ലഖ്നോ: ഈ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നത്തിനെതിരെ നടത്തിയ പ്രസംഗം ഫിബ്രവരി 20 മുതല്‍ വൈറലായി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദ് സ്ഫോടനത്തില്‍ തീവ്രവാദികള്‍ ബോംബുകള്‍ കൊണ്ടുവന്നതും ഇതേ സൈക്കിളിലാണെന്ന മോദിയുടെ താരതമ്യമാണ് വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായത്.
56 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് സ്ഫോടനപരമ്പരയില്‍ ചില ബോംബുകള്‍ സ്ഥാപിച്ചത് സൈക്കിളുകളിലാണ്. ‘ഗുജറാത്തിലെ അഹമ്മദാബാദിലെ സ്ഫോടനങ്ങള്‍ രണ്ട് തരത്തിലാണ് നടത്തിയത്. ആദ്യത്തെ സ്ഫോടനങ്ങള്‍ ഒരേ സമയം നഗരത്തിലെ 50-60 ഇടങ്ങളില്‍ നടക്കുന്ന രീതിയിലായിരുന്നു. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഒരു കാര്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തു. ആദ്യസ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ കൂടി കൊല ചെയ്യാനായിരുന്നു ഈ സ്ഫോടനം. ഇതാദ്യമായാണ് ഒരു ആശുപത്രിയില്‍ സ്ഫോടനം ആസൂത്രണം ചെയ്തത്. നിരവധി പേര്‍ക്ക് ജീവന് നഷ്ടമായി. എന്നാല്‍ എന്താണ് തീവ്രവാദികള്‍ ചെയ്തത്? സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആദ്യഘട്ടത്തില്‍ എല്ലാ ബോംബുകളും സൈക്കിളിലാണ് സ്ഥാപിച്ചത്. സാധാരണക്കാര്‍ പലചരക്ക് വാങ്ങാന്‍ പോകുന്ന ഇടങ്ങളിലായിരുന്നു ഇവ (ബോംബ് വെച്ച സൈക്കിളുകള്‍) സ്ഥാപിച്ചത്. എന്നാല്‍ എന്തുകൊണ്ട് ഇവര്‍ സൈക്കിള്‍ ഉപയോഗിച്ചു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.’- മോദി ഒരു പ്രസംഗത്തില്‍ വിശദീകരിച്ചു. യുപിയിലെ ഹര്‍ദോയിലാണ് മോദി ഈ പ്രസംഗം ആദ്യം നടത്തിയത്.
ഈ പ്രസംഗം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു. അഹമ്മദാബാദ് സ്ഫോടനപരമ്പരയിലെ പ്രതികളായ 38 പേരെ തൂക്കിക്കൊല്ലാനുള്ള വിധി പ്രസ്താവിച്ച ഉടനെയായിരുന്നു മോദി സൈക്കിള്‍ ചിഹ്നത്തെ തീവ്രവാദികളുടെ ബോംബ് സ്ഥാപിക്കാനുള്ള വാഹനമായി മോദി താരതമ്യം ചെയ്തത്. സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിനെ അഹമ്മദാബാദ് സ്ഫോടനത്തില്‍ തീവ്രവാദികള്‍ ബോംബ് സ്ഥാപിക്കാന്‍ ഉപയോഗിച്ച സൈക്കിളുമായുള്ള താരതമ്യം വളരെ പൊടുന്നനെ സമാജ് വാദി പാര്‍ട്ടിയെയും അഖിലേഷ് യാദവിനെയും തീവ്രവാദവുമായി ബന്ധപ്പെടുത്താന്‍ മോദിക്ക് സാധിച്ചു. ഇത് അനായാസം ജനമനസ്സുകളിലേക്ക് കയറുന്ന ഒരു താരതമ്യമായിരുന്നുവെന്നും അതുകൊണ്ടായിരിക്കാം ഈ പ്രസംഗം വൈറലായതെന്ന് ചില മാധ്യമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തുടക്കംമുതലേ സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിളിനെ തീവ്രവാദവുമായി ബന്ധപ്പെടുത്താനാണ് ബിജെപി നേതാക്കള്‍ ശ്രമിച്ചത്. സൈക്കിള്‍ ചിഹ്നം സമാജ് വാദി പാര്‍ട്ടിയുടെ പാവങ്ങളോടുള്ള സമര്‍പ്പണവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നുവെങ്കിലും അത് തീവ്രവാദികളുടെ ബോംബ് സ്ഫാടനത്തിനുള്ള മാര്‍ഗ്ഗമാണെന്ന ശക്തമായ ചിത്രം വരച്ചിടുന്നതില്‍ ബിജെപി വിജയിച്ചു.
സൈക്കിളില്‍ തീവ്രവാദികള്‍ ബോംബ് സ്ഥാപിച്ച് ജനവാസകേന്ദ്രങ്ങളില്‍ സ്ഫോടനം നടത്തുന്നത് ആദ്യമല്ല. സൈക്കിളിന് ഇക്കാര്യത്തില്‍ ഒട്ടേറെ ഗുണങ്ങളുണ്ട്. ബോംബ് സ്ഥാപിച്ച സൈക്കിള്‍ തീവ്രവാദികള്‍ തള്ളിക്കൊണ്ട് വരുമ്പോള്‍ ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല. പിന്നെ സൈക്കിള്‍ തന്നെ ബോംബിനൊപ്പം പൊട്ടിത്തെറിച്ച് അതിന്റെ മൂര്‍ച്ചയേറിയ കഷണങ്ങളും അപകടത്തിന്റെ ആക്കം കൂട്ടുകയും ചെയ്യും.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും. എന്തായാലും മോദിയുടെ ഈ പ്രസംഗത്തിന്റെ ഫലപ്രാപ്തി മാര്‍ച്ച് 10ന് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: