പ്രൊഫ. ഡി. അരവിന്ദാക്ഷന്
കേരളത്തിലെ സാമ്പത്തിക മുരടിപ്പിന്റെ നേര്‍സാക്ഷ്യപത്രമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച 2022-23 ലേക്കുള്ള ബജറ്റ്. മുന്‍ വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ബജറ്റിന് മുന്‍പേ അവതരിപ്പിക്കുന്ന കീഴ്വഴക്കം ലംഘിച്ച് ബജറ്റിനോടൊപ്പമാണ് അവതരിപ്പിച്ചത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നത് 2019-20 ല്‍ തന്നെ സംസ്ഥാനം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയെന്നാണ്. 2020 മാര്‍ച്ച് 22 നാണ് കൊവിഡ് മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത.് 2020-21 ല്‍ സാമ്പത്തിക മുരടിപ്പ് 9.2 ആയി ചുരുങ്ങി. ദേശീയതലത്തില്‍ ഈ കാലയളവില്‍ സമ്പദ്ഘടന 7.2 ആയിട്ടാണ് ചുരുങ്ങിയത്. കേരളത്തില്‍ ഇതിനേക്കാള്‍ രണ്ട് ശതമാനം അധികം ആഘാതം സംഭവിച്ചത് നയ വൈകല്യങ്ങളുടെ ഭാഗമാണ്. ബജറ്റ് ചെലവിന്റെ സിംഹഭാഗവും ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കായി ചെലവഴിക്കുകയും വര്‍ഷങ്ങളായി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഉത്പാദദന മേഖല ശക്തമല്ലാത്തതിനാല് ജിഎസ്ടി വരുമാനം താരതമ്യേന കുറഞ്ഞു.
2021-22 ല്‍ 1,57,000 കോടി ചെലവും 1,34,000 കോടി വരവും 23,000 കോടി കമ്മിയുമാണ്. 1,74,000 കോടി വരവും 39,173 കോടി കമ്മിയും വിഭാവനം ചെയ്യുന്ന ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. ഇതില്‍ ശമ്പളം, പെന്ഷന്, പലിശ, ഭരണച്ചെലവ് തുടങ്ങിയ പദ്ധതി ഇതര ചെലവുകള്‍ 1,43,000 കോടിയാണ്. അപ്പോള്‍ പദ്ധതി ചെലവിനായി നീക്കിവച്ചിരിക്കുന്ന തുക 31,000 കോടി മാത്രം. ഇത് ആകെ ബജറ്റ് അടങ്കലിന്റെ 17 ശതമാനംമാത്രമാണ്. അപ്പോള്‍ 17 ശതമാനം മുതല്‍മുടക്കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 83 ശതമാനം ബജറ്റ് അടങ്കല്‍ തുക ചെലവാക്കുന്ന സംസ്ഥാനമാണ് കേരളം. ഈ വൈരുദ്ധ്യമാണ് കേരളത്തിന്റെ തുടര്‍ച്ചയായുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കേരളത്തിലെ ഇടത്-വലത് സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന തെറ്റായ സാമ്പത്തിക നയത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചത്. തന്മൂലം കേരളത്തിന്റെ പൊതുകടം വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്നു. 2019-20 ല്‍ കടം 2.96 ലക്ഷം കോടി എന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022-23 ല്‍ കടം 4 ലക്ഷം കോടിയായി വര്‍ദ്ധിക്കും. കേരള സര്‍ക്കാര്‍ ഗ്യാരന്റി നല്കി കിഫ്ബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുത്ത കടം കൂടി കൂട്ടിയാല്‍ 2023 മാര്‍ച്ചില്‍ ഇത് 5,00,000 കോടിയായി ഉയരും.സാമ്പത്തികമായി ഒട്ടും ലാഭകരമല്ലാത്ത സില്‍വര്‍ ലൈനിനുവേണ്ടി 63,000 കോടി കടമെടുത്താല്‍ കേരളത്തിന്റെ പൊതുകടം 6 ലക്ഷം കോടിയിലെത്തും. കേരളത്തിന്റെ ജിഡിപി 10 ലക്ഷം കോടിയുടേതാണ്. ഇങ്ങനെ ജിഡിപിയുടെ 60 ശതമാനം കടം പെരുകിയാല്‍ സംസ്ഥാനം വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടും. എടുത്ത കടവും പലിശയും തിരിച്ചടയ്ക്കാന്‍ കഴിയാതെ വരും. ശമ്പളവും പെന്‍ഷനും മുടങ്ങും. 17 ശതമാനം വികസനപ്രവര്‍ത്തനങ്ങള്‍ എന്നത് ഒട്ടും നടക്കില്ല.
ഉത്പാദനമേഖലയില്‍ സ്വകാര്യവ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ക്രമസമാധാനവും സാമൂഹിക സംഘര്‍ഷവും ഇന്നത്തെ മോശപ്പെട്ട രീതിയില്‍ തുടര്‍ന്നാല്‍ കേരളം വ്യവസായ സൗഹൃദമല്ല എന്ന സന്ദേശം നിലനില്ക്കും. അതിനാല്‍ കേരളത്തില്‍ വന്‍കിട വ്യവസായ നിക്ഷേപം ഉണ്ടാകാന്‍ സാധ്യതയില്ല. ബ്ജറ്റില്‍ പ്രഖ്യാപിച്ച നാല് ശാസ്ത്ര പാര്‍ക്കുകളും നാല് ഐടി ഇടനാഴികളും പ്രതീക്ഷിച്ച തൊഴില്‍ ലഭ്യമാക്കില്ല. 2001 മുതല്‍ ആരംഭിച്ച ഐടി പാര്‍ക്കുകളില്‍ നാളിതുവരെ 2,00,000 ല്‍ അധികം തൊഴില്‍ ലഭിച്ചില്ല. ദുബായിലെ ടികോം കമ്പനിയുമായി ചേര്‍ന്ന് കൊച്ചിയില്‍ ആരംഭിച്ച സ്മാര്‍ട്ട് സിറ്റി കഴിഞ്ഞ 17 വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയാണ്. 245 ഏക്കര്‍ ഭൂമി സൗജന്യമായി നല്കി ആരംഭിച്ച കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ എത്രപേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തിരുവനന്തപുരത്ത് തോന്നയ്ക്കലില്‍ 2009ല്‍ ആരംഭിച്ച ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഇതുവരെ യാതൊരു ഉത്പാദനവും തുടങ്ങിയിട്ടില്ല. അവിടെത്തന്നെയാണ് ജീനോം പാര്‍ക്ക്, മെഡിക്കല്‍ ടെക്, ഇന്നവേഷന്‍ പാര്‍ക്ക് എന്നിവ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. ഈ പാര്‍ക്കുകളുടെ ഒക്കെ സ്ഥിതി, സ്പേസ് പാര്‍ക്ക് തുടങ്ങിയതുപോലെ ആവില്ലായെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ നന്നേ ബുദ്ധിമുട്ടും. കേരളത്തിലെ രാഷ്ട്രീയ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും തെളിവാണ് സ്പേയ്സ് പാര്‍ക്ക് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ.
2022 മേയില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ സൗജന്യ ഭക്ഷ്യകിറ്റ് നല്‍കിയും, 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുമാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയതിന്റെ ഒരു സൂചനയും ബജറ്റിലില്ല. അടുത്തവര്‍ഷം കുടുബശ്രീ വഴി 2,00,000 പേര്‍ക്കും ഒരു ലക്ഷം സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ വഴി 2,00,000 പേര്‍ക്കും തൊഴില്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. 1957 മുതല്‍ കഴിഞ്ഞ 65 വര്‍ഷംകൊണ്ട് കേരളത്തില്‍ തുടങ്ങിയത് 1,60,000 സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ മാത്രമാണ്. ഇവയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 40,000 യൂണിറ്റുകള്‍ മാത്രമാണ്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ പട്ടിക പഞ്ചായത്ത് മുന്‍സിപ്പല്‍ തലത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. വ്യവസായ വകുപ്പിന്റെ വെബ്സൈറ്റിലും ഇത് പ്രസിദ്ധീകരിക്കാവുന്നതാണ്. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം യൂണിറ്റുകള്‍ തുടങ്ങി 2,00,000 പേര്‍ക്ക് തൊഴില്‍ നല്‍കും എന്ന് പറയുന്നത് വളരെ അപ്രായോഗികമാണ്. കുടുംബശ്രീകള്‍ ഇപ്പോള്‍ തന്നെ 10 ലക്ഷത്തില്‍ താഴെ നിക്ഷേപമുള്ള സൂക്ഷ്മ വ്യവസായ യൂണിറ്റുകള്‍ കേരളത്തില്‍ നടത്തുന്നുണ്ട്. അതില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന വരുമാനം തുലോം തുച്ഛമാണ്.
കര്‍ഷകാധിഷ്ഠിത വ്യവസായങ്ങളെ കുറിച്ചും ഫുഡ് പാര്‍ക്കുകളെ കുറിച്ചും ബജറ്റില്‍ പ്രഖ്യാപനം ഉണ്ടെങ്കിലും കാര്‍ഷിക മേഖലയ്ക്ക് വേണ്ടി മാറ്റിവെച്ച തുക ബജറ്റ് അടങ്കലിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. വ്യവസായമേഖലയ്ക്ക് 1265 കോടി എന്നത് വളരെ അപര്യാപ്തമാണ്. ബ്ജറ്റില്‍ പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 1,34,000 കോടി. ഇതില്‍ 47,000 കോടി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതാണ്. ഇതുകൂടാതെ നാഷണല്‍ ഹൈവേ പോലുള്ള അടിസ്ഥാന മേഖലയ്ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ 60,000 കോടിയിലധികം ചെലവഴിക്കുന്നു. കേരളസര്‍ക്കാര്‍ 86,000 കോടി റവന്യൂ വരവായും 39,000 കോടി കടം വാങ്ങിയും ചെലവാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ 1,07,000കോടി ചെലവഴിക്കുന്നു. എന്നിട്ടും് ധനമന്ത്രി കുറ്റപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിനെയാണ്.
2021 ല്‍, അന്നത്തെ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് കെ.ഡിസ്ക് വഴി അഞ്ച് കൊല്ലം കൊണ്ട് 20 ലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ്. ഇപ്പോഴത്തെ ധനമന്ത്രി പറയുന്നത് കെ-ഡിസ്ക് വഴി മൈക്രോ ബയോണ്‍ നടപ്പാക്കുമെന്നും. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വൈജ്ഞാനിക സമ്പദ്ഘടനയുടെ തനി ആവര്‍ത്തനമാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ആറ് വര്‍ഷമായി രണ്ടരക്കോടി വീടുകള്‍ നിര്‍മ്മിച്ച് നല്കിയപ്പോള് കേരളത്തില്‍ ലൈഫ്മിഷന് എന്ന് പേരിട്ട് 2,76,000 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചുനല്‍കിയത്. ഈ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കും എന്ന് പറയുന്നതും പ്രായോഗികമാവില്ല.
വികസനവും ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകുകയും ഉത്പാദനമേഖലയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കാതെയും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല. കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് പുരോഗതി കൈവരിക്കണം. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇതിനായി കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റണം. രാഷ്ട്രീയ കൊലപാതകങ്ങളും സാമൂഹ്യസംഘര്‍ഷങ്ങളും ഒഴിവാക്കണം. പരിസ്ഥിതിക്ക് ഇണങ്ങുന്ന വ്യവസായം നടപ്പാക്കണം. വിഴിഞ്ഞം പദ്ധതിയെ കുറിച്ച് ബജറ്റില്‍ പറയുന്നുണ്ടെങ്കിലും കരാര്‍ പ്രകാരമുള്ള നിര്‍മ്മാണ കാലാവധി കഴിഞ്ഞ പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. എന്ന് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. ഇങ്ങനെ പരിശോധിച്ചാല്‍ ഈ ബ്ജറ്റ് കേരളത്തിലെ സാമ്പത്തിക മുരടിപ്പിന്റെ നേര്‍സാക്ഷ്യമാണെന്ന് കാണാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: