ഡ്രൈവറെയും അനുവദിക്കും, സര്‍വ്വീസ് അവശ്യമുള്ള പഞ്ചായത്തുകള്‍ മറ്റ് ചെലവുകള്‍ വഹിക്കണം. ഇത് അംഗീകരിച്ച് ആരും എത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പുതിയ കെട്ടിടം കാട് കയറി നശിക്കുന്നു
കെഎസ്ആര്‍ടിസി പാലാ ഡിപ്പോയുടെ പുതിയ കെട്ടിടത്തിന്റെ മുന്‍വശം കാട് കയറി നശിക്കുന്നു. വൃത്തിയാക്കുകയാണെങ്കില്‍ ഇവിടെ ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ വളരെ സൗകര്യം ലഭിക്കും. ഇപ്പോള്‍ പല ബസ്സുകളും പാതയോരങ്ങളിലാണ് വിശ്രമിക്കുന്നത്.
അധികൃതരുടെ അനാസ്ഥകൊണ്ടാണ് ഒരേക്കറോളം സ്ഥലം കാട് കയറി കിടക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. പല സംഘടനകളും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ചോര്‍ന്നൊലിക്കുന്ന വിശ്രമ കേന്ദ്രം
ജീവനക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും മതിയായ സംവിധാനം ഇല്ല. ചോര്‍ന്നൊലിക്കുന്നതും തകരാറായതുമായ കെട്ടിടത്തിലാണ് വിശ്രമിക്കുന്നത്. ഇവിടെ ഒരു മുറിയില്‍ കഷ്ടിച്ച് രണ്ട് പേര്‍ക്ക് കിടക്കാനുള്ള സൗകര്യമേ ഉള്ളു. വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം വണ്ടികളില്‍ ഇരുന്ന് കഴിക്കേണ്ട അവസ്ഥയാണ്. ഇഴജന്തുക്കളുടെയും കൊതുകിന്റെയും ശല്യം രൂക്ഷമാണ്. ശൗചാലയങ്ങളാകട്ടെ പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലും.
ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന കോംപ്ലക്സിന്റെ രണ്ട് നിലകളെങ്കിലും പൂര്‍ത്തീകരിച്ചാല്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കുന്നതിനും യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാധമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമുള്ള സൗകര്യമൊരുക്കാന്‍ കഴിയും. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും നിര്‍മാണ ഉടന്‍ പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മാണി സി.കാപ്പന് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: