തിരുവനന്തപുരം: രാജ്ഭവന് പുതിയ കാര്‍ വാങ്ങാനുള്ള തുക അനുവദിച്ചു. ലക്ഷ്യം രാജ്ഭവനെയും ഗവര്‍ണറെയും പ്രതിരോധത്തിലാക്കാന്‍.
2019ല്‍ ആണ് പുതിയ കാര്‍ വാങ്ങാനുള്ള നിര്‍ദ്ദേശം രാജ്ഭവനില്‍ നിന്നും അയക്കുന്നത്. ആരിഫ് മുഹമ്മദ്ഖാന് ചുമതയേല്‍ക്കുന്നത് 2020ലും. പത്തു വര്‍ഷം പിന്നിട്ട വാഹനം ആണെന്നും അതിനാല്‍ വാഹനം മാറ്റണമെന്നും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം. നിലവിലെ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞു. വാഹനം മാറ്റണമെന്ന മെക്കാനിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കമാണ് അന്ന് കത്ത് അയച്ചത്.
അതിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ആരിഫ് മുഹമ്മദ്ഖാന് കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. വര്‍ഷം രണ്ട് കഴിയുകയും ചെയ്തു. എന്നിട്ടും വാഹനം വാങ്ങണമെന്ന ആവശ്യത്തില്‍ നടപടികളെടുത്തിരുന്നില്ല. അതേസമയം മുഖ്യമന്ത്രിയുടെ വാഹനം മാറ്റി പുതിയത് വാങ്ങുകയും ചെയ്തു.
എന്നാല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ കോടികള്‍ ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ച് ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇടത്, വലത് സര്‍ക്കാരുകള്‍ കാലങ്ങളായി ചെയ്യുന്ന ധൂര്‍ത്ത് പുറത്താകുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനായി ഗവര്‍ണര്‍ പുതിയ വാഹനം ആവശ്യപ്പെട്ട കത്തിന്റെ വിവരം ഇടത് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടു. അതേസമയം താന്‍ കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യക്ക് അനുവദിച്ച കാറാണ് ഉപയോഗിക്കുന്നതെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. അതോടെ ആരിഫ് മുഹമ്മദ്ഖാന് വാഹനം ആവശ്യപ്പെട്ടെന്ന അവകാശ വാദം പൊളിഞ്ഞു.
ഇതിനെ മറികടക്കാനാണ് രണ്ട് വര്‍ഷം മുമ്പ് രാജ് ഭവന് ആവശ്യപ്പെട്ട കാറിന് തുക അനുവദിച്ചത്. പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ 85.18 ലക്ഷം രൂപയാണ് അനുവദിച്ചത്. ബെന്‍സിന്റെ ജിഎല്‍ഇ ക്ലാസിലുള്ള വാഹനമാണ് വാങ്ങുന്നത്. ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ രാജ്ഭവന് വാഹനം സ്വീകരിക്കാതിരിക്കാന്‍ ആകില്ല. ഇതോടെ ഗവര്‍ണറും ധൂര്‍ത്താണ് നടത്തുന്നതെന്ന് പ്രചരിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: