കുന്നത്തൂര്‍: വേനല്‍ കടുക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്തിട്ടും കുന്നത്തൂര്‍ താലൂക്കില്‍ ഉപകനാല്‍ തുറക്കാന്‍ നടപടി ആയില്ല. ഒരു മാസം മുമ്പ് തന്നെ കല്ലട പദ്ധതിയുടെ വലതുകര കനാല്‍ തുറക്കുകയും പ്രധാന കനാലുകളില്‍ വെള്ളമെത്തുകയും ചെയ്തിരുന്നു. ശാസ്താംകോട്ട മേഖലയിലെ ഉപകനാലുകള്‍ തുറക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇക്കാരണത്താല്‍ പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളില്‍ ജലക്ഷാമവും കുടിവെള്ളക്ഷാമവും രൂക്ഷമാണ്. മുന്‍വര്‍ഷങ്ങളില്‍ ജനുവരി മാസത്തില്‍ തന്നെ കനാല്‍ തുറന്നിരുന്നു. എന്നാല്‍ ഇത്തവണ ഫെബ്രുവരിയായിട്ടും കനാല്‍ തുറന്നില്ല.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ ശുചീകരണം പഞ്ചായത്തുകളില്‍ വൈകിയതോടെ വെള്ളമൊഴുക്ക് പിന്നെയും നീണ്ടു. പ്രതിഷേധം ശക്തമായതോടെ കനാല്‍ ശുചീകരിക്കാതെ നിലവിലെ സ്ഥിതിയില്‍ വെള്ളമൊഴുക്കുകയായിരുന്നു. എന്നിട്ടും ഉപകനാലുകളിലേക്ക് വെള്ളം തുറന്നു വിട്ടില്ല.
കനാല്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ പാടശേഖരങ്ങളിലടക്കം വിവിധ മേഖലകളില്‍ കൃഷി ഇറക്കിയ കര്‍ഷകരും ജലദൗര്‍ലഭ്യം കാരണം വലയുകയാണ്. വേനല്‍ കാരണം താലൂക്കിലെ ഒട്ടുമിക്ക മേഖലയിലെയും കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും വറ്റിവരണ്ടു. കനാല്‍ തുറന്നാല്‍ ഉറവകളായി വെള്ളമൊഴുകുകയും കിണറുകളും മറ്റും ജലസമൃദ്ധമാകുകയും ചെയ്യും. എന്നാല്‍ കനാലുകള്‍ വൃത്തിയാക്കാത്തതാണ് വെള്ളമൊഴുക്കുന്നതിന് തടസമായതെന്നും പ്രധാന കനാലുകള്‍ ശുചീകരിക്കാനാണ് വീണ്ടും അടയ്ക്കേണ്ടി വന്നതെന്നുമാണ് കെഐപി അധികൃതരുടെ നിലപാട്. എന്നാല്‍ പ്രധാന കനാലുകളും ഉപകനാലുകളും ഉള്‍പ്പെടെ ശുചീകരണം പൂര്‍ത്തിയായെങ്കിലും വെള്ളമൊഴുക്കുന്നത് വീണ്ടും വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: