ബെംഗളൂരു : കര്‍ണ്ണാടകയിലെ ശിവമൊഗ്ഗയില്‍ ബജരംഗദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 12 ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചനയില്‍ നിരവധി പേര്‍ക്ക് പങ്കുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്. നിലവില്‍ പിടിയിലായവരെല്ലാം ശിവമൊഗ്ഗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമ്പസ്സ് ഫ്രണ്ടുകാരാണ്. കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. കേസില്‍ 12ല്‍ അധികം ആളുകളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.
ശിവമൊഗ്ഗ സീഗാഹട്ടി സ്വദേശിയായ ഹര്‍ഷ ഞായറാഴ്ചയാണ് കൊല്ലപ്പെടുന്നത്. കാറിലെത്തിയ അക്രമിസംഘം ഹര്‍ഷയെ വെട്ടിക്കൊല്ലുകയായിരുന്നു. കാമത്ത് ഒരു പെട്രോള്‍ പമ്പിന് സമീപത്ത് നില്‍ക്കുകയായിരുന്ന ഹര്‍ഷയെ അക്രമിസംഘം വെട്ടുകയായിരുന്നു. ബജ്രംഗദളിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഹര്‍ഷയ്ക്ക് മുമ്പും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
അഞ്ച് പേരാണ് ഹര്‍ഷയുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന കാസിം, സയ്യിദ്, നദീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര് ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
ബജറംഗ്ദള് റാലികള്‍ക്കിടെ പ്രദേശത്ത് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ശിവമൊഗ്ഗയില്‍ ഇന്നും ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധറാലി നടത്താനെത്തി. എന്നാല്‍ പോലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു. ശിവമൊഗ്ഗയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഒരു വിഭാഗത്തിന്റെ കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. ആക്രമണം നടന്നു. ശിവമൊഗ്ഗയില്‍ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഇന്നും സ്ഥലത്ത് കനത്ത പോലീസ് കാവലില്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതിനിടെ കൊലപാതകത്തിന് പിന്നില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെന്ന് ബിജെപി എംഎല്‍എ എം.പി. രേണുകാചാര്യ ആരോപിച്ചു. കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, ബി.കെ. ഹരിപ്രസാദ് അടക്കമുള്ളവര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: