കുന്നത്തൂര്‍: ജല്‍ ജീവന് മിഷന് സൗജന്യ കുടിവെള്ള പദ്ധതിയില്‍ നേട്ടം കൊയ്ത് പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ അയിത്തോട്ടുവ വടക്ക് 10-ാം വാര്‍ഡ്. എല്ലാവര്ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ജല്‍ ജീവന് പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആയതിനാല്‍ തന്നെ രാഷട്രീയ വൈരത്തിന്റെ പേരില്‍ പല പഞ്ചായത്തുകളും പദ്ധതി നടപ്പിലാക്കി പൂര്‍ത്തീകരിക്കാന്‍ വൈമനസ്യം കാട്ടുമ്പോഴാണ് പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ അയിത്തോട്ടുവ വടക്ക് 10-ാം വാര്‍ഡില്‍ പദ്ധതി ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.
വാര്‍ഡില്‍ കുടിവെള്ള പൈപ്പ് കണക്ഷന് ഇല്ലാത്ത എല്ലാ കുടുംബങ്ങളിലും പദ്ധതി വഴി കുടിവെള്ളം ലഭ്യമാക്കി. വാര്‍ഡ് മെമ്പര്‍ എന്‍. ഓമനക്കുട്ടന് പിള്ളയുടെ നിതാന്ത പരിശ്രമമാണ് വാര്‍ഡിനെ ഈ നേട്ടത്തിലെത്തിച്ചത്. ബിജെപി ജില്ലാ കമ്മറ്റി അംഗം കൂടിയായ എന്‍. ഓമനക്കുട്ടന്‍പിള്ള ഇത് രണ്ടാം തവണയാണ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്. രാഷട്രീയ ഭേദമന്യേ വാര്‍ഡിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ നടപ്പിലാക്കുന്നത്. ഏറെ നാളായി തകര്‍ന്ന് കിടക്കുന്ന ഐക്കരഴികത്ത് – കാട്ടിശേരില്‍ മുക്ക് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വാര്‍ഡിലെ പ്രധാന റോഡായ മലയാറ്റുമുക്ക് – താമര ഭാഗം റോഡിന്റെ പുനര്‍നിര്‍മാണത്തിനായി ടെണ്ടര്‍ നടപടികളെല്ലാം പൂര്‍ത്തീകരിച്ചു. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ നടപ്പാക്കാന്‍ പോകുന്നതെന്നും എന്‍. ഓമനക്കുട്ടന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: