കൊല്ലം: കാരാഗൃഹത്തില്‍ കഠിനമായ മര്‍ദനമുറകള്‍ക്ക് ഇരയായവര്‍ക്ക് 47 വര്‍ഷങ്ങള്‍ക്കിപ്പുറം ഹൃദയപൂര്‍വം ആദരവ്. ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അടല്‍ജി ഫൗണ്ടേഷനാണ് ആദരവ് നല്‍കിയത്. പുതിയ തലമുറയ്ക്ക് അടിയന്തിരാവസ്ഥയെ പൂര്‍ണമായി മനസിലാക്കാന്‍ ഇത് പാഠഭാഗമാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് ആവശ്യപ്പെട്ടു. അടല്‍ജി ഫൗണ്ടേഷന് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും ജനാധിപത്യം തിരിച്ചുവരില്ലെന്ന് കരുതിയ നാളുകളായിരുന്നു അത്. ജനാധിപത്യവാദികളായ ആയിരങ്ങളെയാണ് കേരളത്തിലെ കരുണാകരന്പോലീസ് അന്ന് മൃഗീയമായ മര്‍ദനമുറകള്‍ക്ക് ഇരയാക്കിയത്. കണ്ണീരോടെയല്ലാതെ ആ കാലഘട്ടത്തെ അനുഭവസ്ഥര്ക്ക് ഓര്‍ക്കാനാവില്ല. വിസ്മരിക്കപ്പെടേണ്ടവരല്ല അടിയന്തിരാവസ്ഥ പോരാളികളെന്നും അദ്ദേഹം പറഞ്ഞു.
അതിശക്തരുടെ അനീതിക്കെതിരെ സന്ധിയില്ലാസമരത്തിന് പൂര്‍വികര്‍ തയ്യാറായതിന്റെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പ്രതിഷേധത്തിന്റെ വ്യതിരിക്തമായ ശബ്ദമാണ് അടിയന്തിരാവസ്ഥ പോരാളികളില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന് പ്രസിഡന്റ് കെ. ശിവദാസന്‍ അധ്യക്ഷനായി. എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. മോഹന്‍ അടിയന്തിരാവസ്ഥകാലത്തെ അനുഭവങ്ങളുടെ ലഘുവിവരണം നടത്തി. ബിജെപി മുന്‍ സംസ്ഥാനവക്താവ് എം.എസ്. കുമാര്‍, ആര്. രാധാകൃഷ്ണന്, ഫൗണ്ടഷന് സെക്രട്ടറി എംഎസ് ശ്യാംകുമാര്‍, ബി. സജന്‍ലാല്‍, എം.വി. സോമയാജി, ടി.എന്‍. രമേശ്, ഡോ. പട്ടത്താനം രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: