കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. ബൊമ്മൈ നടത്തിയ ഒരു പ്രഖ്യാപനം ആ സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ ഹിന്ദുമത വിശ്വാസികള്‍ക്കും സന്തോഷം പകരുന്നു. കര്‍ണാടകയിലെ ക്ഷേത്രങ്ങളെയെല്ലാം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍നിന്ന് നീക്കി സ്വയംഭരണാധികാരം നല്‍കുമെന്നാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി കൂടിയായ ബൊമ്മൈ പ്രഖ്യാപിച്ചത്. ഇതുവരെയുള്ള നിയമമനുസരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കണമെങ്കില്‍ ക്ഷേത്ര മാനേജ്മെന്റിന് സര്‍ക്കാരിന്റെ അനുമതി വേണമായിരുന്നു. ഈ നിയന്ത്രണം നീക്കണമെന്ന് മാറി മാറി വന്ന സര്‍ക്കാരുകളോട് വളരെക്കാലമായി ഭക്തജനങ്ങള്‍ ആവശ്യപ്പെടുന്നതാണ്. ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചതോടെ വലിയൊരു മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. 34000 ത്തിലേറെ ക്ഷേത്രങ്ങളാണ് കര്‍ണാടകയിലുള്ളത്. വരുമാനം അനുസരിച്ച് എ, ബി, സി എന്നിങ്ങനെ ഇവയെ മൂന്നുവിഭാഗങ്ങളാക്കിയിരിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും സംസ്ഥാനത്തുനിന്ന് കാശി തീര്‍ത്ഥാടനത്തിനുപോകുന്ന ഓരോ ഭക്തനും 5000 രൂപാ വീതം സഹായധനം നല്‍കുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പ്രഖ്യാപിക്കുകയുണ്ടായി. ടൂറിസം വികസന കോര്‍പ്പറേഷനു കീഴില്‍ ‘പവിത്രയാത്രാ പദ്ധതി’ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം കഴിഞ്ഞവര്‍ഷം ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍നിന്ന് മോചിപ്പിക്കുമെന്ന് ബൊമ്മൈ വ്യക്തമാക്കിയിരുന്നു. ഈ വാക്കാണ് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുന്നത്.
ക്ഷേത്രങ്ങളെ സര്‍ക്കാരുകള്‍ കയ്യടക്കി വച്ചിരിക്കുന്നത് നിയമത്തിനു മുന്നില്‍ തുല്യത എന്ന ഭരണഘടനാ തത്വത്തിന് എതിരാണ്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഒരുതരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കും തയ്യാറല്ലാത്ത ഭരണാധികാരികള്‍ ഹൈന്ദവ ക്ഷേത്രങ്ങളെ ഏകപക്ഷീയമായി സ്വന്തം അധീനതയില്‍ വച്ചിരിക്കുന്നതില്‍ പ്രത്യക്ഷത്തില്‍ തന്നെ അനീതിയുണ്ട്. ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതും അവരെ രണ്ടാംതരം പൗരന്മാരാക്കി അപമാനിക്കുന്നതിനും തുല്യമാണിത്. ക്ഷേത്രവരുമാനം പലതരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനും ക്ഷേത്രസ്വത്തുക്കള്‍ തന്നെ വന്‍തോതില്‍ അന്യാധീനപ്പെടുന്നതിനും ഇത് ഇടയാക്കുന്നു. ക്ഷേത്രഭൂമികള്‍ കയ്യേറിയിട്ടുള്ളവര്ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ ശക്തമായ ചില പ്രതികരണങ്ങള്‍ മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് അടുത്തിടെ ഉണ്ടായി. ക്ഷേത്ര സ്വത്തുക്കള്‍ എത്രയെന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ടു നല്കാന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഭരണാധികാരികള്‍ അലസ സമീപനം പുലര്‍ത്തുകയാണ്. ചിദംബരം ക്ഷേത്രം ഏറ്റെടുത്ത നടപടി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതിയും തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുണ്ടായി. അടുത്തിടെയാണ് ചാര്‍ധാം ക്ഷേത്രങ്ങളുടെ മേലുള്ള നിയന്ത്രണം ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ നീക്കിയത്. കര്‍ണാടകയിലെ ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നടപടി ഇതിന്റെ തുടര്‍ച്ചയായി കാണാവുന്നതാണ്.
ഭരണകൂടങ്ങള്‍ ഹിന്ദുവിരുദ്ധമായ സമീപനം പുലര്‍ത്തുന്നതുകൊണ്ടാണ് ക്ഷേത്രങ്ങള്‍ കയ്യടക്കിവയ്ക്കുന്നത്. ഇതിന്റെ ദൃഷ്ടാന്തമാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. ആരാധനാലയങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മാത്രം ദേവസ്വം ബോര്‍ഡുകളുടെ മറവില്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും ഭരിക്കുമ്പോള്‍ ക്രൈസ്തവ-മുസ്ലിം ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇങ്ങനെയൊരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും അവര്‍ തയാറല്ല. ഭരണ സംവിധാനം മതേതരമാണെന്ന അവകാശവാദത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇവിടെ തെളിയുന്നത്. ക്ഷേത്രങ്ങളെ രാഷ്ട്രീയ-ഭരണമുക്തമാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ഒരു കമ്മീഷന് റിപ്പോര്‍ട്ടു തന്നെ ഉണ്ടായിട്ടും അത് പ്രാവര്‍ത്തികമാക്കാന്‍ കേരളം ഭരിച്ചവര്‍ തയ്യാറായിട്ടില്ല. ഇതിനു പകരം ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുവിരുദ്ധരും നിരീശ്വരവാദികളുമായ സ്വന്തം പിണിയാളുകളെ വച്ച് തന്നിഷ്ടപ്രകാരം ഭരണം നടത്തുകയാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രേതരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഹൈക്കോടതി റദ്ദാക്കുകയുണ്ടായല്ലോ. കേരളത്തിലെ ക്ഷേത്രങ്ങളെ ഭരണാധികാരികളുടെ പിടിയില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രസംരക്ഷണ സമിതിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും മറ്റും നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി സമരം നടക്കുകയാണ്. ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്‍നിന്ന് മോചിപ്പിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെയും ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെയും നടപടികള്‍ ഈ ആവശ്യത്തിന് ശക്തിപകരുന്നു. കേരളത്തിലെ ഭരണാധികാരികള്‍ ഈ ആവശ്യം അംഗീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: