കോഴിക്കോട്: റവന്യൂവകുപ്പിലെ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ കളക്ടറേറ്റില്‍ എന്‍ജിഒ യൂണിയന് നടത്തിവന്ന സമരം അവസാനിപ്പിച്ചു. വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. പത്ത് വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം റദ്ദാക്കാമെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുനല്‍കിയെന്ന് എന്‍ജിഒ യൂണിയന് അറിയിച്ചു.
എന്നാല്‍ സിപിഎം അനുകൂല സംഘടനയായ എന്‍ജിഒ യൂണിയന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ജോയിന്റ് കൗണ്‍സില്‍. എന്‍ജിഒ യൂണിയന് ജനങ്ങളോട് മാപ്പ് പറയണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അഞ്ചുപേരുടെ സ്ഥലംമാറ്റമാണ് റദ്ദാക്കിയതെന്നും ഇതിനാണ് ഇത്രയും ദിവസം കളക്ടറേറ്റ് സ്തംഭിപ്പിച്ചതെന്നും ജോയിന്റ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. സമരം അനാവശ്യമാണെന്നായിരുന്നു സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ തുടക്കം മുതലുള്ള നിലപാട്.
ഇന്നലെ രണ്ട് തവണ സമരക്കാരുമായി കളക്ടർ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു കളക്ടര്‍. എച്ച്സി, ആർ ഐ, വില്ലേജ് ഓഫീസർ റാങ്കിലുള്ള 16 ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ട് ഈമാസം 10ന് ഇ റങ്ങിയ ഉത്തരവിനെതിരെയാണ് എൻ ജി ഒ യൂണിയൻ സമരം നടത്തിയത്. കളക്ടറേറ്റിന്റെ പ്രവർത്തനം അവതാളത്തിലാക്കിയുള്ള സമരം 11 ദിവസം നീണ്ടു. ഇത് ജില്ലയിൽ ഭരണസ്തംഭനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
സിപിഐ മന്ത്രിയുടെ കീഴിലുള്ള റവന്യൂ വകുപ്പിൽ ജോയിൻ്റ് കൗൺസിൽ നേതാക്കളുടെ താല്പര്യപ്രകാരമാണ് സ്ഥലം മാറ്റം നടന്നതെന്നാണ് എൻ ജി ഒ യൂണിയൻ ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: