മോസ്കോ : റഷ്യ- ഉക്രൈന് ആക്രമണങ്ങളെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതുമായി സഹകരിക്കാമെന്ന് റഷ്യ. മാനുഷിക പരിഗണന നല്കി ഉക്രൈനിലുള്ള ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ ദൗത്യത്തില്‍ സഹകരിക്കാമെന്ന് റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവ് ആണ് സന്നദ്ധത അറിയിച്ചത്.
ഉക്രൈന് കിഴക്കന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവര്‍ത്തിച്ചിരുന്നു. ഇവര്‍ക്ക് റഷ്യ വഴി ഇന്ത്യയിലേക്ക് കടക്കുന്നതാണ് എളുപ്പം. കരയുദ്ധവും വ്യോമാക്രമണവും തുടരുന്ന സാഹചര്യത്തില്‍ ഇവരെ മറ്റ് അതിര്‍ത്തികളിലേത്തിക്കുക ദുഷ്കരമാണ്. അതിനാല്‍ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി റഷ്യയോട് കേന്ദ്രസര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് റഷ്യ സഹകരിക്കാമെന്ന് അറിയിച്ചത്. ഞങ്ങള്‍ ഇന്ത്യയുമായി നയതന്ത്രപരമായ സഖ്യകക്ഷികളാണ്. ഉക്രൈന് വിഷയം ഐക്യരാഷ്ട്രസഭയില്‍ എത്തിയപ്പോള്‍ ഇന്ത്യ എടുത്ത നിലപാടിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇന്ത്യയിലേക്കുള്ള എസ്-400 പ്രതിരോധസംവിധാനത്തിന്റെ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ല.
എന്നാല്‍ റഷ്യ സഹായിച്ചെങ്കിലും എപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. മാനുഷിക പരിഗണന നല്കി ഉക്രൈനില്‍ കുടുങ്ങിയവര്‍ക്ക് തിരികെ വരാന്‍ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ പറയുന്നത്. ഖാര്‍കീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിനു സാധിച്ചാല്‍ ഉക്രൈന് രക്ഷാദൗത്യത്തിലെ നിര്‍ണായക പ്രതിസന്ധി ഒഴിയുകയും ചെയ്യും.
നേരത്തെ തന്നെ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഉക്രൈന് അതിര്‍ത്തികളിലേക്ക് എത്തിയെങ്കിലും ഇവര്‍ക്ക് റഷ്യന്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഒരു ഉറപ്പും കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നവീന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ റഷ്യന്‍ അംബാസിഡറെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ശക്തമായ നിലപാട് അറിയിച്ചുരുന്നു. ഇതോടെ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാവുകയും ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സഹകരിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുമ്പോള്‍ കൈയും കെട്ടി നോക്കി നില്ക്കാനാവില്ലെന്ന നിലപാട് ഇന്ത്യ റഷ്യയെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്ത് എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉക്രൈന് വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് മാറുമെന്ന മുന്നറിയിപ്പും റഷ്യയ്ക്ക് നല്കി. ഇതോടെയാണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ റഷ്യ തയ്യാറാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: