കാഞ്ഞങ്ങാട്: കവര്‍ച്ചകള്‍ നടത്തി മടിക്കൈ ഗ്രാമത്തിന്റെ ഉറക്കം കെടുത്തിയ കള്ളന് അശോകനെ(33)ത്തേടി ഡ്രോണ്‍ പറത്തി പോലീസ്. കഴിഞ്ഞ ദിവസമാണ് വിജിത എന്ന വീട്ടമ്മയെ അശോകന് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്നത്. ഇതോടെയാണ് നാട്ടുക്കാര് അടക്കം സംഘടിച്ച് അശോകനായി മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തി ദേശമായ കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍ തെരച്ചില്‍ ആരംഭിച്ചത്. മാംസ സംസ്കരണ ഫാക്ടറിക്ക് 400 ഏക്കര്‍ റവന്യു ഭൂമി മാറ്റി വെച്ച സ്ഥലമാണിത്. കുറ്റിക്കാട് മൂടിക്കിടക്കുന്ന ഈ പ്രദേശമാണ് റിപ്പര്‍ അശോകന് ഒളിച്ച് താമസിക്കുന്നത്.
വിജിതയുടെ വീടിന് അല്‍പ്പം മുകളില്‍വെച്ചാണ് നാട്ടുകാര്‍ കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൂട്ടുപ്രതിയായ ബന്തടുക്ക സ്വദേശി മഞ്ജുനാഥനെ പിടികൂടിയത്. അന്ന് മഞ്ചുനാഥന്റെ കൂടെ ഉണ്ടായിരുന്ന അശോകന് ഓടിരക്ഷപ്പെടുകയായിരുന്നു. കറുകവളപ്പില്‍ കൃഷിക്കാരന് പ്രഭാകരന്റെ വീട്ടില്‍ അതി രാവിലെ അതിക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങളും സെല്‍ ഫോണും കവര്‍ന്ന കേസില്‍ അശോകനെ പോലീസ് തെരെഞ്ഞ് നടക്കുന്നതിനിടയിലാണ് വിജിതയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. ഈ സംഭവത്തോടെ നാട്ടുകാര്‍ ഭീതിയിലായിട്ടുണ്ട്.
നേരത്തെ ചെറിയ കള്ളത്തരങ്ങളില്‍ നിന്നും പെരുംകള്ളനിലേക്ക് പോയ ആളാണ് അശോകന്. ആദ്യമാദ്യം ചെറിയ കള്ളത്തരങ്ങള്‍ കാണിച്ച അശോകനെ നാട്ടുകാര്‍ പോലീസില്‍ അറിയിക്കാതെ നിന്നപ്പോള്‍ ഇയാള്‍ പെരുങ്കള്ളനായി മാറുകയായിരുന്നു. ഇതോടെ നിരവധി കേസുകള്‍ ഇയാള്‍ പ്രതിയായി മാറി. റിപ്പര്‍ മോഡല്‍ ആക്രമവും തുടര്‍ന്നതോടെ ഗതിയില്ലാതെയായി.
ഇയാളെത്തേടി പോലീസും നാട്ടുക്കാരും ഇറങ്ങുന്ന അവസ്ഥയിലേക്ക് കൂടി കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇപ്പോഴും അശോകന്റെ മൊബൈല്‍ സിഗ്നല്‍ കാണിക്കുന്നത് കാട്ടിനുള്ളില്‍ തന്നെയാണ്. ഇയാള്‍ കാട്ടിനുള്ളിലുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍ നാലു കിലോ മീറ്ററിനകത്താണ് മൊബൈല്‍ റേഞ്ച് കാണിക്കുന്നത്. ഗുഹയിലോ മറ്റൊ ഉള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: