ബെംഗളൂരു: ബജ്രംഗദള് പ്രവര്ത്തകന് ഹര്‍ഷയുടെ കൊലപാതകം കേരള മോഡല്‍ ഭീകരതയെന്ന് ബിജെപി എംപിയും ദേശീയ യുവമോര്‍ച്ച അധ്യക്ഷനുമായ തേജസ്വി സൂര്യ. ഹര്‍ഷയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ഷയുടെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായി കാണാതെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുത്വത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത സമര്‍പ്പിത ബജ്രംഗദള് പ്രവര്‍ത്തകനായിരുന്നു ഹര്‍ഷ. കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദികളാണ് ഹര്‍ഷയെ കൊന്നത്. ഇതാദ്യമായല്ല കര്‍ണാടകയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത് ഭീകരതയുടെ കേരള മാതൃകയാണ്. പിഎഫ്ഐ, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് കര്‍ണാടകയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
അധികാരികളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇത് കൊലപാതകമല്ല, ഭീകര പ്രവര്‍ത്തനമാണ്. ഐപിസി സെക്ഷന്‍ 302 പ്രകാരം ഇത് കൊലപാതകമായി അന്വേഷിക്കരുത്. കുറ്റവാളികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കുറ്റം ചുമത്തണം. കൊലപാതകങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കാന്‍ അധികാരികള്‍ ആരെയും അനുവദിക്കരുതെന്നും ഇത് അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നടത്തുന്നതല്ല. ഹര്‍ഷ ഹിന്ദുത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ മാത്രമാണ് അവര്‍ ഇത് ചെയ്തത്. തല്‍ഫലമായി ഇത് കൊലപാതകത്തേക്കാള്‍ ഭീകരപ്രവര്‍ത്തനമാണ്.
ഈ സംഘടനകള്‍ക്കെല്ലാം മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുണ്ട്. പിഎഫ്ഐ, കെഎഫ്ടി, ക്യാമ്പസ്ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ക്ക് കേരളം, ഉത്തര്‍പ്രദേശ്, ഗോവ, രാജസ്ഥാന് എന്നിവിടങ്ങളില്‍ ബന്ധമുണ്ട്. ഹര്‍ഷയെയും മറ്റ് വലതുപക്ഷ പ്രവര്‍ത്തകരെയും കൊലപ്പെടുത്തിയവര്‍ സുപാരി (വാടക) കൊലയാളികള്‍ മാത്രമായിരുന്നു, അതേസമയം അവരുടെ സൂത്രധാരന്മാര് തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ, പിഎഫ്ഐ, സിഎഫ്ഐ എന്നീ സംഘടനകളെ രാജ്യത്ത് നിന്നുതന്നെ നിരോധിക്കണം. കോണ്‍ഗ്രസിനെ പോലെ ഹറാം സര്‍ക്കാരല്ല നമ്മുടേത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഹിന്ദു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ എഫ്ഐആറുകള്‍ മാറ്റി. ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തൂക്കിക്കൊല്ലാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ നോക്കും, ഇതാണ് ഞങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: