കണ്ണൂര്‍: വൈദ്യുതി ഉപയോഗം സംബന്ധിച്ച ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ കെഎസ്ഇബിയുടെ തീവെട്ടിക്കൊള്ള. ലക്ഷക്കണക്കിന് രൂപയാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളില്‍ നിന്നും കെഎസ്ഇബി ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. മീറ്റര്‍ തകരാര്‍ വന്ന കാലയളവിലേതെന്ന പേരില്‍ ശരാശരി ഉപയോഗം കണക്കുകൂട്ടി ബില്ലിനു പുറമേ ആയിരക്കണക്കിന് രൂപയടയ്ക്കാന് ഉപഭോക്താക്കള്‍ക്ക് നോട്ടീസ് നല്‍കിയാണ് കൊള്ള നടത്തുന്നത്.
ഗാര്‍ഹിക കണക്ഷനുകളുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന മീറ്ററുകളുടെ കൈകാര്യകര്‍ത്താവ് കെഎസ്ഇബി തന്നെയാണെന്നിരിക്കേയാണ് മീറ്റര്‍ കേടായ കാലഘട്ടത്തിലേതെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്നും കുടിശ്ശിക എന്ന പേരില്‍ വലിയ തുക പിടിച്ചു വാങ്ങുന്നത്.
മീറ്റര്‍ കേടായാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കേയാണ് ഇത്. നാലും ആറും മാസം കഴിഞ്ഞും മീറ്റര്‍ മാറ്റി നല്‍കാതെ അക്കാലയളവിലെ ശരാശരി ബില്ലിന് പുറമേ ഇന്റേണല്‍ ഓഡിറ്റ് പ്രകാരം കണ്ടെത്തിയ തുക എന്ന പേരില്‍ വിദ്യുച്ഛക്തി ബോര്‍ഡിന്റെ ലെറ്റര്‍പാഡില്‍ അധിക തുക അടക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ പേരില്‍ നോട്ടീസ് നല്‍കുകയാണ്. മുപ്പത് ദിവസത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.
കേടായ മീറ്റര്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ കിട്ടിയ ശരാശരി ഉപഭോഗം മീറ്റര്‍ കേടായ കാലയളവിലേക്ക് പുനര്‍മൂല്യ നിര്‍ണ്ണയം ചെയ്തപ്പോള്‍ ബാക്കി വന്ന കുടിശ്ശിക തുക എന്നാണ് ഉപഭോക്താക്കള്‍ക്ക് നല്കുന്ന പ്രിന്റഡ് നോട്ടീസുകളില്‍ കൈപ്പടയില്‍ താഴെ ഭാഗത്തായി എഴുതി ചേര്‍ത്തിരിക്കുന്നത്. മാത്രമല്ല ആ നോട്ടീസില്‍ ഒരിടത്തും കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഒപ്പോ സീലോ ഇല്ല.
നോട്ടീസ് ലഭിച്ച ഉപഭോക്താക്കള്‍ കെഎസ്ഇബി ഓഫീസുകളിലെത്തി പരാതി നല്കുമ്പോള് പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നോട്ടീസ് പ്രകാരമുളള തുക ആദ്യം അടയ്ക്കൂവെന്നും പിന്നീട് പരാതി പരിഗണിക്കാമെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്.
മീറ്റര്‍ യഥാസമയം മാറ്റി സ്ഥാപിക്കാത്ത കെഎസ്ഇബിയുടെ അനാസ്ഥ കാരണം ചെയ്യാത്ത തെറ്റിന് പണം അടയ്ക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനത്തെ നൂറുകണക്കിന് ഉപഭോക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: