അബുദാബി : യെമനിലെ സായുധ വിമത സംഘമായ ഹൂതികളെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും ഭീകരപ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ. ഹൂതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഒരാളേയും അഞ്ച് സ്ഥാപനങ്ങളെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎഇ ക്യാബിനറ്റാണ് നിര്‍ദ്ദേശം നല്‍കിയത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് സാമ്പത്തിക പിന്തുണയും മറ്റ് തരത്തിലുള്ള സഹായവും നല്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ യുഎഇ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്. അബ്ദോ അബ്ദുള്ള ദാഇല്‍ അഹ്മദ് എന്ന വ്യക്തിയെയാണ് പുതിയതായി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് കൂടാതെ അല്‍ അല്മയ്യ എക്സ്പ്രസ് കമ്പനി ഫോര്‍ എക്സ്ചേഞ്ച് ആന്‍ഡ് റമിറ്റന്‍സ്, അല്‍ ഹദ്ദ എക്സ്ചേഞ്ച് കമ്പനി, മോസ് അബ്ദുള്ള ദായേല്‍ ഫോര്‍ ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട്്, വെസല്‍ ത്രീ ടൈപ്പ് ബള്‍ക് കാരിയര്‍, പെരിടോട്ട് ഷിപ്പിങ് ആന്‍ഡ് ട്രേഡിങ് എല്‍എല്‍സി എന്നീ കമ്പനികളേയാണ് നിലവില്‍ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സ്ഥാപനങ്ങളും വ്യക്തിയും സാധാരണ ജനങ്ങളെയും അവരുടെ വസ്തുവകകളെയും ആക്രമിക്കാനായി ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.
ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുമായോ വ്യക്തിയുമായോ സാമ്പത്തിക, വാണിജ്യ ഇടപാടുകള്‍ ഉള്ള എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളെയും കണ്ടെത്താനും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനും യുഎഇ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ സാമ്പത്തിക ആസ്തികള്‍ 24 മണിക്കൂറിനിടെ മരവിപ്പിക്കുന്നത് ഉള്‍പ്പെടെ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങള്‍ പ്രകാരം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: