കീവ്: ഉപയോഗശൂന്യമായ ചെര്‍ണോബില്‍ ആണവ നിലയം യുദ്ധത്തിന്റെ രണ്ടാം ദിവസം റഷ്യന്‍ സേന തിരക്കിട്ട് പിടിച്ചെടുത്തതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ഉക്രൈന്. ഏതെങ്കിലും യൂറോപ്യന്‍ രാഷ്ട്രങ്ങളോ അമേരിക്കയോ ആക്രമണം നടത്തിയാല്‍ ഉക്രൈനില്‍ ചെര്‍ണോബില്‍ ആണവനിലയം ഉപയോഗിച്ച് ഒരു പരിസ്ഥിതി ദുരന്തം സൃഷ്ടിക്കുകയാണ് റഷ്യയുടെ ഗൂഢലക്ഷ്യമെന്ന് ഉക്രൈന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഉക്രൈനില്‍ സൈനികമായി നാറ്റോയോ മറ്റ് രാഷ്ട്രങ്ങളോ ഇടപെട്ടാല്‍ പരിസ്ഥിതി ദുരന്തമുണ്ടാക്കുമെന്ന പരോക്ഷ ഭീഷണി നല്‍കുകയായിരുന്നു ചെര്‍ണോബില്‍ പിടിച്ചടക്കുക വഴി റഷ്യ മുന്നോട്ട് വെച്ച യുദ്ധതന്ത്രം.
1986ല്‍ യൂറോപ്പിലെ ഏറ്റവും വലിയ ആണവ ദുരന്തമുണ്ടായ നിലയമാണ് ചെര്‍ണോബില്‍ ആണവനിലയം. ഇപ്പോള്‍ ഈ പ്ലാന്റില്‍ റേഡിയോ ആക്ടീവ് മാലിന്യം കൈകാര്യം ചെയ്യലും അതിന്റെ സൂക്ഷിപ്പും മാത്രമാണ് നടക്കുന്നത്. തിരിച്ചറിയാല്‍ കഴിയാത്ത ചില ആണവ ശക്തികള്‍ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞതായി അന്താരാഷ്ട്ര ആണവ എനര്‍ജി ഏജന്‍സിയെ ഉക്രൈന് ഭരണാധികാരികള്‍ അറിയിച്ചിട്ടുണ്ട്.
ചെര്‍ണോബില്‍ ആണവനിലയം എന്തുചെയ്യാന്‍ പോകുന്നുവെന്ന് റഷ്യ ഔദ്യോഗകമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ വിദ്ഗധര്‍ പറയുന്നത് ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചെടുക്കുക വഴി നാറ്റോയ്ക്കും മറ്റ് രാഷ്ട്രങ്ങള്‍ക്കും കൃത്യമായ താക്കീതാണ് റഷ്യ നല്‍കിയത്- ‘നിങ്ങള്‍ ഒരിയ്ക്കലും സൈനികമായി ഉക്രൈനില്‍ ഇടപെടാന്‍ ശ്രമിക്കരുത്. ‘. അതിനര്‍ത്ഥം ഇടപെട്ടാല്‍ വന്‍ പാരിസ്ഥിതിക നാശം ഉക്രൈനിലും പരിസര രാജ്യങ്ങളിലും സൃഷ്ടിക്കാന്‍ റഷ്യയ്ക്ക് കഴിയുമെന്നതാണ്.
‘ചെര്‍ണോബില്‍ ഏറ്റവും ഗൗരവതരമായ ഭീഷണിയാണ്. ചെര്‍ണോബില്‍ സുരക്ഷിതമായ ആണവോര്‍ജ്ജ പ്ലാന്റാണെന്ന് പറയാന്‍ കഴിയില്ല. യൂറോപ്പിനാകെ ഭീഷണിയാണ് ചെര്‍ണോബില്‍’- ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുടെ ഉപദേശകനായ മൈഖെയ്ലോ പോഡോല്യാക് പറഞ്ഞു. അപകടകരമായ ന്യൂക്ലിയര്‍ റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെര്‍ണോബില്‍ നിലയത്തില്‍ ഉണ്ടെന്ന് ഉക്രൈന് ആഭ്യന്തരമന്ത്രാലയ കണ്‍സള്‍ട്ടന്റ് ആന്റണ്‍ ഗെരാഷ്ചെങ്കോയെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. റഷ്യ ചെര്‍ണോബില്‍ പിടിച്ചതോടെ മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിന് വഴിയൊരുങ്ങിയെന്ന് ഉക്രൈന് വിദേശമന്ത്രാലയം പറയുന്നു.
ഉക്രൈന് പ്രതിരോധത്തിന്റെ ഏറ്റവും ദുര്‍ബലമായ ബിന്ദുവായതിനാലാണ് അനായാസം ചെര്‍ണോബില്‍ പിടിക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞതെന്ന് യുകെയിലെ ഉക്രൈന് അംബാസഡര്‍ വാഡിം പ്രിസ്ടെയ്കോ പറയുന്നു. ആണവ വികിരണം മൂലം മലിനമായതിനാല്‍ ഈ മേഖല ഒരിയ്ക്കലും പട്ടാളക്കാരെ നിര്‍ത്തി സംരക്ഷിച്ചിരുന്നില്ല. അതാണ് കൃത്യമായി റഷ്യ മുതലെടുത്തത്. റഷ്യന്‍ ഭൂപ്രദേശത്തൂകൂടെയാണ് റഷ്യന്‍ പട്ടാളം ചെര്‍ണോബില്‍ പിടിക്കാനെത്തിയത്.
ഉക്രൈന് തലസ്ഥാനമായ കീവിന് അടുത്താണ് ചെര്‍ണോബില്‍ എന്നതും ഇതിന്റെ തന്ത്രപ്രാധാന്യം വര്‍ധിപ്പിക്കുന്നു. 2600 ചതുരശ്ര കിലോമീറ്റര്‍ കാട് ചെര്‍ണോബില്‍ മേഖലയ്ക്ക് ചുറ്റുമുണ്ട്. ഇത് ബെലാറസ്-ഉക്രൈന് അതിര്‍ത്തിയിലാണ് കിടക്കുന്നത്.
മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന സോവിയറ്റ് യൂണിയനില്‍ പരിഷ്കാരം ഏര്‍പ്പെടുത്തിയ ഭരണാധികാരി യഥാര്‍ത്ഥത്തില്‍ അധികാരത്തില്‍ നിന്നും തെറിച്ചത് ചെര്‍ണോബില്‍ ദുരന്തം കാരണമാണെന്ന് പറയുന്നു. 1986ല്‍ ഇവിടെ ഒരു ആണവപരീക്ഷണത്തിനിടയിലാണ് സ്ഫോടനം ഉണ്ടായത്. 28 പേര് കൊല്ലപ്പെട്ടു. 4000 പേര് അര്‍ബുദം ബാധിച്ച് മരിച്ചു. ആണവവികിരണമേറ്റാണ് ഇവര്‍ക്ക് അര്‍ബുദം ബാധിച്ചത്. ഉക്രൈനില്‍ നിന്നും 1500 കിലോമീറ്റര്‍ അകലെ കിടക്കുന്ന ബ്രിട്ടന് വരെയും ആണവബാധ ഉണ്ടായി. ഇപ്പോള്‍ ആണവവികിരണം മൂലം രോഗബാധയേറ്റ 20 ലക്ഷം പേര് ചികിത്സ തേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: