പാനൂര്‍: വനിതാദിനത്തില്‍ സിപിഎം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വനിതകള്‍ മാത്രം താമസിക്കുന്ന വീടിന് നേരെ അക്രമം. മുപ്പതോളം പേര് ചേര്‍ന്നാണ് രാത്രിയുടെ മറവില്‍ വീടിന് നേരെ അക്രമം നടത്തിയത്. തെക്കെ പന്ന്യന്നൂര്‍ തട്ടാന്മുക്കില് റുക്സാന മന്‍സില്‍ കെ. നസീമയുടെ വീടാണ് സിപിഎം സംഘം അടിച്ചു തകര്‍ത്തത്. പാര്‍ട്ടി അംഗങ്ങളല്ലാത്ത കുടുംബത്തെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം അരങ്ങേറിയതെന്ന് പറയപ്പെടുന്നു. കുടുംബാംഗങ്ങളുടെ പരാതിയിന്മേല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
വൃദ്ധയായ സ്ത്രീയടക്കം നാല് സ്ത്രീകള്‍ മാത്രം താമസ്സിക്കുന്ന വീടിന് നേരെയാണ് സിപിഎം ഗുണ്ടകള്‍ രാത്രി പന്ത്രണ്ട് മണിയോടെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു. തര്‍ക്കത്തിനിടെ സിപിഎം പ്രാദേശിക നേതാവ് കൈവശമിരുന്ന ഫോണ്‍ ഉപയോഗിച്ച് തലയ്ക്ക് കുത്തുകയായിരുന്നുവെന്ന് നസീമ പറഞ്ഞു. വീടിന്റെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു. വീട്ടിലെ പൈപ്പ് കണക്ഷന് നശിപ്പിക്കുകയും ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു.
വീടും സ്ഥലവും പാര്‍ട്ടി അനുഭാവിയായ ഒരു വ്യക്തിക്ക് വില്‍പ്പന നടത്തി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അക്രമികള്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞതായും വീട്ടുകാര്‍ പറയുന്നു. വീട്ടില്‍ രാത്രി ഏഴരയോടെ വാര്‍ഡ് മെമ്പര്‍ എത്തി വീട് വിറ്റൊഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഇരുപത്തിയഞ്ചോളം പേര് എത്തി. ഇവര്‍ വീട് വില്‍പ്പന നടത്തണമെന്ന് സമ്മര്‍ദ്ദം ചെലുത്തി. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സിപിഎം അനുഭാവികളായ വീട്ടുകാര്‍ നസീമയുടെ കുടുംബത്തെ നിരന്തരം വഴക്കുണ്ടാക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് മാസത്തോളമായി നിരന്തരം വഴക്കു തുടരുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്.
അയല്‍വാസിയായ റസീനയും ഷെമീമും കാരണം സ്വന്തം വീട്ടില്‍ നില്ക്കാന് സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് നസീമ പറയുന്നു. അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് സൈ്വര ജീവിതത്തിന് പരിഹാരം ഉണ്ടാക്കി തരണമെന്നാണ് നസീമയുടെ ആവശ്യം. സിപിഎം ശക്തികേന്ദ്രമായ മേഖലയില്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നസീമയുടെ മകളുടെ ഭര്‍ത്താവ് കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. സിപിഎം നിരന്തരം ഭീഷണി ഉയര്‍ത്തിയതോടെ മകളുടെ ഭര്‍ത്താവിന് സ്ഥലത്ത് സ്ഥിരതാമസത്തിന് സാധിക്കാത്ത സാഹചര്യം ഉണ്ടായി. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇപ്പോള്‍ വരുന്നത്. നസീമ തൊഴിലുറപ്പിന് പോയാണ് ജിവിതം പുലര്‍ത്തുന്നത്.
ആകെയുള്ള സമ്പാദ്യമായ വീട് വിറ്റൊഴിഞ്ഞ് പോകണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. അയല്‍വാസിയുടെ ബന്ധുവിന് സ്ഥലം വില്‍ക്കണമെന്നാണ് ഇവര്‍ ആവശ്യം ഉന്നയിക്കുന്നത്. നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ വരെ നല്‍കാം എത്രയും വേഗം വിറ്റൊഴിയണം എന്നുമാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: