ഡെറാഡൂണ്‍: ചതുര്‍ധാമങ്ങളുടെ നാടായ ഉത്തരാഖണ്ഡിലും പുതുചരിത്രം രചിച്ച് ബിജെപി. ഇവിടെ ഒരു പാര്‍ട്ടിയും ഇതുവരെ രണ്ടാമൂഴം നേടിയിരുന്നില്ല. ഈ ചരിത്രമാണ് ഇന്നലെ ബിജെപി തിരുത്തിയെഴുതിയത്.
എഴുപതംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്. ഭരണം പിടിക്കുമെന്ന് ഉറപ്പിച്ച് കരുക്കള്‍ നീക്കിയ കോണ്‍ഗ്രസ് വെറും 19 സീറ്റിലൊതുങ്ങി. 44.3 ശതമാനം വോട്ടുകളാണ് ബിജെപി കരസ്ഥമാക്കിയത്. കോണ്‍ഗ്രസ് 37.9 ശതമാനം വോട്ടും. എന്നാല്‍ മുഖ്യമന്ത്രി പുഷ്ക്കര്‍ സിങ് ധാമി ഖാതിമ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ബിജെപിയുടെ വിജയത്തിലെ വേദനയായി. ലാല്‍കുവ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും പരാജയപ്പെട്ടു.
ബിജെപിയുടെ ഡോ. മോഹന്‍സിങ് ബിഷ്ത് ഇരുപത് ശതമാനത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. ഹരിദ്വാര്‍, ഋഷികേശ്, രുദ്രപ്രയാഗ്, കേദാര്‍നാഥ് തുടങ്ങിയ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഭരണമികവ് ഒന്നു മാത്രമാണ് ഇവിടെ ബിജെപിക്ക് തുണയായത്. പല എക്സിറ്റ് പോളുകളിലും കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രവചിച്ചിരുന്നത്. കൃത്യമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന ബിജെപി നേതാക്കളുടെ പ്രതികരണം, ഫലം വന്നതോടെ ശരിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: