കണ്ണൂര്‍: പയ്യാമ്പലം പാര്‍ക്കിന്റെ നവീകരണം അവസാനഘട്ടത്തില്‍. പാര്‍ക്ക് നവീകരണവും അഡ്വെന്ചര് പാര്‍ക്ക് നിര്‍മാണവുമായി രണ്ടു കോടിയുടെ പദ്ധതികളാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ബീച്ചിനെയും പാര്‍ക്കിനെയും ബന്ധിപ്പിച്ചു 99 ലക്ഷം രൂപയുടെ സാഹസിക ടൂറിസം പദ്ധതിയാണ് നടപ്പാക്കുന്നത്. ഏറെ നാളുകളായി പാര്‍ക്ക് കാടുമൂടി കിടക്കുകയായിരുന്നു. ഇവിടുത്ത ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഡിടിപിസിയുടെ നേതൃത്വത്തില്‍ തുരുമ്പെടുത്ത ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുകയും കാടുകള്‍ വെട്ടിതെളിക്കുകയും ചെയ്തു. രണ്ടാഴ്ചക്കകം പാര്‍ക്ക് തുറന്നു നല്‍കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ആദ്യത്തെ പോലെ എന്‍ട്രി പാസ് മുഖേനയായിരിക്കും പാര്‍ക്കില്‍ പ്രവേശിക്കാനാവുക. പാര്‍ക്കിന്റെ നവീകരണ പ്രവൃത്തി രണ്ടു വര്‍ഷമായി ഇഴയുകയായിരുന്നു. കൊവിഡ് ഒന്നാം തരംഗത്തിനുശേഷം തുരുമ്പെടുത്ത ചില ഉപകരണങ്ങള്‍ മാറ്റിയതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടന്നിരുന്നില്ല. എന്നാല്‍, നിലവില്‍ ഉപ്പു കാറ്റേറ്റു നശിക്കാത്തവിധത്തിലുള്ള പുതിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. 99 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ബജറ്റിലാണ് പദ്ധതി പൂര്‍ത്തികരിക്കുന്നത്. പാര്‍ക്കിലെ ശൗചാലയത്തിന്റെ പണി പൂര്‍ത്തിയായത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കാടുമൂടി നശിച്ച അമ്മയും കുഞ്ഞും മണല്‍ ശില്‍പ്പത്തിന്റെ പുനഃപ്രവൃത്തിയ്ക്കായി ശില്‍പ്പിക്ക് ഡിടിപിസി കത്ത് നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ക്കിടയില്‍ സാഹസിക വിനോദങ്ങള്‍ പരിചയപ്പെടുത്താനാണ് പയ്യാമ്പലം പാര്‍ക്കില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ആരംഭിക്കുന്നത്. പാര്‍ക്കിന്റെ ഇടതുവശത്തായാണ് അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. നിലവില്‍ പാര്‍ക്കിലെ ഇടതുഭാഗത്തായുള്ള സ്ഥലം മുതല്‍ ബീച്ച് വരെയുള്ള ഭാഗത്ത് സാഹസിക പാര്‍ക്കിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കും. ഇവിടെ സിപ്പ് ബൈക്ക്, വാലി ക്രോസിംഗ്, റോപ് സൈക്കിള്‍ തുടങ്ങിയ സാഹസിക വിനോദത്തിനാണ് ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്.
ലാന്‍ഡ്സ്കേപ്പ്, ഇരിപ്പിടങ്ങള്‍, നടപ്പാത എന്നിവയും നിര്‍മിച്ചു മനോഹരമാക്കും. കൊച്ചി ആസ്ഥാനമായുള്ള വാപ്കോസ് ലിമിറ്റഡ് കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. മറ്റു തടസങ്ങള്‍ ഇല്ലെങ്കില്‍ മാര്‍ച്ച് 31നകം പണി പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: