മരണം പ്രകൃതിയുടെ നിയമമാണ്. തടയാനാവില്ല. അതറിയാമെങ്കിലും ചിലരെ കൊണ്ടുപോകുമ്പോള്‍ മരണത്തോട് അമര്‍ഷം തോന്നും. ഷെയ്ന്‍ വോണ്‍ പോയപ്പോള്‍ തോന്നിയത് ആ വേദനയായിരുന്നു. വയസ്സ് 52 മാത്രം. ക്രിക്കറ്റ് സ്നേഹികളുടെ മനസ്സില്‍ ഇന്നും പൂത്തുനില്‍ക്കുന്ന വസന്തം. എന്തേ ഇത്ര നേരത്തേ കൊണ്ടുപോയി? സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം എന്നു മരണത്തിനും തോന്നിയിട്ടുണ്ടാവും.
അകാലത്തിലും അല്ലാതെയും കടന്നു പോയവര്‍ പലരുണ്ട്. പക്ഷേ, ചിലരുടെ യാത്ര വല്ലാതെ നോവിക്കുന്നത് അവര്‍ മനസ്സില്‍ കുടിപാര്‍ത്തിരുന്നതുകൊണ്ടാകാം. വോണ്‍ അങ്ങനെയായിരുന്നു. കടലുകള്‍ക്കപ്പുറത്തുനിന്നാണു വന്നതെങ്കിലും നമ്മളില്‍ ഒരാളാണെന്നു തോന്നിച്ചിരുന്നു. കുസൃതികള്‍ ഏറെ കാണിച്ചെങ്കിലും അതിന്റെ കേട് കളിമികവിന്റെ മേലാപ്പുകൊണ്ടു മൂടിയ കുറുമ്പന്‍ കുട്ടിയുടെ പരിവേഷം.
എഴുപതുകളില്‍ നമ്മുടെ കാമ്പസ്സുകളില്‍ കേട്ടിരുന്നൊരു പ്രയോഗമുണ്ട്: കറങ്ങിത്താഴൂ എന്ന്. ഷൈന്‍ ചെയ്യാന്‍ നോക്കി പരാജയപ്പെട്ടു ചമ്മുന്നവര്‍ക്കായി കരുതിവച്ചതായിരുന്നു അത്. അങ്ങനെ താണുപോയവര്‍ ഏറെയുണ്ടായിരുന്നു അന്ന്. ഷെയ്ന്‍ വോണിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പെട്ടെന്നു മനസ്സില്‍ വരുന്നത് ആ കാമ്പസ് ജീവിതമാണ്. അന്നത്തെ പ്രയോഗത്തെ ചെറുതായൊന്നു മാറ്റി, കറക്കി വീഴ്‌ത്തൂ എന്നാക്കിയ കക്ഷിയാണ് വോണ്‍. ക്രിക്കറ്റ് ലോകത്തെ വിരലുകള്‍ കൊണ്ടും കൈക്കുഴകൊണ്ടും കറക്കി വീഴ്‌ത്തിയ സ്പിന്നര്‍. ആ കറക്കത്തില്‍ മഹാരഥന്‍മാര്‍ പലരും വീണു. ലോക ക്രിക്കറ്റ് കിരീടം പലതവണ ഓസ്ട്രേലിയയുടെ തലയില്‍ ഉറച്ചു. ആ വിജയങ്ങളില്‍ വോണ്‍ എന്ന മാന്ത്രികന്റെ കരസ്പര്‍ശമുണ്ടായിരുന്നു. കപില്‍ ദേവ് ഇന്ത്യയുടെ ദേശീയ നിധിയാണെന്ന് പറയാറുണ്ട്. എങ്കില്‍ ഓസ്ട്രലിയയ്‌ക്കു കിട്ടിയ ദേശീയ നിധിയായിരുന്നു ഷെയ്ന്‍ വോണ്‍. ഇന്ദ്രജാലം, മായാജാലം, മാന്ത്രികം എന്ന വാക്കുകള്‍കൊണ്ടൊന്നും ആ മികവിനെ വര്‍ണിക്കാനാവില്ല.
ഈശ്വരന്‍ പലര്‍ക്കും കഴിവുകള്‍ നല്‍കുന്നതു പല തരത്തിലാണല്ലോ. ചിലര്‍ക്കു ശബ്ദമാധുരി, ചിലര്‍ക്കു ശക്തി, ചിലര്‍ക്കു ബുദ്ധി, ചിലര്‍ക്ക് സാഹിത്യ വാസന അങ്ങനെ പലതും. വോണിനെ ഈശ്വരന്‍ അനുഗ്രഹിച്ചതു കൈക്കുഴയിലും വിരലുകളിലുമാണ്. കറക്കിവിടുന്ന പന്തിനെ പിന്‍തുടര്‍ന്നു വഴിതിരിച്ചു വിടാനുള്ള സിദ്ധി ആ കൈകള്‍ക്കു കിട്ടി. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്നു പറയാറുണ്ടല്ലോ. പക്ഷേ, രണ്ടാമത്തേത് വോണിനെ സംബന്ധിച്ച് അത്ര തന്നെ ശരിയാവില്ല. കൈവിട്ട പന്തിനെ അകലെ നിന്നു നിയന്ത്രിക്കാനുള്ള കഴിവ് വോണിനുണ്ടായിരുന്നു. അതു ബാറ്റ്സ്മാന്‍മാരുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയും ചെയ്തു. പാദങ്ങള്‍കൊണ്ടു തൊടുത്തു വിട്ട ഫുട്ബോളിനെ വായുവില്‍ വച്ചു വഴിതിരിച്ചു വിടുന്നവരായിരുന്നല്ലോ റോബര്‍ട്ടോ കാര്‍ലോസും ബെക്കാമും സിദാനും മറഡോണയുമൊക്കെ. ഫുട്‌ബോള്‍ ലോകത്തു പരതിയാല്‍ അത്തരക്കാരെ ഇനിയും എത്ര വേണമെങ്കിലും കിട്ടും. ബക്കന്‍ബോവറും മത്തേവൂസും ജഴ്സിഞ്ഞോയും സീക്കോയും ക്രിസ്റ്റിയാനോയും ഫീഗോയും സോക്രട്ടീസും ഒക്കെ ആ നിരയില്‍ വരും. നിശ്ചലമായിക്കിടക്കുന്ന പന്തു കൊണ്ടു ബോംബിങ് നടത്തുന്ന ഇവരെ മരണപ്പന്തിന്റെ ആശാന്‍മാര്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. ഗോള്‍ ഏരിയയിലെ വന്‍മതിലിനേയും ഗോളിയുടെ കൈകളേയും വെട്ടിയൊഴിഞ്ഞു ഗോള്‍വല കണ്ടെത്താന്‍ ഇവരുടെ മാന്ത്രിക സ്പര്‍ശമുള്ള പന്തുകള്‍ക്കു കഴിയുമായിരുന്നു. കാലില്‍ തലച്ചോര്‍ ഉള്ളവര്‍ എന്നും ഇവര്‍ക്കു വിശേഷണമുണ്ട്. ഈ മികവിന്റെ പേരിലാണ് ഇംഗ്ലണ്ടുകാര്‍, തങ്ങള്‍ അവതാര പുരുഷനായിക്കണ്ട ഡേവിഡ് ബക്കാമിനെക്കുറിച്ച് ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം എന്ന് പാടി നടന്നത്. ഓസ്ട്രേലിയക്കാര്‍ക്ക് വേണമെങ്കില്‍ സ്പിന്‍ ഇറ്റ് ലൈക്ക് വോണ്‍ എന്നു പാടാമായിരുന്നു. ബെക്കാമിനു പക്ഷേ, ഒരു ലോകകപ്പു പോലും ഇംഗ്ലണ്ടിനു നേടിക്കൊടുക്കാനായില്ല. വോണ്‍ ആണെങ്കില്‍ ഒന്നിലേറെ ലോകകപ്പു വിജയങ്ങളില്‍ പങ്കാളിയായി. ബാറ്റ്സ്മാന്മാര്‍ എത്ര മികച്ചവരായാലും റണ്‍സ് വാരിക്കൂട്ടാനേ കഴിയൂ. കളി ജയിപ്പിക്കാന്‍ ബൗളര്‍മാര്‍ വേണം. അവര്‍ക്കു വിലപേശാന്‍ വേണ്ട അടിത്തറ പാകലാണ് ബാറ്റിങ് നിരയുടെ ജോലി. ബൗളര്‍മാരുടെ ആ ചുമതലയാണു വോണ്‍ ഭംഗിയായി ചെയ്തുതീര്‍ത്തത്.
കുട്ടിക്കാലത്തു ഗോലികളി എന്നൊരു നാടന്‍ വിനോദമുണ്ടായിരുന്നു നമുക്ക്. ഗോട്ടികളി എന്നും പറയും. ഈ തലമുറയ്‌ക്ക് അതൊന്നും പരിചയമുണ്ടാവില്ല. ഉരുണ്ട ചില്ലുഗോലികള്‍ കൊണ്ട് ഉള്ള കളി. പെരുവിരല്‍ നിലത്തൂന്നി ഇരുകൈകളിലേയും നടുവിരലുകള്‍ ഉപയോഗിച്ച് എതിരാളികളുടെ ഗോലികളെ അടിച്ചു തെറിപ്പിക്കുന്നൊരു പ്രക്രിയയുണ്ട് അതില്‍. അന്നത്തെ ചില ചാംപ്യന്മാര്‍, വിദഗ്ധമായി സ്പിന്‍ചെയ്തു വിടുന്ന ഗോലി എതിര്‍ ഗോലിയെ അടിച്ചു തെറുപ്പിച്ച ശേഷം കറങ്ങി തിരിച്ചു വരുമായിരുന്നു. ഓസ്ട്രേലിയന്‍ ഗോത്ര വര്‍ഗക്കാരുടെ ആയുധമായ ബൂമറാങ് പോലെ. ഈ വിദ്യ ഒന്നു ശൈലിമാറ്റി പ്രയോഗിക്കുകയാണ് ഷെയ്ന്‍ വോണ്‍ എന്നു തോന്നുന്നു. പിച്ച് ചെയ്ത പന്ത് ചെറുതായൊന്നു പിന്‍വാങ്ങിയിട്ട് ഗതിമാറി സഞ്ചരിക്കുന്ന വിദ്യ. ക്രിക്കറ്റ് ലോകം തലകറങ്ങി വീണു പോയ വിദ്യ. ആ ഗോലികളി ചാംപ്യന്മാരൊക്കെ എത്ര വിദഗ്ധരായിരുന്നു എന്നു മനസ്സിലാകുന്നത് വോണ്‍ എത്തിപ്പിടിച്ച ഉയരങ്ങള്‍ കാണുമ്പോഴാണ്. വോണ്‍ നമ്മുടെ നാട്ടിന്‍പുറത്തു കാരനാണെന്നു തോന്നുന്ന സന്ദര്‍ഭമാണത്.
അത്തരം രണ്ടു പന്തുകളാണല്ലോ ഇന്നു ക്രിക്കറ്റ് ലോകത്തു പാടിപുകഴ്‌ത്തപ്പെടുന്നത്. ആഷസ് പരമ്പരയില്‍ മൈക്ക് ഗാറ്റിങ്ങിനെ പുറത്താക്കിയ പന്തും അന്‍ഡ്രു സ്ട്രോസിനെ വീഴ്‌ത്തിയ പന്തും. അപകടമേഖലയിലല്ലാതെ പിച്ച് ചെയ്തിട്ട് കുത്തിത്തിരിഞ്ഞ് ചെന്നു ഓഫ് സ്റ്റ്മ്പ് തെറിപ്പിച്ച പന്ത്. ആ രണ്ടു പന്തുകളില്‍ ഏത് കേമം, ഏതു രണ്ടാമന്‍ എന്ന ചര്‍ച്ച ഇന്നും തീരുമാനമാകാതെ കിടപ്പുണ്ട്. ആദ്യത്തേതിനു നൂറ്റാണ്ടിലെ പന്ത് എന്നു പേരുവീണു. പക്ഷേ, രണ്ടാമത്തേത് അതിലും മനോഹരം എന്നു ചിലര്‍ക്കു പക്ഷം. അതിനു തീരുമാനമുണ്ടാകില്ല. കാരണം, ഓരോന്നിനും അതിന്റേതായ സൗന്ദര്യമുണ്ട്. സീബ്രയുടെ പുറത്തെ വരകള്‍ പോലെയാണത്. ഒന്നു മറ്റൊന്നിനേപ്പോലയാകില്ല. പ്രത്യേകിച്ച്, ഭാവനാസമ്പന്നരുടെ കൈക്രിയയാകുമ്പോള്‍. ഓരോന്നിലും അവരുടെ കൈയൊപ്പു കാണും. പെലെയോ മറഡോണയോ കേമന്‍ എന്ന് ഇനിയും തീരുമാനമായിട്ടില്ലല്ലോ. സച്ചിനോ ബ്രാഡ്മാനോ ഒന്നാമന്‍ എന്നതും ചര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്നു. മികച്ച എന്റര്‍ടൈനര്‍ സച്ചിനോ ലാറയോ എന്ന ചര്‍ച്ചയും എങ്ങുമെത്താതെ പോയി.
വൈവിധ്യമാണ് സ്പിന്നിന്റെ സൗന്ദര്യം. വോണ്‍ അതിനെ പൂര്‍ണതയുടെ തൊട്ടടുത്തുവരെ കൊണ്ടു ചെന്നു. പ്രകൃതിയുടെ വരദാനമാണത്. നൂറുശതമാനം പൂര്‍ണത പ്രകൃതി ആര്‍ക്കും കൊടുത്തിട്ടില്ലല്ലോ. അതായിരിക്കണം വോണിനു ചിലര്‍ക്കു മുന്നിലെങ്കിലും കീഴടങ്ങേണ്ടിവന്നത്. പേസ് ആയാലും സ്പിന്‍ ആയാലും തിളങ്ങണമെങ്കില്‍ പിച്ച് കൂടി സഹായിക്കണം എന്നതാണ് പൊതുവായ വിലയിരുത്തല്‍. അതും തിരുത്താന്‍ വോണിനു കഴിഞ്ഞു. കൈക്കുഴ വഴങ്ങുന്നിടത്തോളം കാലം ഏതു പിച്ചും വോണിനു വഴങ്ങുമായിരുന്നു. ഗ്ളാസ് പ്രതലത്തില്‍പ്പോലും പന്തിനെ സ്പിന്‍ ചെയ്യിക്കാന്‍ കഴിയുന്നവന്‍ എന്ന് ഒരു വിദഗ്ധന്‍ പറഞ്ഞതു വോണിനെക്കുറിച്ചായിരുന്നില്ല. പക്ഷേ, വോണിന് അത് ഭംഗിയായി യോജിക്കും. കാരണം പ്രതലമല്ല കൈയാണ് വോണിന്റെ ശക്തി.
എന്നിട്ടും സച്ചിനു മുന്നില്‍ എന്തേ വോണിന് തുടരെ അടിയറവു പറയേണ്ടിവന്നു? എന്തേ 29 നേര്‍ക്കുനേര്‍ പോരില്‍ 25ലും ആയുധം വച്ചു കീഴടങ്ങി? അതും പോരാഞ്ഞ് ഒരു ഷാര്‍ജ കപ്പിലെ രണ്ട് മല്‍സരങ്ങളിലും തന്നെ അടിച്ചൊതുക്കിയപ്പോഴാണ് താന്‍ സച്ചിനെ പേടി സ്വപ്നം കാണാന്‍ തുടങ്ങിയതായി വോണ്‍ പറഞ്ഞത്. വോണിന്റെ ആത്മവിശ്വാസം തന്നെ തകര്‍ത്തു കളഞ്ഞ പോരാട്ടങ്ങളായിരുന്നു അത്. ഇന്ത്യ ഒരിക്കലും എത്തിപ്പിടിക്കാന്‍ പോകുന്നില്ലെന്ന് ഓസ്ട്രേലിയക്കാര്‍ കരുതിയ സ്‌കോറാണ് അന്നു സച്ചിന്റെ സെഞ്ചുറികളോടെ നമ്മള്‍ മറികടന്നത്. വോണിന്റെ മാത്രമല്ല ഓസ്ട്രേലിയക്കാരുടെ മുഴവന്‍ ഉറക്കം കെടുത്തുന്നതായിരുന്നു ആ ഇന്നിങ്‌സുകള്‍.
മഹാരഥന്മാര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ അങ്ങനെയൊക്കെ സംഭവിക്കും. ഒരാള്‍ കീഴടങ്ങിയേ പറ്റൂ. ഒരുകണക്കില്‍ അതു കീഴടങ്ങലല്ല. അംഗീകരിക്കലാണ്. തമ്മില്‍ മികച്ചവനേ അംഗീകരിക്കുന്ന നടപടി. പക്ഷേ, അതു കീഴടങ്ങുന്നയാളെ മാത്രമല്ല, കളിയെ ആരാധിക്കുന്നവരെ മുഴുവന്‍ അമ്പരപ്പിക്കും. അതു സ്വാഭാവികം. ഗാറ്റിങ്ങിന്റേയും സ്ട്രോസിന്റേയും കാര്യത്തില്‍ സംഭവിച്ചതുപോലെ. ഇന്ത്യ ആദ്യ കിരീടമണിഞ്ഞ 1983ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കപില്‍ ദേവ് എടുത്ത അസാധ്യ ക്യാച്ച് കണ്ട് വിവിയന്‍ റിച്ചാര്‍ഡ്സ് വിസ്മയിച്ചു പോയില്ലേ? കളിയുടെ ഗതി തിരിച്ചുവിട്ട ക്യാച്ച് ആയിരുന്നു അത്. 1970ലെ ഫുട്ബോള്‍ ലോകകപ്പില്‍ തന്റെ അത്യുഗ്രന്‍ ഹെഡറിനു മുന്നില്‍ വിലങ്ങിട്ട ഇംഗ്ളണ്ട് ഗോളി ഗോര്‍ഡന്‍ ബാങ്ക്സിനെ നോക്കി പെലെ അന്തംവിട്ടില്ലേ? അതൊക്കെ അങ്ങനെയാണ്. പോരാട്ടങ്ങള്‍ക്കു മാറ്റു കൂട്ടുന്നത് ഇരുവശത്തുമുള്ളവരുടെ കരുത്താണ്. ആ കരുത്തിലേക്കു മനോഹാരിത കൂടി ചാലിച്ചു ചേര്‍ത്തതാണ് വോണിന്റെ പ്രത്യേകത. പേസ് ബൗളര്‍മാരുടെ പോരിനുമുണ്ട് സൗന്ദര്യം. പക്ഷേ അതിനു വന്യതയുടെ പരിവേഷമുണ്ട്. കരുത്തിന്റെ സൗന്ദര്യമാണത്. ഡെന്നിസ് ലിലിയും ജഫ് തോംസണും ബ്രെറ്റ് ലീയും ആന്‍ഡി റോബര്‍ട്സും മാല്‍ക്കം മാര്‍ഷലും വഖാര്‍ യൂനുസും കപില്‍ ദേവും മറ്റും പീരങ്കി ആക്രമണം നടത്തുമ്പോള്‍ സ്പിന്നര്‍മാര്‍ നിശ്ശബ്ദ കൊലയാളികളാണ്. സൗമ്യവും ദീപ്തവുമാണത്. റിക്കി പോണ്ടിങ്ങിന്റേയും സൗരവ് ഗാംഗുലിയുടേയും ബാറ്റിങ് പോലുള്ള വ്യത്യാസം.
പന്തിനെ നിയന്ത്രിച്ചതുപോലെ ജീവിതത്തെ നിയന്ത്രിക്കാന്‍ വോണിനു കഴിയാതെ പോയി. അസാമാന്യ മികവുള്ള പലര്‍ക്കും പറ്റുന്ന പാളിച്ചകള്‍ക്ക് വോണും അടിപ്പെട്ടു എന്നു പറയുന്നതാവും ശരി. ഭരതന്റെ ചാട്ട എന്ന സിനിമയുടെ പരസ്യ വാചകം ഓര്‍മവരുന്നു: ചാട്ടയുടെ ചീറ്റലില്‍ ഉരുക്കളെ നിയന്ത്രിച്ചവര്‍ക്ക് സ്വന്തം ജീവിതത്തെ നിയന്ത്രിക്കാനായില്ല. വോണിനു സംഭവിച്ചതും അതാണ്. പന്തിനെ നിയന്ത്രിച്ചു. പക്ഷേ, ജീവിതം കൈവിട്ടു പോയി. കളിക്കളത്തില്‍ വിജയിക്കുമ്പോള്‍ ജീവതത്തില്‍ പരാജയപ്പെടുന്നവരുടെ നീണ്ട നിര കായികലോകത്തു കാണാം. സച്ചിന്‍ തെന്‍ഡുല്‍ക്കറെപ്പോലെ ആ ശൈലിയില്‍ നിന്നു വഴിമാറി സഞ്ചിരിച്ചവരും ഉണ്ടാകാം. വമ്പിച്ച ആരാധക വൃന്ദത്തിന്റെ തുറന്ന കണ്ണുകള്‍ക്കുമുന്നില്‍ സ്വന്തം ആയുസ്സു ജീവിച്ചു തീര്‍ക്കുന്നവര്‍ക്ക് അതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ അസാമാന്യ മനസ്സാന്നിദ്ധ്യവും നിയന്ത്രണവും വേണം. എല്ലാവര്‍ക്കും അതു കഴിഞ്ഞെന്നു വരില്ല. വോണിനെ നമുക്ക് കളിക്കളത്തിലെ മികവിന്റെ പേരില്‍ മാത്രം വിലയിരുത്താം. ആ നക്ഷത്രത്തിനോടു ചെയ്യാന്‍ കഴിയുന്ന നന്മ അതു മാത്രമായിരിക്കും. ഗുഡ് ബൈ വോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: