ന്യൂദല്‍ഹി : ഉക്രൈനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചത് വിജയകരം. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം കോവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുകയാണ്. ആയിരക്കണക്കിന് പേരെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതിനിടെ രക്ഷാദൗത്യത്തിനായി ഉക്രൈന് മരിയൂ പോള്‍ നഗരപരിധിയില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പതിനൊന്ന് മണിക്കൂറത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം 1.30 മുതല്‍ പുലര്‍ച്ചെ 12.30 വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ഇന്ത്യന്‍ സമയം 3.30 മുതല്‍ ആളുകളെ ഒഴിപ്പിക്കല്‍ തുടങ്ങി. മരിയുപോളിലെ മൂന്നിടത്ത് നിന്നും ആളുകളെ ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി നഗരത്തില്‍ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാനാണ് തീരുമാനം. രക്ഷാദൗത്യത്തിനായി ശനിയാഴ്ചയും റഷ്യ ഭാഗികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം സുമിയില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി. 700 പേര് സുമിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്.
ഉക്രൈനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ‘ഓപ്പറേഷന് ഗംഗ’ അവസാന ഘട്ടത്തിലേക്ക് കടന്നതായും ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അവശേഷിക്കുന്ന വിദ്യാര്‍ഥികളോട് ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സിറ്റിസെന്ററില്‍ എത്തിച്ചേരണം. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ ഓപ്പറേഷന് ഗംഗയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയും നിര്‍ദേശിച്ചിട്ടുണ്ട്.
ഓപ്പറേഷന് ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാര്‍ഥികള്‍ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങള്‍ ഓപ്പറേഷന് ഗംഗയുടെ ഭാഗമായി സര്‍വീസ് നടത്തി, 2,900 പേരെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ യുക്രൈനില്‍നിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തെത്തുമെന്നും വിദേശകാര്യ മന്ത്രാലയും അറിയിച്ചു. നിലവില്‍ 21,000 പേര് യുക്രൈനില്‍നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ഹാര്‍കിവില്‍ ഉണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും നഗരം വിട്ടതായും ബാഗ്ചി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: