ന്യൂദല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) പ്രവര്‍ത്തിപ്പിക്കുന്നത് ഹിമാലയത്തില്‍ നിന്നുള്ള അഞ്ജാത യോഗിയാണെന്ന കഥ പറഞ്ഞ ചിത്രാരാമകൃഷ്ണന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ അനുയായിയും. എന്‍എസ്ഇ പ്രവര്‍ത്തനങ്ങളിലെ അഴിമതി മൂലം സിബി ഐ പിടിയിലായ ചിത്രാരാമകൃഷ്ണനെ പി. ചിദംബരത്തിന്റെ അനുയായിയായ അജയ് നരോത്തം ഷാ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്.
എന്‍എസ്ഇയുമായി ബന്ധപ്പെട്ട് 2018ല്‍ നടന്ന കോ-ലൊക്കേഷന്‍, അല്‍ഗൊരിതം അഴിമതികളില്‍ ഷായ്‌ക്കുള്ള പങ്ക് വിശദമായി സിബിഐ അന്വേഷിക്കുകയാണ്. ഇപ്പോള്‍ ഗവേഷണ പ്രൊഫസറായി പ്രവര്‍ത്തിക്കുകയാണ് അജയ് നരോത്തം ഷാ.
കോണ്‍ഗ്രസിന്റെ യുപിഎ ഭരണ കാലത്ത് ധനകാര്യമന്ത്രാലയത്തിന്റെയും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെയും കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു അജയ് ഷാ. എന്‍എസ്ഇയുടെ പ്രവര്‍ത്തനം സംബന്ധിച്ച രഹസ്യവിവരങ്ങള്‍ അജയ് ഷായുമായും ഇന്‍ഫോടെക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസുമായും ചിത്രാരാമകൃഷ്ണന്‍ പങ്കുവെച്ചിട്ടുണ്ട്. അജയ്ഷായുടെ സഹോദര ഭാര്യയായ സുനിത തോമസാണ് ഇന്‍ഫോടെക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ഡയറ്കടര്‍. എന്‍എസ്ഇയുടെ അപ്പോഴത്തെ സീനിയര്‍ വൈസ് പ്രസിഡന്‍റായ സുപ്രാത് ലാലിന്റെ ഭാര്യയാണ് സുനിത തോമസ്.
2009-10 കാലത്ത് സോഫ്റ്റ് വെയര്‍ വികസിപ്പിക്കാന്‍ എന്‍എസ്ഇ ഇന്‍ഫോടെക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിനെ കരാറേല്‍പിച്ചിട്ടുണ്ട്. അജയ് ഷാ ആണ് ചാണക്യ എന്ന സോഫ്റ്റ് വെയര്‍ വികസിപ്പിക്കാന്‍ സഹായം നല്‍കിയത്. ഇത് ബ്രോക്കര്‍മാര്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഈ ബ്രോക്കര്‍മാര്‍ക്ക് മറ്റൊരു സര്‍വറില്‍ നിന്നും ഈ ഡേറ്റകള്‍ കോ-ലോകേഷന്‍ സൗകര്യം ഉപയോഗിച്ച് മറ്റ് ബ്രോക്കര്‍മാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ലഭിക്കുമായിരുന്നു. ഗവേഷണം നടത്തുന്നു എന്നതിന്റെ മറവില്‍ 2005-06 കാലത്ത് അജയ് ഷാ എന്‍എസ്ഇ വ്യാപാര ഡേറ്റ ശേഖരിച്ചിരുന്നതായി സിബി ഐ പറയുന്നു.
എന്‍എസ്ഇ ടിബിടി ആര്‍കിടെക്ചര്‍ ചൂഷണം ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്ക് വാഹിച്ചിട്ടുണ്ട് അജയ് ഷാ. ഇദ്ദേഹത്തിന്റെ ഗവേഷണ ഡേറ്റ ഉപയോഗിച്ചാണ് അല്‍ഗൊ സോഫ്റ്റ് വെയര്‍ അനധികൃതമായി അജയ് ഷാ വികസിപ്പിച്ചത്.
അജ്ഞാതനായ ഹിമാലയന്‍ യോഗി ആര്?
ഇതുവരെ അഞ്ജാതനായ ഹിമാലയന്‍ യോഗി ആരെന്ന് വെളിപ്പെടുത്താന്‍ ചിത്ര രാമകൃഷ്ണന്‍ തയ്യാറായിട്ടില്ല. ഈ യോഗിയാണ് എന്‍എസ്ഇയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കുന്നതെന്ന് ചിത്രാരാമകൃഷ്ണന്‍ ചോദ്യം ചെയ്യലില്‍ സിബി ഐയോട് പറഞ്ഞിരുന്നു. എന്‍എസ്ഇ സംബന്ധിച്ച ഒട്ടേറെ രഹസ്യവിവരങ്ങള്‍ ഹിമാലയന്‍ യോഗിയോട് പങ്കുവെയ്‌ക്കാറുണ്ടെന്നും ചിത്രാ രാമകൃഷ്ണന്‍ പറയുന്നു.
എന്‍എസ്ഇയില്‍ തന്നെ നാല് കോടി രൂപ വരെ വാര്‍ഷിക ശമ്പളത്തില്‍ ചിത്ര തന്നെ നിയമിച്ച ആനന്ദ് സുബ്രഹ്മണ്യനായിരിക്കാം ഹിമാലയന്‍ യോഗി എന്നാണ് ആദ്യം കരുതിയിരുന്നത്. ഈ യോഗിക്ക് അതീന്ദ്രിയ ശക്തികളുണ്ടെന്നും ഏത് പ്രദേശത്തും സ്വന്തം ഇഷ്ടപ്രകാരം പ്രത്യക്ഷപ്പെടാന്‍ ശേഷിയുണ്ടെന്നും ചിത്ര പറഞ്ഞിരുന്നു. യോഗിയുടെ നിര്‍ദേശമനുസരിച്ചാണ് ചിത്ര ആനന്ദ് സുബ്രഹമണ്യന്‍ എന്ന വെറും 15 ലക്ഷം മാത്രം വാര്‍ഷിക ശമ്പളമുണ്ടായിരുന്ന വ്യക്തിയെ കോടികളുടെ ശമ്പളത്തിന് നിയമിച്ചത്. പിന്നീട് ആനന്ദ് സുബ്രഹ്മണ്യനെ എന്‍എസ്ഇയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയതും ഇതേ യോഗിയുടെ നിര്‍ദേശപ്രകാരമാണെന്ന് പറയുന്നു. ഹിമാലയന്‍ യോഗി ആരെന്ന സിബി ഐയുടെ ചോദ്യത്തിന് ചിത്രാ സുബ്രഹ്മണ്യന്‍ ഇതുവരെയും ഉത്തരം നല്‍കിയിട്ടില്ല. ചിത്ര ഇപ്പോള്‍ സി ബി ഐ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: