കോട്ടയം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ട സുബിന് ആശംസ നേരാന്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി.
പാര്‍ട്ടി സമ്മേളന ദിനങ്ങളിലും മന്ത്രി മെഡിക്കല്‍ കോളജിലെത്തി സുബിനെയും ഭാര്യ പ്രവീജയെയും യാത്രയാക്കിയപ്പോള്‍ സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി.എന്‍. വാസവന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. രാവിലെ ഏഴുമണിക്ക് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ മന്ത്രി വാസവന് എത്തിയില്ല.
മാത്രമല്ല, കോട്ടയം മെഡിക്കല്‍ കോളജിലെ വലുതും ചെറുതുമായ പരിപാടികളില്‍ വാസവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. യുഡിഎഫ് ഭരിക്കുന്ന കാലഘട്ടത്തിലും മെഡിക്കല്‍ കോളജിലെ എല്ലാ പരിപാടികള്‍ക്കും തന്റെ പങ്കാളിത്തം ഉറപ്പാക്കാനുള്ള സംവിധാനം അദ്ദേഹം തരപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അസാന്നിദ്ധ്യം ഏറെ ചര്‍ച്ചയായിട്ടുമുണ്ട്. കരള്‍മാറ്റ ശസ്ത്രക്രിയ ദിവസം രാത്രിയിലും ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയിരുന്നു.
മന്ത്രിയുടെ നേതൃത്വത്തില്‍ നിരന്തരം ചര്‍ച്ചകളും ഇടപെടലുകളും നടത്തിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതെന്ന് ആരോഗ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയുടെ വിജയം സ്വന്തം നേട്ടമായി മന്ത്രി വാസവന് കോട്ടയത്തെ മാധ്യമ ശില്ബന്തികള് വഴി കൊട്ടിഘോഷിക്കുന്നതിനിടെയാണ് മന്ത്രി വീണാ ജോര്‍ജ് അത് തകര്‍ത്തത്.
ജില്ലയിലെ തന്നെ പ്രമുഖനായ സിപിഎം നേതാവാണ് ഇതിന്റെ പിന്നിലെന്നാണ് പറയപ്പെടുന്നത്. 2021 ആഗസ്തിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിന് ലൈസന്‍സ് ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് രോഗികളുടെ രജിസ്ട്രേഷന് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: