അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ച ദയനീയമായ പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയില്‍ ആവര്‍ത്തിക്കപ്പെടുന്ന അസംബന്ധ നാടകത്തിലെ പതിവു രംഗങ്ങള്‍ തന്നെ അരങ്ങേറിയിരിക്കുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് നെഹ്റു കുടുംബത്തെ രക്ഷപ്പെടുത്താനുള്ള കുതന്ത്രങ്ങളാണ് കോണ്‍ഗ്രസ്സില്‍ പ്രയോഗിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് രാഹുല്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ പദവി ഒഴിഞ്ഞതോടെ സോണിയ ഇടക്കാല അധ്യക്ഷയാവുകയായിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു പരാജയം കൂടി സംഭവിച്ചപ്പോള്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവി രാഹുല്‍ വീണ്ടും ഏറ്റെടുക്കണമെന്ന വിചിത്രമായ ആവശ്യം ഉയരുകയാണ്. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ജി-23 ഗ്രൂപ്പ് കൂടുതല്‍ ശക്തമായി ഉന്നയിക്കുന്നുണ്ടെങ്കിലും നെഹ്റു കുടുംബത്തിന്റെ പിണിയാളുകളെ രംഗത്തിറക്കി അതിനെ നേരിടാനാണ് നോക്കുന്നത്. തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത വിജയത്തിന്റെ പോലും ബഹുമതി സോണിയയ്ക്കും രാഹുലിനുമൊക്കെ ചാര്‍ത്തി നല്കുന്നവര് പക്ഷേ പരാജയത്തിന് ആരും ഉത്തരവാദികളല്ലെന്ന് വാദിക്കുകയാണ്. എന്നാല്‍ പഴയതുപോലെ നെഹ്റു കുടുംബത്തെ മഹത്വവല്‍ക്കരിച്ച് കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ ഇനിയങ്ങോട്ട് കഴിയുമെന്നു തോന്നുന്നില്ല. പാര്‍ട്ടിയിലെ കഴിവും അനുഭവസമ്പത്തുമുള്ള നേതാക്കള്‍ നേതൃമാറ്റം എന്ന ആവശ്യം കയ്യൊഴിയുമെന്നു കരുതാനാവില്ല. ബിംബാരാധന അവസാനിപ്പിക്കണമെന്നു കേരളത്തില്‍നിന്നുപോലും ശബ്ദമുയരുമ്പോള്‍ പതിവിനു വിപരീതമായി ചിലതു സംഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സിന്റെ പരാജയം സമ്പൂര്‍ണമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടു മുന്‍പുവരെ പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടുകൊണ്ടിരുന്നതൊക്കെ വെറും അസംബന്ധമാണെന്ന് തെളിഞ്ഞിരിക്കുന്നു. ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും മത്സരിച്ച കോണ്‍ഗ്രസ്സിന് രണ്ടിടത്തു മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. മായാവതിയുടെ ബിഎസ്പിയെക്കാള്‍ ഒരു സീറ്റു നേടാന്‍ കഴിഞ്ഞത് ആശ്വാസമായി കണക്കാക്കാം. ഇരുപത്തിരണ്ട് കോടിയോളം ജനങ്ങളുള്ള സംസ്ഥാനത്ത് 399 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് നേടാന്‍ കഴിഞ്ഞത് വെറും 2.3 ശതമാനം വോട്ട് മാത്രമാണെന്നറിയുമ്പോള്‍ പാര്‍ട്ടിയുടെ സ്വാധീനം എത്രയുണ്ടെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. 387 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശുപോയി. ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും നോട്ടയ്ക്കും പിന്നിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ട്. അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് പ്രിയങ്ക വാദ്ര രംഗത്തിറക്കിയ വനിതാ സ്ഥാനാര്‍ത്ഥികളുടെ വന്‍പടയില്‍ ഒരാള്‍ക്ക് മാത്രമാണ് കഷ്ടിച്ച് കടന്നുകൂടാന്‍ കഴിഞ്ഞത്. യഥാര്‍ത്ഥത്തില്‍ രാജസ്ഥാനില്‍നിന്നും മധ്യപ്രദേശില്‍നിന്നും ആളുകളെയിറക്കിയാണ് പ്രിയങ്കയുടെ പ്രചാരണ പരിപാടികള്‍ കൊഴുപ്പിച്ചത്. നെഹ്റു കുടുംബത്തോട് വിധേയത്വമുള്ള ചില മാധ്യമങ്ങള്‍ ഇക്കാര്യം മൂടിവച്ച് കോണ്‍ഗ്രസ്സിനെ സഹായിച്ചു. പ്രിയങ്ക അത്ഭുതം കാണിക്കുമെന്നായിരുന്നു ഈ മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നത്. കോണ്‍ഗ്രസ്സിന്റെ ദയനീയമായ തോല്‍വിയിലൂടെ ഈ മാധ്യമങ്ങളുടെ തനിനിറം തന്നെയാണ് പുറത്തായത്. മലയാളത്തിലുമുണ്ടായിരുന്നു പ്രിയങ്ക ഭക്തിയില്‍ ആറാടിയ ചില മാധ്യമങ്ങള്‍.
കോണ്‍ഗ്രസ്സിന് അടിക്കടി തോല്‍വി സംഭവിക്കുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് നെഹ്റു കുടുംബത്തിന്റെ ജനാധിപത്യ നിന്ദയാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്ത് കയറിപ്പറ്റി ഏറ്റവും കൂടുതല്‍ കാലം ആ പദവിയില്‍ തുടര്‍ന്ന സോണിയ പാര്‍ട്ടിയെ അധഃപതിപ്പിക്കുകയായിരുന്നു. ഊഴം വന്നപ്പോള്‍ യാതൊരു കഴിവുമില്ലെന്നറിഞ്ഞിട്ടും മകനെ അധ്യക്ഷസ്ഥാനത്ത് പ്രതിഷ്ഠിച്ച് പ്രധാനമന്ത്രിയാക്കാന്‍ നോക്കി. ഒന്നിനു പുറകെ ഒന്നായി തിരിച്ചടി നേരിട്ടപ്പോള്‍ ഈ പദവിയില്‍നിന്ന് തന്ത്രപൂര്‍വം പിന്‍വലിച്ച് അധ്യക്ഷ കസേരയില്‍ വീണ്ടും കയറിയിരിക്കുകയാണ് സോണിയ ചെയ്തത്. പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനോ ജനങ്ങളെ ആകര്‍ഷിക്കാനോ മകന് കഴിയില്ലെന്നു വന്നപ്പോഴാണ് മകളെ രംഗത്തിറക്കിയതും ജനറല്‍ സെക്രട്ടറിയുടെ പദവി നല്കി ഉത്തര്‍പ്രദേശിനെ രക്ഷിക്കാനയച്ചതും. ഇതിനുള്ള ശിക്ഷയാണ് ഇപ്പോള്‍ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. പഞ്ചാബില്‍ ഭരണം നഷ്ടപ്പെടുകയും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും വന്‍ തിരിച്ചടി നേരിടുകയും ചെയ്തിരിക്കുന്ന കോണ്‍ഗ്രസ്സിനെ പ്രതിപക്ഷമായി പോലും ജനങ്ങള്‍ പരിഗണിക്കുന്നില്ലെന്നതാണ് സത്യം. ലോക്സഭയില്‍ ഇപ്പോള്‍ തന്നെ പ്രതിപക്ഷ നേതൃപദവിയില്ലാത്ത കോണ്‍ഗ്രസ്സിന് രാജ്യസഭയിലെ പ്രതിപക്ഷസ്ഥാനവും നഷ്ടപ്പെടാന്‍ പോവുകയാണ്. സ്വന്തം ശക്തി ക്ഷയിച്ചപ്പോള്‍ പ്രാദേശിക കക്ഷികളുടെ ചെലവില്‍ അധികാരം പിടിക്കാനാണ് സോണിയാ കോണ്‍ഗ്രസ്സ് നോക്കിയത്. ആ മോഹവും ഇനി മാറ്റിവയ്ക്കാം. പ്രാദേശിക പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ വേണ്ട. ഇതെല്ലാം സ്വയംകൃതാനര്‍ത്ഥമാണ്. ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി നാടുനീങ്ങുന്നതില്‍ ജനാധിപത്യ വിശ്വാസികള്‍ സന്തോഷിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: