തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലി(സാര്‍ക്) നായി റവന്യൂ വകുപ്പ് കൈമാറിയ ഭൂമി ജില്ലാ വികസന കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന് സന്ദര്‍ശിച്ചു. റവന്യു വകുപ്പിന്റെ അധീനതയിലുള്ള 43.24 സെന്റ് സര്‍ക്കാര്‍ പുറം പോക്ക് ഭൂമിയാണ് ഗവണ്മെന്റ് വിട്ട് നല്‍കിയത്.
തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപമായാണ് ഭൂമി. സ്പോര്‍ട്സ് വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളോടെ പ്രത്യേക കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ വികസന കമ്മീഷണറുടെ സന്ദര്‍ശനം. ഭൂമി ലഭ്യമായതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് ആലോചന. കെട്ടിടം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തീകരിക്കുന്നതോടെ കായിക താരങ്ങള്‍ക്കായുള്ള കേരളത്തിലെ രണ്ടാമത്തെ സ്പോര്‍ട്സ് ആശുപത്രിയാകും ഇത്.
തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ 2009-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയിലെ സ്കൂള്‍ കോളേജ് കായിക താരങ്ങള്‍ക്ക് പുറമേ സംസ്ഥാന- ദേശീയ- അന്തര്‍ദേശീയ കായിക താരങ്ങള്‍ വരെ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്.
റിസര്‍ച്ച് സെല്‍ ആരംഭിച്ചതിനുശേഷം 385 അന്തര്‍ദേശീയ താരങ്ങള്‍ക്കും, 1960 ദേശീയ താരങ്ങള്‍ക്കും സേവനം ലഭ്യമാക്കാനായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രതിവര്‍ഷം 5000 ല്‍ അധികം കായികതാരങ്ങള്‍ക്ക് ഇവിടെ നിന്നും ചികിത്സ നല്കി വരുന്നുണ്ട്. താരങ്ങളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി പഞ്ചകര്‍മ്മ ചികിത്സ, മര്‍മ്മ ചികിത്സ, ഞവരക്കിഴി, പിഴിച്ചില്‍, ധാര തുടങ്ങിയവയും രസായന ഔഷധങ്ങളും ഉള്‍പ്പെടുത്തിയുള്ള ചികിത്സയും ഇവിടെ നിന്നും നല്കിവരുന്നു.
ജില്ലയിലെ കായിക താരങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും കായിക മേളകളോടനുബന്ധിച്ച് പ്രാഥമിക ശുശ്രൂഷ, മോട്ടിവേഷണല്‍ ട്രെയിനിങ് എന്നിവയും നല്കിവരുന്നു. ഇപ്പോള്‍ ലഭ്യമായ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പോര്‍ട്സ് ആയുര്‍വേദ വിഭാഗം തുടങ്ങുന്നതിലേക്കായി ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അര്ജുന് പാണ്ഡ്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: