തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന പ്രഖ്യാപിച്ചതോടെ നേതൃത്വത്തെ അങ്കലാപ്പിലാക്കി കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ രൂപപ്പെടുന്നു. പുതിയ നേതൃത്വം അധികാരമേറ്റടുത്തതോടെ മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കളടക്കം പാര്‍ട്ടിയില്‍ അപ്രസക്തരായി. നഷ്ടമായ അധികാരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള അവസരമായാണ് പുനഃസംഘടനയെ നേതാക്കള്‍ കാണുന്നത്.
അതേസമയം പുനഃസംഘടന നടപടിയുമായി ഹൈക്കമാന്‍ഡ് മുന്നോട്ട് പോകുന്നതോടെ ഗ്രൂപ്പ് യോഗങ്ങള്‍ അങ്ങോളമിങ്ങോളം കൊഴുക്കുകയാണ്. എന്നാല്‍, കഴിഞ്ഞ ദിവസം വരെ നേതൃത്വത്തിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം വിളിച്ചു ചേര്‍ത്തത് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ഉള്‍പ്പെടെ ഞെട്ടിച്ചു.
ഗ്രൂപ്പ് യോഗം നടക്കുന്നുണ്ടോ എന്നറിയാന്‍ കെപിസിസി പ്രസിഡന്റ് അനുചരന്മാരെ അയച്ചു. ഗ്രൂപ്പ് യോഗമല്ലെന്ന വിശദീകരണം കെ. സുധാകരന് ബോധ്യപ്പെട്ടില്ല. പുതിയ ഗ്രൂപ്പ് സമവാക്യങ്ങളില്‍ സുധാകരന് അതൃപ്തനാണ്. രംഗം കലുഷിതമാണെങ്കിലും വി.ഡി. സതീശനും കെ. സുധാകരനും ഒരുമിച്ചു തന്നെയെന്ന സന്ദേശം നല്‍കാനാണ് നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നത്. ഗ്രൂപ്പുകളും മുതിര്‍ന്ന നേതാക്കളും ഒരുമിച്ച സ്ഥിതിക്ക് പുനഃസംഘടന വഴി പാര്‍ട്ടി പിടിക്കലിനുള്ള ചരടുകളും സമവായങ്ങളും തകൃതിയാണ്. വി.ഡി. സതീശന് സ്വന്തം നിലയ്ക്ക് ഗ്രൂപ്പിന് സമാനമായ സംവിധാനമുണ്ടാക്കി പ്രവര്‍ത്തിക്കുന്നതായി കെ. സുധാകരന് മുമ്പു തന്നെ സൂചന ലഭിച്ചിരുന്നു.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥാനങ്ങള്‍ പോയെങ്കിലും ഇപ്പോഴും നേതൃത്വത്തിന് സമാനമായ സംവിധാനം രൂപപ്പെടുത്തി പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുകയാണ്. ഇതിന് അണികളുടെ പിന്തുണയും ലഭിക്കുന്നു. ഇത് സതീശനെ പലപ്പോഴും അസ്വസ്ഥതപ്പെടുത്തുന്നു. പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ വരെ ഇരുവരും നടത്തിയിട്ടുണ്ട്. ഇതില്‍ പലകുറി പരാതിപ്പെട്ടിട്ടും സുധാകരന് കാര്യക്ഷമമായി നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം സതീശനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: