മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരസഭ ആദ്യമായി വൃദ്ധജനങ്ങള്‍ക്കുള്ള ആയുര്‍വേദ പാലിയേറ്റീവ് കെയര്‍ പ്രോജക്ട് ‘അരികെ’ എന്ന പദ്ധതി നടപ്പിലാക്കുന്നു. നഗരസഭയിലെ 29 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 60 വയസ്സിന് മുകളിലുള്ള വാര്‍ധക്യ സഹജമായതും ദീര്‍ഘകാല- ഗുരുതര വ്യാധികളാല്‍ അവശരായവരുമായ കിടപ്പുരോഗികള്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് ആയുര്‍വേദ ഔഷധങ്ങളും ചികിത്സ നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ് പദ്ധതി എന്നും ഇത് നഗരസഭയില്‍ ആദ്യമായിട്ടാണെന്നും, ഗ്രാമപ്രദേശങ്ങളിലുള്ള ഏറെ പ്രയോജനമാകുമെന്നും നഗരസഭ ചെയര്മാന് സി. ഫായ്ദ ബഷീര്‍ ജന്മഭൂമിയോട് പറഞ്ഞു.
മണ്ണാര്‍ക്കാട് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി. ദിനേശന്റെ നേതൃത്വത്തിലാണ് ചികിത്സകള്‍ നടക്കുക. മറ്റ് ആയുര്‍വേദ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും ജീവനക്കാരുടേയും ആശാ വര്‍ക്കര്‍മാരുടേയും സേവനം ഇതിനായി ഉറപ്പുവരുത്തുമെന്ന് മണ്ണാര്‍ക്കാട് നഗരസഭ ചെയര്മാന് പറഞ്ഞു.
പാലിയേറ്റീവ് കെയറില്‍ രജിസ്റ്റര്‍ ചെയ്ത ആയുര്‍വേദ ചികിത്സക്ക് താത്പര്യമുള്ള രോഗികള്‍ക്ക് വാര്‍ഡ് കൗണ്‍സിലറുടെ സഹകരണത്തോടെ ആയുര്‍വേദ ചികിത്സയ്ക്ക് ‘അരികെ’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ പരിശോധിച്ച് അര്‍ഹരായ രോഗികള്‍ ആണെങ്കില്‍ അവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മണ്ണാര്‍ക്കാട് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി.എം. ദിനേശന് പറഞ്ഞു.
രോഗിയുടെ പേര്, പാലിയേറ്റീവ് കെയര്‍ രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്. ഒരു വാര്‍ഡില്‍ നിന്നും ആദ്യഘട്ടത്തില്‍ ആറ് പേരെയാണ് ഇത്തരത്തില്‍ വീടുകളിലെത്തി ചികിത്സിക്കുന്നതെന്നും ഡോക്ടര്‍ പി.എം. ദിനേശന് പറഞ്ഞു. ഈ മാസം ഏഴിന് ‘അരികെ’ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും നഗരസഭ ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: