ദേവഭൂമിയായ ഉത്തരാഖണ്ഡില്‍ ഭാഗീരഥി, അളകനന്ദ, സരസ്വതീ നദികളുടെ സംഗമസ്ഥാനമാണ് പഞ്ചപ്രയാഗില്‍ ഒന്നായ ദേവപ്രയാഗ്. ഇവയില്‍ സരസ്വതീ നദി ഭൂമിക്കടിയിലൂടെ ഒഴുകുന്നു. മൂന്നു മലനിരകള്‍ക്കിടയിലുള്ള, ദേവപ്രയാഗില്‍ വച്ചാണ് ഗംഗാനദി ആ പേരു സ്വീകരിച്ച് ഒഴുകിത്തുടങ്ങുന്നത്. ഭാഗീരഥി ഉത്ഭവിക്കുന്നത് ഗംഗോത്രിയില്‍ നിന്നാണ്. അളകനന്ദാനദി പിറക്കുന്നത് ബദരീനാഥില്‍ വച്ചും.
ദേവപ്രയാഗിനോട് ചേര്‍ന്നുള്ള പാറക്കെട്ടുകള്‍ക്കു മുകളിലായി ഒരു ക്ഷേത്രമുണ്ട്. പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതായി കരുതുന്ന രഘുനാഥ്ജി ക്ഷേത്രം. ഭഗവാന് ശ്രീരാമന് ഇവിടെ തപസ്സിരുന്നതായാണ് വിശ്വാസം. സീതാ,ലക്ഷ്മണ സമേതനായാണ് ഭഗവാന് ഇവിടെ കുടികൊള്ളുന്നത്.
ഇന്നു കാണുന്ന നിലയില്‍ ക്ഷേത്രം പുതുക്കിപണിതത്, 1839 ല്‍ മഹാരാജാ ഗുലാബ് സിങ്ങാണ്. ക്ഷേത്രത്തിനടുത്തായി ‘ബൈതാല്‍ ശില’ എന്ന പേരില്‍ ഒരു അരുവിയുണ്ട്. അതിലെ ജലത്തിന് കുഷ്ഠരോഗം ഭേദമാക്കാനുള്ള ശക്തിയുണ്ടെന്ന് പറയപ്പെടുന്നു.
ഭഗവാന് ശ്രീരാമന്റെ പിതാവ് ദശരഥമഹാരാജാവിന്റെ പേരിലും ദേവപ്രയാഗില്‍ ഒരു ക്ഷേത്രമുണ്ട്. ‘ദശരഥ്ശില’ എന്നാണ് ഇത് അറിയപ്പെടുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കൊച്ചു കുന്നു കാണാം. ‘ദശരഥന്റെ കിരീടം’ എന്നറിയപ്പെടുന്ന ഈ കുന്ന് തീര്‍ത്ഥാടകരേയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയിലാണ് ദേവപ്രയാഗ് പട്ടണമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: