അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിച്ച് ബിജെപി പുതിയൊരു ചരിത്രം കുറിച്ചിരിക്കുന്നു. അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഫലം പുറത്തുവന്നതോടെ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും അധികാരത്തുടര്‍ച്ച ലഭിച്ച ബിജെപി രാഷ്ട്രീയ പ്രതിയോഗികളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുന്നു. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരം നഷ്ടമാകുമെന്നും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി ഭരണത്തിലെത്തുമെന്നും ബിജെപിയുടെ പ്രതിയോഗികളും ഒരു വിഭാഗം മാധ്യമങ്ങളും വളരെ മുന്‍പുതന്നെ പ്രചരിപ്പിച്ചുവെങ്കിലും സംഭവിച്ചിരിക്കുന്നത് നേരെമറിച്ചാണ്. പടിഞ്ഞാറന്‍ യുപിയില്‍ അന്‍പതിലേറെ കര്‍ഷക സംഘടനകളുമായി ബിജെപിയെ തോല്പ്പിക്കാനിറങ്ങിയ രാകേഷ് ടിക്കായത്തിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. ഈ മേഖലയിലെ ഏതാണ്ട് എല്ലാ സീറ്റുകളും പിടിച്ചടക്കിയാണ് ബിജെപി കരുത്തു തെളിയിച്ചത്. ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട ഹാഥ്രസിലും കര്‍ഷക സംഘര്‍ഷം അരങ്ങേറിയ ലഖിംപൂര്‍ ഖേരിയിലും കുപ്രചാരണങ്ങളെ മറികടന്ന് ബിജെപി വിജയക്കൊടി പാറിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഒരുപോലെ നേടിയ ബിജെപി ജാതിരാഷ്ട്രീയത്തിന്റെ വക്താക്കളെ ദേശീയരാഷ്ട്രീയത്തിന്റെ മണ്ണില്‍നിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു.
വലിയ അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയ അഖിലേഷ് യാദവിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ നേടാനായെങ്കിലും ബിജെപിയുടെ മുന്നില്‍ അടിയറവു പറയേണ്ടിവന്നിരിക്കുകയാണ്. മുസ്ലിം വര്‍ഗീയവാദത്തെ തുറന്നു പിന്തുണച്ചുകൊണ്ട് അധികാരം പിടിക്കാമെന്നു വ്യാമോഹിച്ച അഖിലേഷിന്റെ രാഷ്ട്രീയ ജീവിതം തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നു. പ്രിയങ്ക വാദ്രയെ രംഗത്തിറക്കി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നു വീമ്പടിച്ച കോണ്‍ഗ്രസ്സിന് മേല്‍വിലാസം തന്നെ നഷ്ടമായിരിക്കുകയാണ്. നെഹ്റു കുടുംബത്തിന്റെ തട്ടകമായി കരുതപ്പെട്ടിരുന്ന അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ്സിന് ഒരു സീറ്റുപോലും നേടാനായില്ല. സോണിയ കോണ്‍ഗ്രസ്സിന് ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ ഇനിയൊരു തിരിച്ചുവരവിന് തീരെ സാധ്യതയില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയെ കോണ്‍ഗ്രസ്സിന്റെ രക്ഷകയായി അവതരിപ്പിച്ച മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരംമുട്ടിയിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വിജയം അസാധ്യമാണെന്ന പ്രവചനങ്ങളും തെറ്റിയിരിക്കുന്നു. ഇഞ്ചോടിഞ്ച് മത്സരത്തിലൂടെ ഈ സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ച് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരിക്കുകയാണ്. ഗോവയില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട അവസരം ഇക്കുറി മുതലെടുക്കുമെന്ന കോണ്‍ഗ്രസ്സിന്റെ അഹങ്കാരത്തിന് കൂടുതല്‍ സീറ്റു നേടി കനത്തപ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ് ബിജെപി. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിച്ചിരിക്കുന്നു.
പഞ്ചാബില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയം ആ പാര്‍ട്ടിയുടെ ഭാവിയെ ഇരുളിലാഴ്ത്തുന്നതാണ്. കോണ്‍ഗ്രസിന്റെ തളര്‍ച്ചയും അലസതയുമാണ് അവിടെ ആംആദ്മി പാര്‍ട്ടിക്ക് വഴിതെളിച്ചത്. രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസ്സ് സര്‍ക്കാരുകളും ഇതോടെ കൂടുതല്‍ അസ്ഥിരപ്പെടും. നെഹ്റു കുടുംബത്തിലെ ഒരാള്‍ക്കും ഈ പാര്‍ട്ടിയെ രക്ഷിക്കാനാവില്ലെന്ന് ഒന്നുകൂടി തെളിഞ്ഞിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി വിജയം കേരളത്തിനു നല്കുന്ന സന്ദേശവും വ്യക്തം. ശ്രദ്ധിച്ചു വോട്ടു ചെയ്തില്ലെങ്കില്‍ യുപി കേരളമാവുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കേരളത്തിലെ ഇടതു ദുര്‍ഭരണത്തിലേക്കാണ് യോഗി വിരല്‍ചൂണ്ടിയത്. ഇതിന്റെ പേരില്‍ യോഗി കേരളത്തെ അപമാനിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് വിവാദമാക്കിയവര്‍ക്ക് ഇപ്പോള്‍ എന്ത് പറയാനുണ്ട്? അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ദേശീയ രാഷ്ട്രീയത്തിനു നല്കുന്ന സന്ദേശം വ്യക്തമാണ്. ദേശീയതയുടെ വക്താവും വികസനരാഷ്ട്രീയത്തിന്റെ പ്രയോക്താവുമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരാളിയില്ല. മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ നിയമസഭാ സീറ്റുകളെല്ലാം ബിജെപി തൂത്തുവാരിയിരിക്കുന്നു. നാല് സംസ്ഥാനങ്ങളില്‍ അധികാരത്തുടര്‍ച്ച നേടാനായതില്‍ കേന്ദ്രസര്‍ക്കാരിന്റെ വികസന രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. ഉത്തര്‍പ്രദേശിന്റെ മണ്ണില്‍ താന്‍ അജയ്യനാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തെളിയിച്ചിരിക്കുന്നു. മോദിയും യോഗിയും ചേര്‍ന്ന ഡബിള്‍ എഞ്ചിനാണ് ഉത്തര്‍പ്രദേശില്‍ ആവശ്യമെന്ന് അവിടുത്തെ ജനത ഒരിക്കല്‍ക്കൂടി ശരിവച്ചിരിക്കുന്നു. ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി. അങ്ങനെ നോക്കുമ്പോള്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മോദിക്കും ബിജെപിക്കും ഒപ്പമായിരിക്കുമെന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: