മലയാളം പറയുവാനും മാതൃഭാഷയാണെന്നോര്ക്കുവാനും മടിക്കുന്ന മലയാളികള്‍ക്കിടയില്‍ ‘മലയാള ഭാഷതന്മതിമോഹനസൗഭഗം മരിയ്ക്കാതിരിക്കേണം മറക്കാതിരിക്കേണം-നാം എന്നെന്നും മറക്കാതിരിക്കേണം എന്ന് ‘കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും’ എന്നാരംഭിക്കുന്ന പ്രശസ്ത സിനിമാ ഗാനത്തിന്റെ മനോഹരമായ പാരഡിയുമായി കാല്‍നൂറ്റാണ്ടായി ആസ്വാദകരുടെ മനം കവര്‍ന്ന് മാങ്കുളം ജി.കെ. നമ്പൂതിരിയും കുടുംബവും. കായംകുളം കണ്ടല്ലൂര്‍ ഗ്രാമത്തില്‍ കലാശാസ്ത്രപാരമ്പര്യമുള്ള മാങ്കുളം തറവാട്ടിലെ ജി.കെ.നമ്പൂതിരിക്ക് മലയാളത്തിനോട് കൗമാരം മുതലേ കടുത്ത പ്രണയമാണ്.
ശാസ്ത്രവിഷയങ്ങളില്‍ നല്ല മാര്‍ക്കുണ്ടായിരുന്നിട്ടും ബിരുദബിരുദാനന്തര പഠനങ്ങള്‍ക്ക് മലയാളം പ്രധാന വിഷയമായി എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ പ്രേമം തന്നെയാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ മലയാള അദ്ധ്യാപകനായിരുന്ന മാങ്കുളത്തിന് ഗണിത ശാസ്ത്രബിരുദധാരിണിയും സംഗീതജ്ഞയുമായ എ.ഇ. ശ്രീകുമാരി ജീവിത സഖി ആയതോടെയാണ് ‘മലയാളമാധുരി’ എന്ന പരിപാടി ആവിഷ്ക്കരിച്ച് നിരവധി വേദികളെ മലയാളത്തിന്റെ രുചിയും പ്രൗഢിയും പ്രചരിപ്പിക്കാനായത്.തന്റെ ആദ്യവിദ്യാലയമായ പുതിയവിള ഗവണ്മെന്റ് എല്‍.പി.എസില്‍ തുടക്കം കുറിച്ച ഈ പരിപാടി ഇപ്പോള്‍ കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമായി ആയിരത്തിലധികം വേദികള്‍ പിന്നിട്ടിരിക്കുന്നു. അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളിലും ക്ഷണം ലഭിച്ചിട്ടുണ്ട്.
കമ്പ്യൂട്ടര്‍ സയന്‍സും സംഗീതവും പഠിച്ച ഏക മകന് ഹരിഗോവിന്ദ് മലയാളത്തില്‍ ബിരുദബിരുദാനന്തര ബിരുദങ്ങളും ബിഎഡും എടുപ്പിച്ച് സ്വന്തം കുടുംബത്തില്‍ തന്നെ ആദ്യം മലയാളത്തെ പ്രതിഷ്ഠിച്ച് മാതൃക കാട്ടിയ ഇദ്ദേഹത്തിന് ഇന്ന് അമേരിക്കയിലും ഏതാനും മലയാളം വിദ്യാര്‍ത്ഥികളുണ്ട്. മലയാള ഭാഷയുടെയും കവിതയുടെയും മഹിമകള്‍ അനാവരണം ചെയ്യുന്ന, കഥാപ്രസംഗം, പാഠകം, ഹരികഥ എന്നീ പ്രാചീന കലകളുടെ ഭാവവിശേഷതകള് സമന്വയിപ്പിച്ച, തികച്ചും നവീനമായ സംഗീതാത്മക കവിതാ ശില്പശാലയാണ് മലയാളമാധുരി. മലയാളത്തിലെ ആദികാവ്യമായ രാമചരിതം മുതല്‍ ആധുനിക കവിതകള്‍ വരെ നീളുന്ന കാവ്യാപഗ്രഥനം നടത്തി.ഓരോ കാവ്യപ്രസ്ഥാനത്തിന്റെയും സവിശേഷതകള്‍ വിവരിച്ച് ആസ്വാദകരിലേക്കിറങ്ങി ചെല്ലുന്നു. ഒപ്പം നാടന്‍ പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍, ക്രിസ്ത്യന്‍ ഗാനങ്ങള്‍ തുടങ്ങിയവയും, ഇടയ്ക്കിടെ രസകരവും വിജ്ഞാനപ്രദവുമായ പാരഡികളും കോമഡികളും ഈരടികളുമായി അരങ്ങു കൊഴുപ്പിക്കുന്നു.
മലയാള കവിതയ്ക്ക് മലയാള സിനിമാ രംഗത്തുള്ള സ്വാധീനം വ്യക്തമാക്കുന്ന ഗാനാവതരണങ്ങളും തബല, കീബോര്‍ഡ്, പുല്ലാങ്കുഴല്‍, റിഥംപാഡ്, ഹാര്‍മോണിയം തുടങ്ങിയ വാദ്യോപകരണങ്ങളുടെ സാന്ദ്രനാദലയവും കേരളീയ ദൃശ്യകലകളുടെ വീഡിയോ പ്രദര്‍ശനവും ഉള്‍ക്കൊണ്ട് രണ്ടുമണിക്കൂര്‍ നീളുന്ന ഈ പരിപാടി അവതരണ ഗാനത്തോടെ സമാരംഭിച്ച് ‘ജനനി തുല്ല്യയാം മലയാളത്തിനായ് ഒരുമയോടെന്നും കൈകള്‍ കോര്‍ക്ക നാം കീര്ത്തിചൊല്ലിടാം വാഴ്ത്തിപ്പാടിടാം മംഗളം മംഗളം മംഗളം’ എന്നിങ്ങനെ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന ഭക്തിഗാനത്തിന്റെ മട്ടിലുള്ള മലയാള സ്തുതിയുടെ മംഗളം പാടിയാണ് മലയാള മാധുരി അവസാനിപ്പിക്കുന്നത്. അനേകം ഭാഷാ പണ്ഡിതന്മാരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ ഈ സംരംഭത്തിന്റെ മികവിനെ ആധാരമാക്കി 2014 ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, 2015ല്‍ ‘ഗ്ലോബല്‍ ടീച്ചര്‍’ പുരസ്കാരം, 2016 ല്‍ ‘ശിക്ഷക് രത്ന’ ബഹുമതി എന്നിവയ്ക്ക് മാങ്കുളം അര്‍ഹനായി.
അദ്ധ്യാപകന് എന്നതിലുപരി സാഹിത്യകാരന്, പ്രഭാഷകന്‍, ജീവിത എഴുന്നള്ളത്തു കലാകാരന്, പാരമ്പര്യ വിഷചികിത്സകന്‍ തുടങ്ങിയ നിലകളിലും മാങ്കുളം പ്രശസ്തനാണ്. റേഡിയോ, ടി.വി മാധ്യമങ്ങളില്‍ നിരവധി പരിപാടികള്‍ അവതരിപ്പിക്കുകയും ഏഴ് പുസ്തകങ്ങള്‍ രചിക്കുകയും (ഇവയില്‍ രണ്ടെണ്ണം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.) അഞ്ഞൂറോളം കവിയരങ്ങുകളില്‍ ശ്രദ്ധേയനായ മാങ്കുളത്തിന് ഇന്നും നാവില്‍ രുചിയേറും തേനും വയമ്പും പോലെ തന്നെയാണ് മാധുര്യമൂറുന്ന മലയാളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: