ഷിംല: റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഉക്രൈനില്‍ നിന്നും 32 ഹിമാചല്‍പ്രദേശ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ ആദ്യ സംഘം ദല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയത് ഞായറാഴ്ച. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലായിരുന്നു ഈ സംഘം എത്തിയത്.
ഇതില്‍ ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു ഹമിര്‍പൂരില്‍ നിന്നുള്ള അങ്കിത താക്കൂര്‍. അങ്കിത വീട്ടില്‍ സുരക്ഷിതയായി എത്തിയപ്പോള്‍ കുടുംബത്തിന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. ജലേദിയിലെ ഒരു ആയുര്‍വേദ ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറായിരുന്നു അങ്കിതയുടെ അച്ഛന് ജെ.ബി. സിങ്ങ്.
മകള്‍ ഹമിര്‍പൂര്‍ ബസ് സ്റ്റേഷനില്‍ എച്ച്ആര്‍ടിസി വോള്‍വോ ബസില്‍ വന്നിറങ്ങിയപ്പോള്‍ അച്ഛന് ജെ.ബി. സിങ്ങിന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. മോദി സര്‍ക്കാരിന്റെ ഈ സേവനത്തില്‍ സംതൃപ്തനായ അദ്ദേഹം ആദ്യം ചെയ്തത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയായ പി.എം കെയേഴ്സിലേക്ക് 21,000 രൂപ സംഭാവന ചെയ്യുക എന്നതായിരുന്നു. മറ്റൊരു 11000 രൂപ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവന ചെയ്തു.
ചുന്ഹാല് എന്ന ഗ്രാമത്തില്‍ നിന്നുള്ള അങ്കിത ഉക്രൈനില്‍ മെഡിസിന് പഠിക്കാന്‍ പോയതാണ്. യുദ്ധം മുറുകിയതോടെ പഠനം പാതി വഴിയില്‍ നിര്‍ത്തിവെച്ച് മടങ്ങേണ്ടി വന്നു. ജീവനോടെ തിരികെയെത്തിയ മകളെ കുടുംബം ആരതിയുഴിഞ്ഞും പ്രാര്‍ത്ഥന നടത്തിയുമാണ് എതിരേറ്റത്. പിന്നീട് കേക്ക് മുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: