എടത്വാ: നിര്‍മ്മാണത്തില്‍ ഇരിക്കുന്ന റോഡ് നദിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ എന്‍എസ്എസ് പടി – റ്റിംഎംറ്റി ഹൈസ്കൂള്‍ റോഡാണ് ഇടിഞ്ഞു താഴ്ന്നത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. റോഡിന്റെ പകുതിയിലധികം നീരേറ്റുപുറം പമ്പാനദിയിലേക്ക് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. റോഡിനോട് ചേര്‍ന്നുള്ള പഴങ്ങേരില്‍ സിജിയുടെ വീടിന്റെ മതിലിന് ബലക്ഷയം സംഭവിച്ചു. വീണ്ടും റോഡ് ഇടിഞ്ഞാല്‍ വീടിനും കേടു സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.
പ്രളയത്തിന് മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡിന്റെ സംരക്ഷണ ഭിത്തി നദിയിലേക്ക് ഇടിഞ്ഞു താഴ്ന്നിരുന്നു. വാഹന ഗതാഗതം നിലച്ച റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന് ജലവിഭവ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടര്‍ ഏറ്റെടുത്ത കരാറുകാരന് നദീതീരത്ത് ആറ് കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിച്ചതല്ലാതെ പണി പൂര്‍ത്തിയാക്കിയില്ല. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നാണ് നിര്‍മ്മാണം വീണ്ടും ആരംഭിച്ചത്. രണ്ട് മാസമായി നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുകയാണ്. നദീതീരത്ത് കോണ്‍ക്രീറ്റ് പൈലിങ് നടന്നുകൊണ്ടിരിക്കെയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡ് അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് എഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഫോട്ടോ: നിര്‍മ്മാണത്തിലിരിക്കുന്ന നീരേറ്റുപുറം എന്‍എസ്എസ് പടി – റ്റിംഎംറ്റി റോഡ് ഇടിഞ്ഞ നിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: