ഒ.എന്‍. ജയന് നാരായണന് എഫ്സിഎ
കൊവിഡാനന്തര ലോകത്ത് സാമ്പത്തിക കുതിപ്പ് നടത്തുന്ന ഭാരതത്തെയാണ് ഇന്ന് ലോകം ശ്രദ്ധിക്കുന്നത്. ഐഎംഎഫ് പ്രവചിക്കുന്നത് ഈ വര്‍ഷം ഭാരതം 9 ശതമാനം വളരും എന്നാണ്, ചൈന അഞ്ച് ശതമാനവും അമേരിക്ക നാല് ശതമാനവും വളര്‍ച്ചാനിരക്കുമാണ് പ്രതീക്ഷിക്കുന്നത്. പ്രതിസന്ധികളെ അവസരമാക്കി മാറ്റി, രാജ്യത്തെ ശക്തമായി മുന്നോട്ട് കൊണ്ടുവരുന്നതില്‍ ‘മോദിനോമിക്സ്’ വിജയിച്ചിരിക്കുന്നു. മുതലാളിത്ത സാമ്പത്തിക പ്രത്യയശാസ്ത്രത്തിനും
സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് സാമ്പത്തിക നയങ്ങള്‍ക്കും ബദലായി കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മമാനവദര്‍ശനത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സാമ്പത്തിക നയങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു.
വളര്‍ച്ചാനിരക്ക് എന്ന മാനദണ്ഡത്തിനും അപ്പുറം രാജ്യത്തിന്റെ പൊതുവായ വികസനവും, സാധാരണക്കാരുടെ ജീവിതനിലവാരത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നല്ല പരിവര്‍ത്തനങ്ങളും ഭാരതം ഇന്ന് ചര്‍ച്ച ചെയ്യുന്നു. ബജറ്റിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെപോയ മറ്റൊരു വസ്തുതയാണ്, 2012-13ല്‍ 14.90 കോടി മൊത്തം ചെലവിനായി നീക്കിവെച്ചപ്പോള്‍ 2015ല്‍ ഇത് 17.77 ലക്ഷം കോടിയായും ഇപ്പോള്‍ 39.40 ലക്ഷം കോടി ആയും ഉയര്‍ന്നുവെന്നത്. ഭാരതത്തിന്റെ പ്രതിരോധ ബജറ്റ് 3.85 ലക്ഷം കോടി ആയി ഉയര്‍ന്നു. പൃഥ്വി മിസൈല്‍ കയറ്റുമതിയിലൂടെ രാജ്യം 600 ദശലക്ഷം ഡോളര്‍ നേട്ടം ഉണ്ടാക്കുന്ന നിലയിലേക്ക് ആഭ്യന്തര ഉത്പാദനരംഗം ഉന്നതി കൈവരിക്കുമ്പോള്‍, മൊത്തം പ്രതിരോധ ഉത്പാദനത്തിന്റെ 68 ശതമാനം ആഭ്യന്തര ഉത്പാദനത്തിലേക്ക് ഉയര്‍ത്താന്‍ ബജറ്റ് വിഭാവനം ചെയ്യുന്നു.
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് മുന്നിലും ഭാരതം വളര്‍ച്ചാനിരക്ക് കൈവരിച്ചതിനുപിന്നിലെ സാമ്പത്തികനയം മനസ്സിലാക്കണമെങ്കില്‍ ഇടത് പ്രത്യയശാസ്ത്രം അടിത്തറയാക്കിയ ചൈനയും മുതലാളിത്തവ്യവസ്ഥിതി പിന്തുടരുന്ന പാശ്ചാത്യ സാമ്പത്തിക നയങ്ങളും മോദിനോമിക്സും തമ്മിലെ വ്യത്യാസം വിശകലനം ചെയ്യേണ്ടിവരും.
- ഇടതുപക്ഷ വീക്ഷണം
റിയല്‍ എസ്റ്റേറ്റ് ഭീമനായ എവര്‍ഗ്രാന്‍ഡേയുടെ പതനം കഴിഞ്ഞ ഡിസംമ്പര്‍ 6 ന് കടബാധ്യത തിരിച്ചടയ്ക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലേക്ക് ചൈനീസ് സാമ്പത്തികമേഖലയെ കൊണ്ടെത്തിച്ചു. അമേരിക്കന്‍ ഡോളര്‍ 300 ബില്യണ്‍ ആണ് എവര്‍ഗ്രാന്‍ഡേയുടെ മൊത്തം കടബാധ്യത.
ചൈനയുടെ സാമ്പത്തികനയങ്ങള്‍ 1980ന് ശേഷം പൂര്‍ണമായും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് നയം ഉപേക്ഷിച്ച് സമ്പൂര്‍ണ്ണമായ മുതലാളിത്ത പാതയിലാണ് എന്ന യാഥാര്‍ത്ഥ്യം ലോകം മനസ്സിലാക്കിയതാണ്. ചൈനയുടെ സാമ്പത്തിക പ്രതിസന്ധി അത്രത്തോളം രൂക്ഷമാണ് എന്ന് മാത്രമല്ല ഒരു രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കാന്‍ പര്യാപ്തവുമാണ്.
കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ, പ്രത്യേകിച്ച് സാമ്പത്തികശക്തിയുടെ അവസാന തുരുത്തിലുണ്ടാകുന്ന ഏത് ദുരന്തവും ഇടതുപക്ഷ ആശയങ്ങളുടെതന്നെ അന്ത്യത്തിലേക്കുള്ള നീക്കമായി കാണേണ്ടിവരും. റഷ്യയിലേയും കിഴക്കന്‍ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നിലംപൊത്തിയതിനേക്കാള് ആഘാതം അത് ലോകസമ്പദ്ഘടനയില്‍ ഉണ്ടാക്കും. എവര്‍ഗ്രാന്‍ഡേ തകര്‍ച്ചയേക്കാള്‍ കൂടുതലായി റിയല്‍ എസ്റ്റേറ്റ് മേഖലയുടെയും അതുവഴി സാമ്പത്തിക മേഖലയുടെ തളര്‍ച്ചയും നിരവധി ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയുമാണ് ഇന്ന് ചൈന നേരിടുന്ന പ്രതിസന്ധി.
- ചൈനയുടെ സാമ്പത്തിക നയവും തിരിച്ചടിയും
ലാഭം ഒരു അശ്ലീലപദം എന്ന ഇടതുപക്ഷ വീക്ഷണത്തിന്റെ തിരസ്കാരമായിരുന്നു 1980ന് ശേഷം ചൈന അവലംബിച്ച പൂര്‍ണ മുതലാളിത്ത അടിത്തറയിലുള്ള ഉത്പാദന വ്യവസ്ഥ. ദീര്‍ഘവീക്ഷണത്തോടെ ഡെങ് സീ യാവോ പിങ് നടത്തിയ നീക്കങ്ങള്‍, വിദേശ നിക്ഷേപത്തിന്റെ സഹായത്തോടെ ചൈനയെ ലോകത്തിന്റെ ഉത്പാദന കേന്ദ്രമാക്കി, ലോക ഫാക്ടറിയാക്കി. ഇത് നല്കിയ സാമ്പത്തിക ശക്തി ചൈനയുടെ സാമ്രാജ്യത്വ വികസന മോഹങ്ങള്‍ക്ക് ചിറകുകളും മറുവശത്ത് ചൈനയുടെ വളര്‍ച്ച ലോകമെമ്പാടുമുള്ള ഇടതുപക്ഷ ശക്തികള്‍ക്ക് ചെറിയ തോതിലെങ്കിലും പ്രത്യാശയും നല്കി. ഇന്ന് ചൈന നേരിടുന്ന പ്രതിസന്ധികള്‍ പലതാണ്, വാണിജ്യ വ്യാപാരങ്ങളിലെ അമിതമായ സ്റ്റേറ്റ് സ്വാധീനവുമാണ് അതിന് ഒരു കാരണം.
ചൈനീസ് നയങ്ങളിലെ പാളിച്ചകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, കടം കൊടുത്ത് കെണിയിലാക്കുന്ന ചൈനിസ് തന്ത്രം ചെറുരാജ്യങ്ങളെ ഭയത്തോടെ ചൈനയെ വീക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു. കടക്കെണിയിലായ ചൈനീസ് ഭീമന്മാരെ രക്ഷിക്കുക എന്നത് പ്രസിഡന്റ് ഷി ജിങ്പിങ്ങിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്. നിരവധി വര്‍ഷങ്ങളായി ചൈനീസ് സാമ്പത്തിക വ്യവസ്ഥ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണം കൂടിയാണിത്. ചൈനയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബുള്ളറ്റ് ട്രെയിന്‍ വലിയ വെള്ളാനയായി സാമ്പത്തിക പരാധീനതയിലേക്ക് രാജ്യത്തെ കൊണ്ടു പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.
- ദിശയില്ലാത്ത കേരളത്തിന്റെ യാത്ര
സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ കൃത്യമായ നിലപാട് എടുക്കാന്‍ കഴിയാതെ മുതലാളിത്ത സാമ്പത്തികനയങ്ങള്‍ വക്രീകരിച്ച് നടപ്പിലാക്കി ലോകം ഭരിക്കാനാഗ്രഹിച്ച് നീങ്ങിയ ചൈനയുടെ വഴിയിലേക്ക് നടന്നുകയറുകയാണ് കേരളത്തിലെ ഇടതുപക്ഷവും. കെ റെയില്‍ സാഹസത്തിലൂടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കാതെ കടക്കെണി പണിയുന്ന ദിശാബോധമില്ലാത്ത വികസനം സ്വപ്നം കാണുകയാണ് കേരളം. കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് കേരളം ഏകദേശം മൂന്നര ലക്ഷം കോടി കടബാധ്യതയിലക്ക് കൂപ്പുകുത്തിയപ്പോള്‍ ഏത് മേഖലകളിലാണ് ധനം ഉപയോഗപ്പെടുത്തിയത് എന്ന വിശകലനം നടക്കുന്നതേയില്ല.
വ്യത്യസ്തമായ സാമ്പത്തിക നയങ്ങള്‍ക്കൊണ്ട് തങ്ങള്‍ ഭരിച്ച പ്രദേശങ്ങള്‍ സ്വയം പര്യാപ്തമാക്കി എന്ന വാദമാണ് പൊതുവില്‍ കമ്മ്യൂണിസ്റ്റുകാര്‍ പറയാറുള്ളത്. അതിലെ പൊള്ളത്തരം പശ്ചിമ ബംഗാളും ത്രിപുരയും കാണിച്ചു തരികയും ചെയ്തു. കേരളമാകട്ടെ ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറി. തകര്‍ന്ന കാര്‍ഷിക വ്യവസ്ഥയും ഉത്പാദന മേഖലയും ഏകദേശം 3.5ലക്ഷംകോടിയോളം പൊതുകടവും തൊഴില്‍ തേടുന്ന 35 ലക്ഷത്തോളം അഭ്യസ്തവിദ്യരും ഏകദേശം 25-30 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുമൊക്കെയായി ദയനീയമാണ് കേരളത്തിന്റെ അവസ്ഥ.
മദ്യവില്പനയിലുടെയും ലോട്ടറി കച്ചവടത്തിലുടെയും മുഖ്യ വരുമാനം കണ്ടെത്തുന്ന കേരള സര്‍ക്കാര്‍ വികലമായ വികസന സങ്കല്പങ്ങള് അനുവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇവിടെ ഉണ്ടായിരുന്ന കയര്‍, കശുവണ്ടി, ഓട്ടു പാത്രം തുടങ്ങി എല്ലാ സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളും തകര്‍ന്നു. പകരംവയ്ക്കാന്‍ ഒരു മേഖലയും ഇല്ല. ഇതാണ് നവോത്ഥാനം കഴിഞ്ഞ, ഇടത് വികസനം നടപ്പിലാക്കിയ കേരളത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ ചിത്രം. അതുകൊണ്ട് തന്നെ ദാരിദ്ര്യ നിര്മാര്ജ്ജനമാണോ അതോ ദാരിദ്ര്യ നിര്‍മാണം ആണോ കമ്മ്യൂണിസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നത് വിശദമായി വിശകലനം ചെയ്യണം.
പരിവര്‍ത്തനത്തിന്റെ സാമ്പത്തിക നയങ്ങള്‍ അഥവാ മോദിനോമിക്സ് വ്യക്തിയെ സമൂഹത്തിനു മുകളില്‍ പ്രതിഷ്ഠിക്കുന്ന മുതലാളിത്തമോ സമൂഹത്തെ വ്യക്തിക്കു മുകളില്‍ സ്ഥാപിക്കുന്ന കമ്മ്യൂണിസമോ അല്ല. മറിച്ച് വ്യക്തിയുടെ ഉത്കര്‍ഷേച്ഛയെ സമൂഹത്തിന്റെ, അതുവഴി രാഷ്ട്രത്തിന്റെ വികസനം സാധ്യമാക്കുകയെന്ന ഏകാത്മ മാനവ ദര്‍ശനത്തില്‍ ഊന്നിയുള്ള മോദിനോമിക്സ് കേരളം മനസ്സിലാക്കാതെ പോകുന്നതാണ് കേരളത്തിലെ സമകാലീന സാമ്പത്തിക രാഷ്ട്രീയം.
ചൈനയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട തത്വശാസ്ത്രങ്ങള്‍ മാറ്റിവെച്ച് ദീനദയാല്‍ ഉപാധ്യായുടെ ഏകാത്മ മാനവവാദത്തിന്റെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ട് മനുഷ്യന്റെ സ്വാഭാവികമായ സംരംഭകത്വം, അതുവഴി കേരളത്തില്‍ നിലനിന്നിരുന്ന ഉത്പാദന സംരംഭങ്ങളും പുനരുജ്ജീവിപ്പിക്കലാണ് കേരളത്തിനു മുന്നിലുള്ള വഴി. പ്രകൃതിയുടെ സന്തുലിതമായ ഉപഭോഗത്തിലൂടെ, കാര്‍ഷിക ഉത്പാദന മേഖലയിലേക്ക്, ചെറുകിട സ്വകാര്യ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് മുന്നേറാന്‍ കേരളം കാഴ്ചപ്പാടുകള്‍ പരിഷ്കരിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ മൂന്ന് മുതല്‍ നാല് ലക്ഷം തൊഴിലാളി കുടംബങ്ങള്‍ക്കും തൊഴിലും ഒപ്പം വിദേശനാണ്യവും നേടിത്തന്നിരുന്ന കശുവണ്ടി വ്യവസായം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്ന് പരിശോധിക്കുമ്പോള്‍, ദീര്‍ഘവീക്ഷണമോ കാഴ്ചപ്പാടുകളോ ഇല്ലാത്ത സാമ്പത്തിക നയങ്ങള്‍ വരുത്തിവയ്ക്കുന്ന സമൂഹത്തിന്റെ നഷ്ടം നമുക്ക് കാണാം. സംരഭകത്വം ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച്, തൊഴിലില്ലായ്മക്ക് കാരണമായി, ദാരിദ്ര്യം സൃഷ്ടിച്ച വിചിത്ര കമ്മ്യൂണിസത്തിന് നേര്‍സാക്ഷിയാവുകയാണ് കേരളം.
മോദിനോമിക്സിന്റെ പ്രസക്തി ഇവിടെയാണ്, കേരളം ഇനിയും ശരിയായി മനസ്സിലാക്കാത്തതും അതാണ്. ചൈനയുടെ തെറ്റ് ആവര്‍ത്തിക്കാതെ, മോദി സര്‍ക്കാര്‍ മനുഷ്യന്റെ സ്വാഭാവിക സംരംഭകത്വത്തെ ഭാരതീയ ശൈലിയില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഗ്രാമശില്പി പ്രകോഷ്ട് പദ്ധതി പോലെ പരമ്പരാഗത നിര്‍മാണ മേഖലകളെ കൈപിടിച്ചു ഉയര്‍ത്തിക്കൊണ്ട്, അവരെ നൈപുണ്യ വികസനത്തോടെ, ആധുനികത അവരുടെ കര്‍മ്മ മേഖലയിലേക്ക് കൊണ്ടുവരുമ്പോഴാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 9 ശതമാനത്തിന് മുകളിലേക്ക് വളരെ സമീകൃതമായി വികസിക്കുന്നത്.
- മാറേണ്ട കേരളം
മാനവികതയുടെ സ്വാഭാവിക ഇച്ഛാശക്തികളെ പോത്സാഹിപ്പിച്ചുകൊണ്ട് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍ ജീവിക്കുന്നവരുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുക. അതിന് പ്രചോദിതമായ മോദിനോമിക്സ് കേരളത്തിലും നടപ്പിലാക്കാന്‍ തയ്യാറായാല്‍ കേരളത്തിലെ 35-40 ലക്ഷം വരുന്ന തൊഴിലില്ലായ്മക്കും വികസന പ്രതിസന്ധിക്കും വലിയ പരിഹാരം കണ്ടെത്താനാകും.
പരാജയപ്പെട്ട കമ്മ്യൂണിസത്തിനു ബദല്‍ എന്ന് അംഗീകരിച്ച് കേരളവും മാനുഷികതയുടെ അടിസ്ഥാനത്തില്‍ വികസനം വിഭാവനം ചെയ്യുന്ന ഏകാത്മമാനവ ദര്‍ശനവും അതിന്റെ വിജയകരമായ നടത്തിപ്പിന് ദൃഷ്ടാന്തമായ മോദിനോമിക്സും നടപ്പിലാക്കാനുള്ള ചിന്തകളിലേക്ക് കേരളം മാറേണ്ടിയിരിക്കുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ചെറുകിട വ്യവസായങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ ഇവയിലേക്ക് നിലവിലെ വ്യാവസായിക മേഖലകളെയെങ്കിലും പരിവര്‍ത്തനം ചെയ്താല്‍ കേരളത്തിനും ഉത്പന്ന കയറ്റുമതി രംഗത്ത് നേട്ടമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: