മാവേലിക്കര: ജീവനക്കാരെ സ്ഥലം മാറ്റിയും സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചും പുതിയ ബസ് അനുവദിക്കാതെയും മാവേലിക്കര ഡിപ്പോയെ തരംതാഴ്ത്തി ഓപ്പറേറ്റിങ്ങ് സെന്ററാക്കാന്‍ നീക്കം. കോവിഡ് കാലത്ത് നിര്‍ത്തി വെച്ചിരുന്ന സര്‍വീസുകള്‍ പലതും ഇപ്പോഴും പുനരാരംഭിച്ചിട്ടില്ലായെന്നു മാത്രമല്ല മറ്റ് പല ഷെഡ്യൂളുകളും നിര്‍ത്തലാക്കുകയും ചെയ്തു. ദീര്‍ഘദൂര സര്‍വ്വീസുകളായ സുല്‍ത്താന്‍ ബത്തേരി, ഗുരുവായൂര്‍, അഞ്ചു മണിക്കുള്ള തിരുവനന്തപുരം എന്നീ സര്‍വീസുകള്‍ നിര്‍ത്തലാക്കിയവയില്‍ പെടുന്നു. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുവാന്‍ യോഗ്യമായ ബസുകള്‍ ഇല്ലാത്തതാണ് കാരണം.
നിലവിലുണ്ടായിരുന്ന ഡബിള്‍ ഡ്യൂട്ടി സംവിധാനം കോവിഡാനന്തരം നിര്‍ത്തലാക്കുകയും പകരം തുടര്‍ച്ചയായി 12 മണിക്കൂര്‍ ജോലിയെന്ന വ്യവസ്ഥ വരികയും ചെയ്തത് മാവേലിക്കര ഡിപ്പോയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇതു മൂലം വൈകിട്ട് ഏഴിന് ശേഷമുള്ള തിരുവല്ല , കായംകുളം, ഹരിപ്പാട് ഭാഗങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ച് മാവേലിക്കരക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയാണ്. ഇത് സന്ധ്യകഴിഞ്ഞുള്ള യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. ദേശീയപാതക്കും എംസി റോഡിനും മദ്ധ്യേസ്ഥിതി ചെയ്യുന്ന മാവേലിക്കര നിവാസികള്‍ക്ക് രാത്രി ഏഴുമണിക്കു ശേഷം യാത്രക്ക് ഓട്ടോറിക്ഷ, ടാക്സി എന്നിവയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ബസ് സ്റ്റേഷനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പും നിര്‍ത്തലാക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വര്‍ക്ക് ഷോപ് ജീവനക്കാരുടെയും എണ്ണം കുറച്ചു കൊണ്ടുവരുന്നു. പല ജീവനക്കാരെയും മാവേലിക്കര റീജിയണല്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇതിനോടകം സ്ഥലം മാറ്റിയിട്ടുണ്ട്. ഇതിനിടെ ഡിപ്പോയുടെ പകുതി സ്ഥലം പെട്രോള്‍ പമ്പു തുടങ്ങാനായി വിട്ടുകൊടുത്തത് വലിയ അസൗകര്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: