കണ്ണൂർ: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മുഴപ്പിലങ്ങാട് പബ്ലിക് വെല്‍ഫെയര്‍ കോ ഓപ് സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്. നിക്ഷേപിച്ച പണം തിരികെക്കിട്ടാതെയും വായ്പയെടുക്കാതെ കടക്കെണിയില്‍ കുടുങ്ങിയും തട്ടിപ്പിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒടുവില്‍ പോലീസിനും സഹകരണ വകുപ്പ് അധികൃതര്‍ക്കും പരാതി നല്കി. 1.18 കോടി രൂപയാണ് സൊസൈറ്റിയില്‍ നിക്ഷേപമായി എത്തിയത്. ഈ പണം എങ്ങോട്ടുപോയെന്ന് സഹകരണ വകുപ്പും പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2012 ലാണ് മുഴപ്പിലങ്ങാട് പബ്ലിക് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്. കോണ്‍ഗ്രസ് ധര്‍മടം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് ദീര്‍ഘകാലമായി സൊസൈറ്റിയുടെ പ്രസിഡന്റ്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സൊസൈറ്റിയായാണ് പ്രവര്‍ത്തനം തുടങ്ങിയത്. യുഡിഎഫ് ഭരണത്തിലുള്ളപ്പോള്‍ തട്ടിക്കൂട്ടി സഹകരണസംഘം രൂപീകരിക്കുകയായിരുന്നു. 1.18 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിക്കുകയും 34 ലക്ഷത്തോളം രൂപ വായ്പയായി നല്‍കിയിട്ടുമുണ്ടെന്നാണ് പ്രാഥമികവിവരം. നിക്ഷേപകര്‍ പണം പിന്വലിക്കാനെത്തിയതോടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് വെളിവായത്.
പണം നല്കാന് പ്രസിഡന്റും താല്കാലിക ജീവനക്കാരനും നിരവധി തവണ അവധി ചോദിച്ചതോടെയാണ് പണം പലവഴിക്ക് പോയതായി നിക്ഷേപകര്‍ക്കു ബോധ്യമായത്. നിക്ഷേപകരില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കെപിസിസി പ്രസിഡന്റിനെയും മുന്‍ഡിസിസി പ്രസിഡന്റിനേയും ഇവര്‍ സമീപിച്ചെങ്കിലും കൈയൊഴിയുകയായിരുന്നു. ഇതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി അധികൃതരെ സമീപിച്ചത്.
മുഴപ്പിലങ്ങാട് സ്കൂളിനടുത്ത വാടകക്കെട്ടിടത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് കണ്‍സ്യൂമര്‍ സ്റ്റോര്‍ തുടങ്ങിയിരുന്നെങ്കിലും വൈകാതെ പൂട്ടി. വായ്പയെടുക്കാത്ത നിരവധി പേര്‍ക്ക് തിരിച്ചടക്കാനുള്ള നോട്ടീസും വന്നിട്ടുണ്ട്. വായ്പയെടുത്തവര്‍ തിരിച്ചടച്ചത് കണക്കില്‍ കാണിക്കാതെയും തട്ടിപ്പ് നടത്തി. സഹകരണവകുപ്പ് അധികൃതരുടെ പരിശോധനയില്‍ സൊസൈറ്റിയില്‍ കൃത്യമായ രേഖകളോ കണക്കുകളോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സാധാരണ പുസ്തകത്തിലാണ് വായ്പയുടെയും നിക്ഷേപത്തിന്റെയും മറ്റും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറയപ്പെടുന്നു. പലരുടെയും പേര് വായ്പയിനത്തില്‍ എഴുതിച്ചേര്‍ത്ത് പണം വകമാറ്റിയതായാണ് സൂചന.
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച 30 ലക്ഷം രൂപ നിക്ഷേപിച്ചവരടക്കം നാലുപേരാണ് എടക്കാട് പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: