മുംബൈ: സമീര്‍ വാങ്കഡെയ്ക്കെതിരെ പ്രതികാര നടപടി തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ബാര്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ വയസ് കുറച്ചു കാണിച്ചുവെന്ന് ആരോപിച്ച് കൊപ്രി പോലീസ് സമീര്‍ വാങ്കഡെയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥന് ശങ്കര്‍ ഗൊഗാവാലെയുടെ പരാതിയിലാണ് പോലീസിന്റെ നടപടി.
1996-97 കാലത്ത് സ്വന്തമാക്കിയ താനെയിലെ സദ്ഗുരു ബാര്‍ ലൈസന്‍സിന്റെ പേരിലാണ് നടപടി. അന്ന് സമീര്‍ വാങ്കഡെയ്ക്ക് രേഖകള്‍ പ്രകാരം 18 വയസായിരുന്നില്ലെന്ന് എക്സൈസ് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായെന്ന് കാണിച്ച് മുദ്രപത്രങ്ങളില്‍ സമീര്‍ വാങ്കഡെ ഒപ്പുവെയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ ഇത്തരം ലൈസന്‍സ് കൈവശം വെയ്ക്കുന്നത് സര്‍വ്വീസ് റൂളുകള്‍ക്ക് എതിരാണെന്നും പരാതിയില്‍ പറയുന്നു. 1997 ഒക്ടോബര്‍ 27 നാണ് ലൈസന്‍സ് ലഭിച്ചത്. അന്ന് വാങ്കഡെയ്ക്ക് 18 വയസില്‍ താഴെയായിരുന്നുവെന്ന് ലൈസന്‍സ് റദ്ദാക്കിയ ഉത്തരവില്‍ കളക്ടര്‍ പറയുന്നു. 21 വയസ് തികഞ്ഞതിന് ശേഷം മാത്രമേ ഇത്തരം ലൈസന്‍സുകള്‍ക്കായി കരാറില്‍ ഏര്്പ്പെടാന് കഴിയുകയുളളൂവെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. ബാറിന്റെ ലൈസന്‍സ് കളക്ടര്‍ റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെയുളളവരെ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. സമീര്‍ വാങ്കഡെ വ്യാജ ജാതി സര്‍ട്ടിഫിക്കേറ്റിന്റെ ബലത്തിലാണ് ജോലിയില്‍ കയറിയതെന്ന് ഉള്‍പ്പെടെയുളള ആരോപണങ്ങളാണ് നവാബ് മാലിക് ഉന്നയിച്ചത്. ഇതിനെതിരെ വാങ്കഡെയുടെ കുടുംബം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: