ബെംഗളൂരു: ഹിജാബ് വിവാദത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി കോളേജിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ പാക്കിസ്ഥാന് പതാക പോസ്റ്റ് ചെയ്തു. ശിവമോഗ ജില്ലയിലെ സഹ്യാദ്രി സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കോളേജ് ഗ്രൂപ്പില്‍ പക്കിസ്ഥാന് പതാക പോസ്റ്റ് ചെയ്തത്.
ഇതിനേത്തുടര്‍ന്ന് ഇന്നലെ കോളേജ് പരിസരത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപിയും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കോളേജില്‍ നിന്ന് പിരിച്ചുവിടണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോളേജ് മാനേജ്മെന്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കഴിഞ്ഞ മാസം ചിക്കമംഗളൂരു ജില്ലയില്‍ നിന്നുള്ള ഒരു ബിസിഎ വിദ്യാര്‍ത്ഥിനി ഹിജാബ് തന്റെ അവകാശമാണെന്ന് പറഞ്ഞ് ഒരു സന്ദേശം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഗ്രൂപ്പില്‍ ചൂടേറിയ വാക്കുതര്‍ക്കത്തിന് കാരണമായി. ഇതിനേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ ഗ്രൂപ്പില്‍ ഇന്ത്യന്‍ പതാക പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് വിദ്യാര്‍ത്ഥിനി പാകിസ്ഥാന് പതാക ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.
വിഷയത്തില്‍ നിയമോപദേശം തേടുകയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു മെമ്മോറാണ്ടം സ്വീകരിക്കുകയും വിദ്യാര്‍ത്ഥിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: