ന്യൂദല്‍ഹി: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ മാരകായ വാക്വം ബോംബുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യശരീരത്തെ ആവിയാക്കാന്‍ ശേഷിയുള്ള വാക്വം ബോംബുകളുടെ ഉപയോഗം അന്താരാഷ്‌ട്ര മനുഷ്യാവകാശസംഘടനകള്‍ വിലക്കിയിട്ടുള്ളതാണെന്ന് പറയുന്നു. ഒരു അപാര്‍ട്മെന്‍റിലോ മറ്റോ വാക്വം ബോംബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിനുള്ളില്‍ താമസിക്കുന്ന മനുഷ്യരുടെ ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കാന്‍ ഈ ബോംബിന് കഴിവുണ്ട്.
വാക്വം ബോംബ് ഉപയോഗിച്ച് റഷ്യ ഉക്രൈനില്‍ സ്ഫോടനം നടത്തിയതായി സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോ:
കീവില്‍ റഷ്യ വാക്വം ബോംബുകള്‍ ഉപയോഗിച്ചു തുടങ്ങിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആംനസ്റ്റി ഇന്‍റര്‍നാഷണലും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചും വിലക്കിയിട്ടുള്ള ആയുധമാണ് വാക്വം ബോംബ്. പക്ഷെ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് റഷ്യ വാക്വം ബോബുകള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത സ്‌ഫോടനമുണ്ടാക്കുക എന്നതാണ് വാക്വം ബോംബിന്റെ ലക്ഷ്യം. തെര്‍മൊബാറിക് ആയുധങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഉയര്‍ന്ന ഊഷ്മാവിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലം ലക്ഷ്യകേന്ദ്രത്തില്‍ ഉണ്ടാക്കുന്നു എന്ന പ്രത്യേകതയാണ് തെര്‍മോബാറിക് ആയുധങ്ങളുടെ പ്രത്യേകത.
അന്തരീക്ഷവായുവില്‍ നിന്നും ഓക്‌സിജന്‍ വലിച്ചെടുക്കുക വഴി ഉയര്‍ന്ന ഊഷ്മാവില്‍ സ്‌ഫോടനം നടത്തുകയാണ് വാക്വം ബോംബുകള്‍ ചെയ്യുന്നത് ദീര്‍ഘനേതത്തേക്ക് ഒരു സ്‌ഫോടന തരംഗം തന്നെ ഇത് സൃഷ്ടിക്കും. ഇതുവഴി മനുഷ്യശരീരത്തെത്തന്നെ ആവിയാക്കിമാറ്റാന്‍ വാക്വം ബോംബുകള്‍ക്ക് കഴിയുന്നു.
എയ്‌റോസോള്‍ ബോംബ് എന്നും വിളിപ്പേരുള്ള വാക്വം ബോംബ് രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയുധമാണ്. ആദ്യസ്‌ഫോടനത്തില്‍ കാര്‍ബണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനം (പെട്രോളൊ ഡീസലോ മറ്റേതെങ്കിലും ഇന്ധനമോ) കൊണ്ടുണ്ടാക്കിയ ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ സൂക്ഷിച്ചിട്ടുള്ള ദ്രാവകം അന്തരീക്ഷത്തില്‍ ചെറിയ ലോഹകണങ്ങളായി ചിതറുന്നു. രണ്ടാം ഘട്ടം അന്തരീക്ഷത്തിലെ ഓക്‌സിജന്‍ വലിച്ചെടുത്ത് ചിതറിയ ലോഹകണങ്ങള്‍ കത്തിച്ച് വലിയൊരു സ്‌ഫോടന തരംഗം സൃഷ്ടിക്കുന്നു. ഇത് ബോംബിന്റെ ലക്ഷ്യസ്ഥാനത്തിന് ചുറ്റും ഒരു വാക്വം സൃഷ്ടിക്കുന്നു. സാധാരണ സ്‌ഫോടകവസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി വാക്വം ബോംബിന്റെ സ്‌ഫോടനം ദീര്‍ഘനേരം നിലനില്‍ക്കുന്നു.
ഒരു അപാര്‍ട്‌മെന്‍റ് സമുച്ചത്തിനോ മറ്റ് കെട്ടിടങ്ങള്‍ക്കോ നേരെ ഉപയോഗിക്കാവുന്ന അങ്ങേയറ്റം വിനാശകാരിയായ ആയുധമാണ് വാക്വം ബോംബെന്ന് ആസ്‌ത്രേല്യന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ അനലിസ്റ്റ് ഡോ. മാര്‍കസ് ഹെല്ലെയര്‍ പറയുന്നു. വളരെ ഭയാനകമാണ് ഇതിന്റെ ഫലം. കാരണം ആളുകളുടെ ശ്വാസകോശത്തില്‍ നിന്നുള്ള ഓക്‌സിജന്‍ വരെ വലിച്ചെടുത്ത് ചുറ്റിലും ശൂന്യത (ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥ- വാക്വം) സൃഷ്ടിക്കുമെന്നതാണ് ഈ ബോംബിന്റെ ഭയാനകതയെന്ന് ഡോ. ഹെല്ലെയര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: