ശശി നാരായണന്
(സ്കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ വിദ്യാര്‍ത്ഥിയും സംവിധായകനുമാണ് ലേഖകന്‍)
കലാപഠന സ്ഥാപനങ്ങള്‍ വെറും ഒരു സാധാരണ കലാലയത്തിന്റെ തലത്തിലേക്ക് അധഃപതിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളാണ് തൃശൂര്‍ അരണാട്ടുകരയിലെ നാടകവിദ്യാലയം ഇന്നനുഭവിക്കുന്നത്. കേള്‍ക്കുമ്പോള്‍ ദുഃഖവും കോപവും ഒരുപോലെ തോന്നിക്കുന്ന വാര്‍ത്ത. സംഗീതവും ശാസ്ത്രവും ആദ്ധ്യാത്മികതയും പോലെ ആത്മീയൗന്നത്യവും വിഷയജ്ഞാനവും ഉള്ള ഗുരുനാഥന്മാരില് നിന്ന് നേരിട്ടഭ്യസിക്കേണ്ട ഒരു വിശുദ്ധ കര്‍മ്മമാണ് നൃത്തനൃത്യ നാട്യപഠനം. എല്ലാ ജ്ഞാനശാഖകളുടേയും പഠനം അങ്ങനെത്തന്നെ ആണെന്നിരിക്കിലും, മനസ്സും ശരീരവും പൂര്‍ണമായര്‍പ്പിച്ച് പ്രയോഗവത്കരിക്കേണ്ട നാട്യപഠനം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഒരാത്മീയാനുഷ്ഠാനമാണ് ഭാരതീയ സങ്കല്പത്തില്. എന്നാല്‍ തങ്ങളതിനര്‍ഹരല്ല എന്ന് തെളിയിച്ചിരിക്കയാണ് ഇപ്പോള്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകര്‍. ഒരാളാണതു ചെയ്തതെങ്കിലും, അതു മൂടിവയ്ക്കാന്‍ ശ്രമിച്ച അവിടുത്തെ അധികാരികളെല്ലാം അതിനുത്തരവാദികളാണ്.
ഇത് സ്കൂള്‍ ഓഫ് ഡ്രാമയില്‍ ആദ്യമായി സംഭവിച്ച കാര്യമല്ലെന്നാണ് ചില പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ സാക്ഷ്യപ്പെടുത്തുന്നത്. നാടകാചാര്യനും കലാമര്‍മ്മജ്ഞനും ഋഷിതുല്യനുമായിരുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ ഭാവനയില്‍ വിരിഞ്ഞ സ്വപ്നമായിരുന്നു തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ. 1966 ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ വച്ചു നടന്ന കേരളത്തിലെ ആദ്യത്തെ നാടകക്കളരിക്ക് നിമിത്തമായത് അദ്ദേഹമായിരുന്നു. എം.ഗോവിന്ദനില്നിന്നാരംഭിച്ച ‘തനതു നാടകവേദി’ ചിന്തകള്‍ സി.എന്‍. ശ്രീകണ്ഠന് നായര്‍, അയ്യപ്പ പണിക്കര്‍, ജി. ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, എം.വി. ദേവന് എന്നിവരിലൂടെ പ്രായോഗിക പഠന ഗവേഷണങ്ങളായി രൂപാന്തരപ്പെട്ടതും ആ കളരിയോടെ ആയിരുന്നു. അവിടം മുതല്‍ തനതന്വേഷണങ്ങളുമായി കാവാലവും, പൗരസ്ത്യ പാശ്ചാത്യ ഭേദമില്ലാതെ ഗൗരവപൂര്‍ണമായൊരു സമഗ്രമലയാള നാടകവേദി എന്ന കാഴ്ചപ്പാടോടെ ശങ്കരപ്പിള്ളയും, മലയാള നാടകവേദിയിലെ രണ്ടു പ്രമുഖ ധാരകളായുയര്ന്നുവന്നു. പിന്നീട് ശങ്കരപ്പിള്ള അക്കാദമി ചെയര്‍മാനായപ്പോള്‍ നടത്തിയ നാടകക്കളരികളോടെ കേരളത്തില്‍ നാടകം ഗൗരവപൂര്‍ണമായി പഠിക്കേണ്ട ഒരു വിഷയമാണെന്ന കാഴ്ചപ്പാടുണ്ടായി. ആ കളരികളോട് ബന്ധപ്പെട്ടാണ് കോഴിക്കോടു സര്‍വ്വകലാശാലയില്‍ നാടകം ഐച്ഛികവിഷയമായുള്ള ഒരു രംഗകലാ ബിരുദ പഠന കേന്ദ്രം ആരംഭിക്കുവാനുള്ള പദ്ധതി ശങ്കരപ്പിള്ള സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. അങ്ങനെ ഭാരതത്തിലാദ്യമായി ഒരു സര്‍വ്വകലാശാലക്കു കീഴില്‍ പ്രായോഗിക പരിശീലനത്തിലധിഷ്ഠിതമായ ഒരു രംഗ കലാ ബിരുദ പഠന വിഭാഗം അരണാട്ടുകരയിലെ ഡോ.ജോണ്‍ മത്തായി സെന്ററില്‍ 1978 ല്‍ ആരംഭിച്ചു. വളരെ പവിത്രമായ നാട്യകലാ സങ്കല്പ്പങ്ങളോടെ തീര്‍ത്തും ഭാരതീയമായ ഋഷിപരമ്പരയുടെ ഭാഗമെന്നപോല്‍ ഒരു ഗുരുകുല പഠന വിഭാഗമായാണതിന്റെ തുടക്കം കുറിച്ചത്. പത്തിരുപത്തഞ്ചേക്കറില് കാടും, ഹരിതാഭമായ വള്ളിക്കുടിലുകളും കായലും പൂക്കളും കിളികളും സര്‍പ്പങ്ങളും മറ്റു ജീവജാലങ്ങളുമായി, ഒരു വനാന്തരാശ്രമം പോലൊരു പുണ്യസങ്കേതമായിരുന്നു ആ കാലങ്ങളില്‍ സ്കൂള്‍ ഓഫ് ഡ്രാമ. കളരിയും യോഗയും കഥകളിയും പരിശീലിച്ചുകൊണ്ടുണരുന്ന പ്രഭാതങ്ങള്‍. ധ്യാനാത്മകമായ പഠന പരിശീലനങ്ങള്‍, അര്‍ദ്ധരാത്രി കഴിയുമ്പോഴും കുട്ടികളോടൊത്ത് പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന ശങ്കരപ്പിള്ളയും മറ്റു അദ്ധ്യാപകരും. ശങ്കരപ്പിള്ളയുടെ ആത്മീയ ചൈതന്യം പ്രഭ പടര്‍ത്തിയ ഒരു ധ്യാനാത്മകാന്തരീക്ഷമായിരുന്നു ഒരുകാലത്തെവിടെ മുഴുവന്‍.
പില്ക്കാലത്തു നടന്നൊരു വിദ്യാര്‍ത്ഥി സമരമാണ് ആ ആത്മീയാന്തരീക്ഷത്തെ അട്ടിമറിച്ച് അവിടം മലിനമാക്കിയത്. സമരം ആരംഭിച്ചത് ന്യായമായ ആവശ്യങ്ങള്‍ക്കായിരുന്നെങ്കിലും, ഇടയ്ക്കുവച്ച് അതിന്റെ നേതൃത്വം ചില തല്‍പ്പരകക്ഷികളുടെ കൈകളില്‍ ചെന്നു പെടുകയും അപക്വമതികളും വിവരദോഷികളുമായ ചില ആളുകളുടെ കുതന്ത്രങ്ങളില്‍ കുടുങ്ങി ശങ്കരപ്പിള്ളക്ക് ആ വിദ്യാലയം ഉപേക്ഷിക്കേണ്ടിയും വന്നു.
ആ മഹാത്മാവിന്റെ അകംനൊന്ത ശാപം തലമുറകളായി ആ സ്ഥാപനത്തെ ബാധിച്ചിരിക്കയാണെന്നതിന്റെ ഏറ്റവും അടുത്ത തെളിവാണ് ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍. ലോകചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തില്‍, ഒരു ഗുരുനാഥനോട്-അതും ജീവിതം മുഴുവന്‍ നാടകത്തിനായുഴിഞ്ഞുവച്ച തപോധനനായ ഗുരുവിനോട്-അവിവേകികളും ബുദ്ധിശൂന്യരുമായ ശിഷ്യന്മാര് ചെയ്ത ക്രൂരതയായിരുന്നു അത്. അതിന് പരോക്ഷമായി മൗനാനുവാദം നല്കിയ സ്ഥാനമോഹികളായ ചില അദ്ധ്യാപകരും ഉണ്ടായിരുന്നു. ശങ്കരപ്പിള്ള പടിയിറങ്ങിയ അന്നാരംഭിച്ച ആ വിദ്യാലയത്തിന്റെ പതനം ഇപ്പോള്‍ പൂര്‍ണതയിലെത്തി നില്‍ക്കുകയാണ്.
ഇടതുപക്ഷം, വലതുപക്ഷം എന്നൊക്കെയുള്ള പേരില്‍ സമരം ചെയ്തും കുതന്ത്രങ്ങള്‍ പ്രയോഗിച്ചും, നശിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ പരമ്പരാഗത സാംസ്കാരിക സ്ഥാപനങ്ങള്ക്കുദാഹരണമാണ് ഇന്ന് ആ വിദ്യാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: