തിരുവനന്തപുരം: വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാമനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യവസായികളെ ചൂഷണം ചെയ്യുന്ന അതിമോഹമുള്ള ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായികള്‍ നാടിനു വലിയ തോതില്‍ സേവനം ചെയ്യുന്നവരാണ്. അവരെ സമീപിക്കേണ്ടതും ആ രീതിയില്‍ത്തന്നെയാകണം. അവരോട് ശത്രുതാഭാവം ഉണ്ടാകരുത്. അപൂര്‍വം ചിലര്‍ക്കെങ്കിലും ഈ മനോഭാവമുണ്ടാകുന്നുവെന്നത് അതീവ നിര്‍ഭാഗ്യകരമാണ്. അതു പൂര്‍ണമായി ഉപേക്ഷിക്കണം. വല്ലാത്ത അതിമോഹത്തിന് ഇരയാകുന്ന ചില ഉദ്യോഗസ്ഥരുണ്ട്. വലിയ നിക്ഷേപം വരുമ്പോള്‍ അതിന്റെ തുക കണക്കുകൂട്ടി അതിന്റെ ഭാഗമായി ഒരു തുക നിശ്ചയിച്ച് അതു വേണമെന്നു പറയാന്‍ മടികാണിക്കാത്ത ചിലര്‍ കേരളത്തിലുണ്ടെന്നാണു കേള്‍ക്കുന്നത്. അത്തരം ആളുകള്‍ ജയിലില്‍ പോകേണ്ടിവരും. ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങളാണ് ഏതു സര്‍ക്കാരിന്റേയും യജമാനന്മാരെന്നു കാണണം. ഈ മനോഭാവത്തോടെയാകണം കാര്യങ്ങള്‍ നടക്കേണ്ടത്. നേട്ടങ്ങള്‍ക്കിടയിലും ഇത്തരം ചില പോരായ്മകള്‍ സംസ്ഥാനത്തു നിലനില്‍ക്കുന്നുണ്ട്. അതു തിരുത്താന്‍ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ വന്നതോടെ മുപ്പതിനായിരത്തോളം ഉദ്യോഗസ്ഥര്‍ ഒറ്റ വകുപ്പിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏകീകൃത വകുപ്പിനായുള്ള സ്റ്റേറ്റ് സര്‍വീസ് സ്പെഷ്യല്‍ റൂള്‍സും സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സും രൂപപ്പെടുത്തുന്നത് അവസാന ഘട്ടത്തിലാണ്. വകുപ്പിന്റെ സംഘടനാ രൂപം തയാറായിക്കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥ വിന്യാസം കൃത്യ നിര്‍വഹണ കാര്യക്ഷമമാക്കാനുതകുംവിധമായിരിക്കും. മൂന്നു തട്ടില്‍ത്തന്നെ തീരുമാനമെടുക്കാന്‍ കഴിയുന്ന സംവിധാനവും വകുപ്പില്‍ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: